ബ്രഹ്മപുരത്തെ വേസ്റ്റ് ടു എനർജി പദ്ധതിയിൽ നിന്ന് സോൺടയെ മാറ്റി സര്‍ക്കാര്‍

May 20, 2023 - 18:51
 0

രണ്ടാം വാർഷിക ആഘോഷ വേളയിൽ മാലിന്യ സംസ്കരണത്തിലെ സുപ്രധാന പദ്ധതിയിൽ നിന്നും സോൺടയെ മാറ്റി സർക്കാർ. കൊച്ചി ബ്രഹ്മപുരത്തെ വേസ്റ്റു ടു എനർജി പദ്ധതിയിൽ നിന്ന് സോൺട ഇൻഫ്രാടെക്കിനെ ഒഴിവാക്കി. മാലിന്യത്തിൽ നിന്നും സിഎൻജി ഉത്പാദിപ്പിക്കുന്ന പദ്ധതി ബിപിസിഎല്ലിന് കൈമാറിയെന്ന് മന്ത്രി എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാലിന്യത്തിൽ നിന്നും വൈദ്യുതിയെന്ന മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയിലെ കരാറുകളിലെ കള്ളക്കളികളും, ബ്രഹ്മപുരം തീപിടുത്തവും സർക്കാരിന്‍റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേൽപിച്ചിരുന്നു.

മാലിന്യം കെട്ടികിടന്ന് ചീഞ്ഞ് നാറുന്ന കൊച്ചി നഗരം, നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ടും മാലിന്യ സംസ്കരണത്തിൽ കാര്യമായ പുരോഗതി ഇല്ലാതെ കോഴിക്കോട് നഗരസഭ, വിവാദ കമ്പനി സോൺട ഇൻഫ്രാടെക്കിനോട് നോ പറഞ്ഞ കണ്ണൂർ, കൊല്ലം നഗരസഭകൾ.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ സന്ദർശന പഠനങ്ങളിൽ ഏറെ ചർച്ചയായ മാലിന്യ സംസ്കരണം ബ്രഹ്മപുരം തീപിടുത്തതോടെ സർക്കാരിന്‍റെ പ്രതിച്ഛായയെ തന്നെ മലിനമാക്കിയിരുന്നു. പ്രത്യേക ഉത്തരവിലൂടെയാണ് മാലിന്യ സംസ്കരണം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഏറ്റെടുത്തത്. എന്നാൽ കെഎസ്ഐടിസി നടത്തിയ ടെൻ‍ഡർ നടപടികളിൽ ക്രമക്കേടുകൾ ഉയർന്നു.

സ്വകാര്യ കമ്പനികൾക്ക് വൈദ്യുതിയുണ്ടാക്കി വിൽക്കാൻ ടണ്‍ കണക്കിന് മാലിന്യവും ഒപ്പം അങ്ങോട്ട് പണം നൽകുന്ന ഭീമമായ ടിപ്പിംഗ് ഫീസും ആണ് വേസ്റ്റ് ടു എനർജി പദ്ധതികളിൽ അഴിമതിയിലേക്ക് വിരൽ ചൂണ്ടിയത്. ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ കരാറിൽ വീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കി സർക്കാർ തന്നെ സോണ്ട ഇൻഫ്രാടെക്കിനെ കൊച്ചി പദ്ധതിയിൽ നിന്നും ഒഴിവാക്കുകയാണ്.

മാലിന്യം കുഴിച്ചുമൂടുന്ന ബയോമൈനിംഗാണ് മാലിന്യ സംസ്കരണത്തിൽ കണ്ടെത്തിയ അടുത്ത പോംവഴി. എന്നാൽ കോഴിക്കോട് നഗരസഭയിലും കൊച്ചി നഗരസഭയിലും ബയോമൈനിംഗ് ഇഴയുകയാണ്. കൊച്ചിയിൽ ബയോമൈനിംഗ് പദ്ധതിയിലും അഴിമതിയുടെ ദുർഗന്ധമുണ്ട്. ഗുരുവായൂരിലെ മാലിന്യ സംസ്കരണവും തിരുവനന്തപുരത്ത് വർഷങ്ങളായി തുടർന്ന മാലിന്യ പ്രതിസന്ധി അവസാനിച്ചതും ഈ വിവാദങ്ങൾക്കിടയിലും നേട്ടമായി സർക്കാരിന് ഉയർത്തിക്കാട്ടാം. എന്നാൽ തലസ്ഥാനത്ത് വേസ്റ്റു ടു എനർജി പദ്ധതി എങ്ങുമെത്തിയിട്ടില്ല.

ബ്രഹ്മപുരം തീപിടുത്തതിന് ശേഷം മാലിന്യ നീക്കം തടസപ്പെട്ട കൊച്ചി നഗരസഭക്ക് സമീപമുള്ള തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് മൂന്നാം വർഷത്തിലേക്ക് ചുവടുവയ്ക്കുന്ന സർക്കാരിന് മുന്നിലെ പ്രതിസന്ധി. ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് മന്ത്രി എംബി രാജേഷ് ശ്രദ്ധ നൽകുന്നത്. ഹരിത കർമ്മ സേനയെയും പ്രാദേശികമായി സജീവമാക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow