22കാരനായ അഗ്നിവീർ ഡ്യൂട്ടിക്കിടെ ആത്മഹത്യ ചെയ്തു; ലീവ് കിട്ടാത്തതിന്റെ മനോവിഷമമെന്ന് സൂചന
ഡ്യൂട്ടിക്കിടെ ആത്മഹത്യ ചെയ്ത് ഉത്തർപ്രദേശ് ബാലിയ സ്വദേശിയായ ശ്രീകാന്ത് കുമാർ ചൗധരി. 22കാരനായ ശ്രീകാന്ത് കുമാർ ചൗധരി ചൊവ്വാഴ്‌ച രാത്രിയാണ് ആഗ്രയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്തത്. സെൻട്രി ഡ്യൂട്ടിക്കിടെയായിരുന്നു ആത്മഹത്യ. ലീവ് കിട്ടാത്തതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
2022ലാണ് ശ്രീകാന്ത് കുമാർ ചൗധരി ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്. അഗ്നിവീറിന്റെ മൃതദേഹം ജന്മനാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ബിഹാർ യൂണിറ്റിലെ ഐഎഎഫ് ഉദ്യോഗസ്ഥരുടെ ഗാർഡ് ഓഫ് ഓണറോടെയാണ് വ്യാഴാഴ്ച വൈകുന്നേരം സംസ്കാര ചടങ്ങുകൾ നടന്നത്. അതിനിടെ ശ്രീകാന്ത് കുമാർ ചൗധരിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് കണ്ടെത്താൻ അന്വേഷണ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.
ആഗ്രയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ ജീവനക്കാർ കുറവായതിനാൽ അവധി ലഭിക്കാത്തതാണ് ശ്രീകാന്തിന്റെ മരണത്തിന് കാരണം എന്നാണ് നിലവിലെ റിപ്പോർട്ട്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം ശ്രീകാന്തിൻ്റെ കുടുംബാംഗങ്ങൾ ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതി ലഭിച്ചാൽ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറും ഷാഗഞ്ച് പൊലീസ് സ്റ്റേഷൻ്റെ ഇൻ-ചാർജുമായ അമിത് കുമാർ മാൻ വ്യക്തമാക്കി.
What's Your Reaction?