Karnataka| കർണാടകയിൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ
കർണാടകയിൽ മുഖ്യമന്ത്രിയെ വൈകാതെ തീരുമാനിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. എംഎൽഎമാരെ കണ്ട ശേഷം അവരുടെ അഭിപ്രായം ഹൈക്കമാൻഡിനെ ധരിപ്പിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ് ആകുമെന്നും ഖർഗെ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സുശീൽ കുമാർ ഷിൻഡെ ഉൾപ്പടെ മൂന്ന് പേരെ നിരീക്ഷകരായാണ് എഐസിസി നിയോഗിച്ചത്.
മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കർണാടകയിൽ ചർച്ചകൾ സജീവമായി തുടരുകയാണ്. സിദ്ധരാമയ്യയെ അനുകൂലിക്കുന്ന എംഎൽഎമാർ യോഗം ചേർന്നിരുന്നു. ഡികെ ശിവകുമാറിന്റെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യവും ശക്തമാണ്. ഇരു നേതാക്കളുടെയും വസതിക്ക് മുന്നിൽ അടുത്ത മുഖ്യമന്ത്രി എന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
224 അംഗ നിയമസഭയിൽ ബിജെപിയിലേക്കാൾ ഇരട്ടിയിലധികം സീറ്റ് നേടിയാണ് കോൺഗ്രസ് കർണാടകയിൽ വിജയിച്ചത്. കോൺഗ്രസ് 136 സീറ്റ് നേടിയപ്പോൾ, ബിജെപിയുടെ പ്രകടനം 65 സീറ്റിലൊതുങ്ങി. ബിജെപിക്ക് പുറമെ ജെ ഡി എസിനും തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. 19 സീറ്റുകളിൽ മാത്രമാണ് ജെ ഡി എസിന് നേടാനായത്.
ലിംഗായത്ത് സ്വാധീന മേഖലയായ മുംബൈ- കർണാടകയിലും വൊക്കലിഗ സ്വാധീന മേഖലയായ ഓൾഡ് മൈസൂരുവിലും കോൺഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കി. മധ്യ കർണാടകയിലും കോൺഗ്രസാണ് മുന്നിൽ. ബെംഗളൂരു നഗര മേഖലയിലും തീരദേശ കർണാടകയിലും മാത്രമാണ് ബിജെപിക്ക് പിടിച്ച് നിൽക്കാനായത്. കോൺഗ്രസ് പടയോട്ടത്തിൽ 12 മന്ത്രിമാർ തോറ്റു.
JDS കോട്ടയായ രാമനഗരയിൽ നിഖിൽ കുമാരസ്വാമിയും പരാജയമറിഞ്ഞു. സിദ്ധരാമയ്യ വരുണയിൽ നിന്നും ഡി കെ ശിവകുമാർ കനകപുരയിൽ നിന്നും ജയിച്ചു കയറി. ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡി കെ ശിവകുമാറിന്റെ വിജയം. അതേ സമയം ബിജെപിയിൽ നിന്നെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ സിറ്റിംഗ് സീറ്റായ ഹുബ്ബള്ളി ധാർവാഡ് സെൻട്രലിൽ പരാജയം അറിഞ്ഞപ്പോൾ, ലക്ഷ്‌മൺ സവദി, അത്തണി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. മേൽക്കോട്ട് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ വിജയിച്ച ദർശൻ പുട്ടണ്ണ കൂടി പിന്തുണ അറിയിച്ചതോടെ സഭയിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 137 ആയി.
What's Your Reaction?