'ടോയ്‌ലറ്റ് അല്ലാതെ ആഡംബരമില്ല; 21 മന്ത്രിമാരും എസ്കോർട്ടും പോകുന്ന ചെലവ് കുറയ്ക്കാനാണ് നവകേരള ബസ്' മന്ത്രി ആന്റണി രാജു

Nov 15, 2023 - 22:26
 0
'ടോയ്‌ലറ്റ് അല്ലാതെ ആഡംബരമില്ല; 21 മന്ത്രിമാരും എസ്കോർട്ടും പോകുന്ന ചെലവ് കുറയ്ക്കാനാണ് നവകേരള ബസ്' മന്ത്രി ആന്റണി രാജു

നവകരേള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ആഡംബര ബസ്സ് ഒരുക്കുന്നതിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. ബസ് മോടി പിടിപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാനാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാർ ചേർന്ന് നടത്തുന്ന യാത്രയാണ്. ഈ യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്‌കോട്ടും മറ്റ് സംവിധാനങ്ങളുമായി 75 വാഹനങ്ങള്‍ പോയാലുള്ള ചെലവെത്രയാണ്.

ഒന്നരമാസക്കാലം കാസര്‍കോട് നിന്ന് ഇവിടെവരെ ഇത്രയും വാഹനം ഓടിക്കുമ്പോള്‍ ചെലവ് വളരെ വലുതായിരിക്കും. ബസില്‍ യാത്രചെയ്യുമ്പോള്‍ ചെലവ് കുറയുകയാണ്. 25 സീറ്റുള്ള ബസ് പിന്നീട് ബജറ്റ് ടൂറിസത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 18 ആം തിയതി ബസിൽ നിന്നായിരിക്കും നവകരേള സദസ്സിനായി യാത്ര തിരിക്കുക. രഹസ്യ കേന്ദ്രത്തിലല്ല ബസ് നിർമാണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പിന്‍റെ ഉത്തരവ്. ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. നവകേരള സദസിനുള്ള പ്രത്യേക ബസിന്‍റെ നിർമാണം ബെംഗളൂരുവിൽ നടന്നുവരികയാണ്. സർക്കാർ ഉപയോഗത്തിന് ബസ് വാങ്ങാൻ 1.05 കോടി രൂപ അനുവദിച്ച് നവംബർ പത്തിനാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്.ബജറ്റിൽ നീക്കിവെച്ച തുകയ്ക്ക് പുറമെ അധികഫണ്ടായാണ് ബസിന് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിന് ബാധകമല്ലെന്നും ധനവകുപ്പ് ഉത്തരവിൽ പറയുന്നു.

അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്‍റെ അനുമതി ആവശ്യമാണ്. ഇത് മറികടക്കാനാണ് ട്രഷി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയത്. ബസ് വാങ്ങുന്നതിനുള്ള ചെലവ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പിന്‍റെ പേരിലാണ് വകയിരുത്തിയിരിക്കുന്നത്. ഈ ബസ് നിർമിക്കുന്നതിന് പണം ആവശ്യപ്പെട്ട് സെപ്റ്റംബർ 25നാണ് സ്വിഫ്റ്റിന്‍റെ പേരിൽ കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ ധനവകുപ്പിന് കത്ത് നൽകിയത്. ഇത് പരിഗണിച്ച ഒക്ടോബർ എട്ടിന് ഫയലിൽ അനുകൂല തീരുമാനം രേഖപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് നവംബർ പത്തിന് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow