എയർ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിന്റെ കൂട്ടുകാരി; അന്വേഷണത്തിനുത്തരവ്
ഫെബ്രുവരി 27 ന് ദുബായിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്ക്പിറ്റിൽ സ്വീകരിച്ച സംഭവത്തിൽ അന്വേഷണം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു.
പൈലറ്റിനെതിരെ കാബിൻ ക്രൂ അംഗം പരാതി നൽകി. തന്റെ സുഹൃത്തിനെ അകത്തേക്ക് ക്ഷണിക്കുന്നതിന് മുമ്പ് കോക്‌പിറ്റ് തയാറാക്കിയിടണമെന്ന് ഉറപ്പുവരുത്തണമെന്ന് ക്യാപ്റ്റൻ ആവശ്യപ്പെടുകയും, യുവതിക്കായി ബിസിനസ് ക്ലാസ് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പരാതി നൽകിയയാളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
തന്റെ വനിതാ സുഹൃത്തിനെ കോക്‌പിറ്റിലേക്ക് കൊണ്ടുപോകാൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടതായും അവളുടെ സൗകര്യത്തിനായി ബങ്കിൽ നിന്ന് കുറച്ച് തലയിണകൾ കൊണ്ടുവരാൻ പറഞ്ഞതായും പരാതിക്കാരിയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഫസ്റ്റ് ഒബ്സർവർ സീറ്റിലായിരുന്നു പെൺസുഹൃത്ത് ഇരുന്നത്.
“ഒരു പെൺസുഹൃത്തിനായി തന്റെ സ്വീകരണമുറി ഒരുക്കുന്നതുപോലെ, കോക്ക്പിറ്റ് സ്വാഗതാർഹവും ഊഷ്മളവും സുഖപ്രദവുമാകണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പാനീയങ്ങളും ലഘുഭക്ഷണങ്ങളും ഓർഡർ ചെയ്യാനും കോക്ക്പിറ്റിൽ അത് വിളമ്പാനും നിർദേശമുണ്ടായി. ‘ക്യാപ്റ്റൻ, കോക്ക്പിറ്റിൽ മദ്യം വിളമ്പാൻ എനിക്ക് അസൗകര്യമുണ്ട് എന്ന് ഞാൻ പറഞ്ഞു. ഇത് അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കിയതായി അനുഭവപ്പെട്ടു. ആ നിമിഷം മുതൽ അയാളുടെ മനോഭാവം ആകെ മാറി. അദ്ദേഹത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു ജോലിക്കാരിയോടെന്ന പോലെ എന്നോട് പെരുമാറാൻ തുടങ്ങി,” ക്രൂ അംഗത്തെ ഉദ്ധരിച്ച് എച്ച്ടി റിപ്പോർട്ട് ചെയ്യുന്നു.
യുവതി ഒരു മണിക്കൂറിലധികം കോക്പിറ്റിൽ ചെലവഴിച്ചതായും പരാതിക്കാരി പറഞ്ഞു. സംഭവം ഗൌരവമായി എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സംഭവത്തോട് പ്രതികരിച്ച എയർ ഇന്ത്യ പറഞ്ഞു.
“ഞങ്ങൾ ഇക്കാര്യം ഡിജിസിഎയെ അറിയിക്കുകയും അവരുടെ അന്വേഷണങ്ങളുമായി സഹകരിക്കുകയും ചെയ്തു. ഞങ്ങളുടെ യാത്രക്കാരുടെ സുരക്ഷയും ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞങ്ങൾക്ക് വിട്ടുവീഴ്ചയില്ല. ആവശ്യമായ നടപടി സ്വീകരിക്കും,” എയർലൈൻ പറഞ്ഞു.
Summary: DGCA launches probe into pilot entertaining female friend in the cockpit midair in an Air India flight
What's Your Reaction?