പെൻഷൻ മുടങ്ങിയതിന് യാചനാ സമരം നടത്തിയ അടിമാലിയിലെ മറിയക്കുട്ടി വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയിലേക്ക്

Nov 15, 2023 - 15:30
 0
പെൻഷൻ മുടങ്ങിയതിന് യാചനാ സമരം നടത്തിയ അടിമാലിയിലെ മറിയക്കുട്ടി വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയിലേക്ക്

പെൻഷൻ മുടങ്ങി ഭിക്ഷ യാചിച്ച അടിമാലിയിലെ മറിയക്കുട്ടി വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കും. ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതിനെ തുടർന്നാണ് ഹർജി നൽകാൻ ഒരുങ്ങുന്നത്. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം വ്യാപകമായത്. സിപിഎം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും മറിയക്കുട്ടി ആരോപിച്ചിരുന്നു.

ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഎം തയ്യാറാകണമെന്ന് മറിയക്കുട്ടി ആവശ്യപ്പെട്ടു. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി ആരോപിക്കുന്നു.

മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ ഭൂമി, അതില്‍ വീട് കൂടാതെ 5000 രൂപ മാസവാടക കിട്ടുന്ന മറ്റൊരു വീട്, മക്കൾക്ക് വിദേശത്ത് ജോലി എന്നിവയുണ്ടെന്നായിരുന്നു മറിയക്കുട്ടിക്കെതിരായ പ്രചരണം. ഇതെല്ലാമുണ്ടായിട്ടും പെന്‍ഷന് വേണ്ടി ഭിക്ഷ യാചിക്കുന്നത് രാഷ്ട്രീയമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായിരുന്നു. പാർട്ടി മുഖപത്രത്തിലും ഇതുസംബന്ധിച്ച വാർത്ത വന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow