വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ 200 റൺസിന്റെ വമ്പൻ ജയം; പരമ്പര ഇന്ത്യയ്ക്ക്
വമ്പൻ ജയത്തോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ആതിഥേയരെ 200 റണ്‍സിന് തകര്‍ത്താണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പരമ്പര നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തതോടെ വിന്‍ഡീസിന് പിടിച്ചുനില്‍ക്കാനായില്ല.
ഇന്ത്യ ഉയര്‍ത്തിയ 352 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 35.3 ഓവറില്‍ വെറും 151 റണ്‍സിന് എല്ലാവരും പുറത്തായി. കളിയിലെ താരമായി ശുഭ്മാന്‍ ഗില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇഷാന്‍ കിഷനാണ് പരമ്പരയുടെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആക്രമിച്ച് കളിച്ച ഇരുവരും വെറും 13.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചുറി നേടി. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കിഷന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. പിന്നാലെ ഗില്ലും അര്‍ധസെഞ്ചുറി കണ്ടെത്തി.
19ാം ഓവറിലെ നാലാം പന്തില്‍ യാന്നിക് കാരിയയുടെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച കിഷനെ ഷായ് ഹോപ്പ് സ്റ്റംപ് ചെയ്ത് പുറത്താക്കി. 64 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 77 റണ്‍സെടുത്താണ് ഇഷാൻ കിഷൻ ക്രീസ് വിട്ടത്. ആദ്യ വിക്കറ്റില്‍ ഗില്ലിനൊപ്പം 143 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും താരത്തിന് സാധിച്ചു
പിന്നാലെ വന്ന ഋതുരാജ് ഗെയ്ക്‌വാദ് നിരാശപ്പെടുത്തി. വെറും എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ അല്‍സാരി ജോസഫ് പുറത്താക്കി. നാലാമനായി ക്രീസിലെത്തിയ മലയാളിതാരം സഞ്ജു സാംസണ്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. നേരിട്ട രണ്ടാം പന്തില്‍ തന്നെ ട്വന്റി 20 ശൈലിയില്‍ ബാറ്റുവീശിയ സഞ്ജു അനായാസം സ്‌കോര്‍ ഉയര്‍ത്തി. ഗില്ലിനൊപ്പം ടീം സ്‌കോര്‍ 200 കടത്തിയ സഞ്ജു പിന്നാലെ അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ മൂന്നാം അര്‍ധസെഞ്ചുറി കൂടിയാണിത്. വെറും 39 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്.
കഴിഞ്ഞ മത്സരത്തിൽ തന്നെ പുറത്താക്കിയ വിൻഡീസ് ലെഗ് സ്പിന്നർ യാനിക് കാരിയയെ തിരഞ്ഞുപിടിച്ച് ആക്രമിച്ചാണ് സഞ്ജു ഇന്നിങ്സ് ആരംഭിച്ചത്. നേരിട്ട രണ്ടാം പന്തിൽ തന്നെ കാരിയയെ സിക്സറിനു പറത്തിയ സഞ്ജു, ഓവറിലെ അവസാന പന്തിൽ വീണ്ടും ബോൾ ഗാലറിയിൽ എത്തിച്ചു. 3 സിക്സും ഒരു ഫോറുമടക്കം കാരിയയ്ക്കെതിരെ 10 പന്തിൽ 28 റൺസാണ് സഞ്ജു നേടിയത്. അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ സഞ്ജു പുറത്തായി. റൊമാരിയോ ഷെപ്പേര്‍ഡിന്റെ പന്തില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ച താരം ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 41 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സുമടക്കം 51 റണ്‍സെടുത്താണ് സഞ്ജു ക്രീസ് വിട്ടത്.
സഞ്ജു മടങ്ങിയ ശേഷം ക്രീസിലൊന്നിച്ച ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഗില്‍ പുറത്തായി. 92 പന്തില്‍ 11 ബൗണ്ടറികളുടെ സഹായത്തോടെ 85 റണ്‍സെടുത്താണ് ഗിൽ മടങ്ങിയത്. പിന്നാലെ വന്ന സൂര്യകുമാറിനെ കൂട്ടുപിടിച്ച് ഹാര്‍ദിക് അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 300 കടത്തി. 47-ാം ഓവറില്‍ 30 പന്തില്‍ 35 റണ്‍സെടുത്ത സൂര്യകുമാറിനെ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്താക്കിയെങ്കിലും ഹാര്‍ദിക് അടങ്ങിയില്ല. നായകന്‍ 52 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെ 70 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കം തന്നെ പിഴച്ചു. വെറും 88 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നിലംപൊത്തി. ഒന്‍പതാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച അല്‍സാരി ജോസഫ്-ഗുഡകേഷ് മോട്ടി സഖ്യമാണ് വിന്‍ഡീസിനായി അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഗുഡകേഷ് പുറത്താവാതെ 39 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. അള്‍സാരി ജോസഫ് 26 റണ്‍സെടുത്തു. മൂന്നാമനായി ഇറങ്ങിയ അലിക് അതനാസെ 32 റണ്‍സ് നേടി.ഇന്ത്യയ്ക്ക് വേണ്ടി ശാർദൂൽ ഠാക്കൂര്‍ നാലുവിക്കറ്റെടുത്തപ്പോള്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടി.
What's Your Reaction?