ഗുസ്തിതാരങ്ങളെ തടഞ്ഞുവെച്ച നടപടിയെ അപലപിച്ച് രാജ്യാന്തര സമിതി; ഒപ്പം ഗുസ്തി ഫെഡറേഷന് മുന്നറിയിപ്പും
ചൊവ്വാഴ്ച ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഗുസ്തി താരങ്ങളെ തടഞ്ഞുവെച്ച സംഭവത്തിൽ ഇടപെട്ട് ഗുസ്തി രാജ്യാന്തര സമിതി. ഗുസ്തി താരങ്ങൾക്കെതിരായ നടപടിയെ അപലപിച്ച യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് (UWW) ദേശീയ ഗുസ്തി ഫെഡറേഷന് ശക്തമായ മുന്നറിയിപ്പും നൽകി.
നിശ്ചിത സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ ഫെഡറേഷൻ സസ്പെൻഡ് ചെയ്യുമെന്നാണ് യുണൈറ്റഡ് വേൾഡ് റസ്ലിംഗിന്റെ മുന്നറിയിപ്പ്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബിർജ് ഭൂഷൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് താരങ്ങൾ നടത്തി വരുന്ന സമരം പിന്തുടർന്നു വരികയാണെന്നും ഇന്ത്യയിലെ ഗുസ്തി താരങ്ങളുടെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും സമിതി വ്യക്തമാക്കി.
ബ്രിജ് ഭൂഷൺ സിംഗിനെതിരെ ഗുസ്തി താരങ്ങൾ സമരം പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് രാജ്യാന്തര സമിതി പ്രതികരിക്കുന്നത്. ഗുസ്തി താരങ്ങളുടെ പരാതികൾ ഗൗരവമുള്ളതാണെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും സമിതി ആവശ്യപ്പെട്ടു.
നാൽപ്പത്തിയഞ്ചു ദിവസത്തിനുള്ളിൽ ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇതിൽ വീഴ്ച്ച വരുത്തിയാൽ ഫെഡറേഷൻ സസ്പെൻഡ് ചെയ്യുമെന്നും മുന്നറിയിപ്പായി പറയുന്നു.
What's Your Reaction?