Onam Bumper| ലോട്ടറിയടിച്ച് സർക്കാർ; ഓണം ബംപർ ആദ്യദിനം റെക്കോഡ് വില്‍പന; കിട്ടിയത് 22.5 കോടി രൂപ
25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബംപർ ഭാഗ്യക്കുറിയിൽ ആദ്യ ദിവസം വിറ്റഴിഞ്ഞത് നാലര ലക്ഷം ടിക്കറ്റുകൾ. ഇത് റെക്കോഡാണ്. 500 രൂപയാണ് ടിക്കറ്റിന്റെ വില. ആദ്യ ദിവസം വിൽപന നടന്നത് 22.5 കോടി രൂപയുടെ ടിക്കറ്റുകളാണ്. വരുംദിവസങ്ങളിലും വില്‍പന പൊടിപൊടിക്കാനാണ് സാധ്യത. സാമ്പത്തിക പ്രയാസത്താൽ ബുദ്ധിമുട്ടുന്ന സർക്കാരിന് ഇത് ആശ്വാസമാകും.
മൺസൂൺ ബംപർ നറുക്കെടുപ്പിനുശേഷം വ്യാഴാഴ്ച രാവിലെ മുതലാണ് ഓണം ബംപർ ടിക്കറ്റ് വിൽപന സജീവമായത്. ആറുലക്ഷം ടിക്കറ്റുകളാണ് തുടക്കത്തിൽ ജില്ലാ ഓഫീസുകളിൽ എത്തിച്ചത്. ഇതിൽ നാലര ലക്ഷവും വിറ്റുപോയ സ്ഥിതിക്ക് ഇത്തവണ ടിക്കറ്റ് ക്ഷാമം ഉണ്ടാകുമോയെന്ന ആശങ്ക വിതരണക്കാർ ഭാഗ്യക്കുറി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ആവശ്യാനുസരണം ടിക്കറ്റുകൾ ലഭ്യമാക്കുമെന്ന് ലോട്ടറി ഡെപ്യൂട്ടി ഡയറക്ടർ രാജ് കപൂർ അറിയിച്ചു. പരമാവധി 90 ലക്ഷം ടിക്കറ്റുകൾ വരെ വിപണിയിലെത്തിക്കാൻ ലോട്ടറി വകുപ്പിനാകും.
കഴിഞ്ഞ വർഷത്തെ ഓണം ബംപർ വിൽപനയിൽ റെക്കോഡിട്ടിരുന്നു. 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. മുൻ വർഷത്തെക്കാൾ 18 ലക്ഷം ടിക്കറ്റുകളാണ് കൂടുതൽ വിറ്റത്. അന്നും ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. ടിക്കറ്റ് വിലയിൽ മാറ്റമില്ലെങ്കിലും സമ്മാനങ്ങളുടെ എണ്ണം ഇത്തവണ കൂട്ടിയിട്ടുണ്ട്. 125.54 കോടി രൂപയാണ് ആകെ സമ്മാനമായി നൽകുന്നത്.
What's Your Reaction?