വിരമിക്കൽ ദിവസം നടപടിയ്ക്ക് നീക്കം; സിസ തോമസിനെ ഗവർണർ-സർക്കാർ പോരിന്റെ ബലിയാടാക്കരുതെന്ന് ട്രൈബ്യൂണൽ

സാങ്കേതിക സർവകലാശാല താത്കാലിക വിസി ഡോ. സിസ തോമസിനെ സർക്കാരും ഗവർണറും തമ്മിലുള്ള പോരിലെ ബലിയാടാക്കരുതെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സർക്കാരിനുള്ള അധികാരം ജനന്മയ്ക്കായി ഉപയോഗിക്കേണ്ടതെന്നും നിയമം നടപ്പാക്കുമ്പോൾ നേരായ രീതിയും തുറന്നമനസ്സുമാകണം ഉണ്ടാകേണ്ടതെന്ന് ട്രൈബ്യൂണൽ ഓര്‍മ്മിപ്പിച്ചു.
സർക്കാർ നല്‍കിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന സിസ തോമസിന്റെ ആവശ്യം ട്രൈബ്യൂണൽ തള്ളിയിരുന്നു. സിസയുടെ ഭാഗം കേട്ടശേഷം മാത്രമേ തുടർനടപടി തീരുമാനിക്കാവൂവെന്നും നിർദേശിച്ചു. എന്നാൽ വിരമിക്കൽ ദിവസമായ ഇന്ന് സിസയോട് നേരിട്ട് ഹാജരാി വിശദീകരണം നൽകണമെന്ന് സർക്കാർ നിർദേശം നൽകി.
വിരമിക്കുന്ന ദിവസമായതിനാല്‍ കോളേജ് പ്രിൻസിപ്പലെന്ന നിലയിലും വിസിയെന്ന നിലയിലും ഔദ്യോഗിക കാര്യങ്ങൾ പൂർത്തീകരിക്കേണ്ടതുള്ളതിനാൽ വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്ന നിലപാട് സിസാ തോമസ് സ്വീകരിക്കുമെന്നാണ് കരുതുന്നത്. വിശദീകരണം നൽകാൻ മറ്റൊരു ദിവസം അനുവദിക്കണമെന്നാകും ആവശ്യപ്പെടുക.
വിരമിച്ചശേഷം സസ്പെൻഷൻ കഴിയില്ലെങ്കിലും പെൻഷൻ തടയുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാവും. സിസ തോമസിനെതിരെയുള്ള നടപടിക്കാര്യം അവരുടെ ഭാഗം കേട്ടശേം മാത്രമേ തീരുമാനിക്കൂവെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.
What's Your Reaction?






