കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസ്: പ്രതി പത്മകുമാറിന്റെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും ബന്ധുവിനും നേരെ ആക്രമണം

Dec 5, 2023 - 15:21
 0
കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസ്: പ്രതി പത്മകുമാറിന്റെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും ബന്ധുവിനും നേരെ ആക്രമണം

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്തൃസഹോദരനും നേരേ ആക്രമണമുണ്ടായതായി പരാതി. ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന്‍ ബിജുവിനുമാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലുപേരാണ് ആക്രമണം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോളച്ചിറ തെങ്ങുവിള സ്‌കൂളിനുസമീപത്തുവെച്ച് ഓട്ടോയില്‍ എത്തിയവര്‍ മര്‍ദിക്കുകയായിരുന്നു. ബൈക്ക് ചവിട്ടിവീഴ്ത്തി മര്‍ദിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് ശേഷം സംഘം ഇവരെ വഴിയില്‍ ഉപേക്ഷിച്ച് പോയി. പിന്നീട് അതുവഴി വന്ന സ്ത്രീയാണ് വിവരം വാര്‍ഡ് മെമ്പറെ അറിയിച്ചത്. ഇരുവരേയും നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിജുവിന്റെ തലയിലെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പരവൂര്‍ പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു.

പത്മകുമാറിനെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ ഷീബയെ കൊലപ്പെടുത്തുമെന്ന് ഞായറാഴ്ച വൈകിട്ട് ഷാജിയെ ഫോണില്‍ വിളിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഫോണ്‍ ചെയ്ത ആളുടെ പേരുള്‍പ്പെടെ വ്യക്തമാക്കി രാത്രിതന്നെ പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നാണ് ആക്ഷേപം.

What's Your Reaction?

like

dislike

love

funny

angry

sad

wow