പോഷക സംഘടനയ്ക്ക് മുകളിലാണ് INTUC; പ്രശ്‌നം പരിഹരിച്ചെന്ന് കെ സുധാകരന്‍

ഐഎന്‍ടിയുസി(INTUC) - വി ഡി സതീശന്‍ തര്‍ക്കം പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍(K Sudhakaran). പോഷക സംഘടനയ്ക്ക് മുകളിലാണ് ഐഎന്‍ടിയുസിയുടെ സ്ഥാനമെന്ന് സുധാകരന്‍ പറഞ്ഞു.

Apr 5, 2022 - 15:08
 0
പോഷക സംഘടനയ്ക്ക് മുകളിലാണ് INTUC; പ്രശ്‌നം പരിഹരിച്ചെന്ന് കെ സുധാകരന്‍

ഐഎന്‍ടിയുസി(INTUC) - വി ഡി സതീശന്‍ തര്‍ക്കം പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍(K Sudhakaran). പോഷക സംഘടനയ്ക്ക് മുകളിലാണ് ഐഎന്‍ടിയുസിയുടെ സ്ഥാനമെന്ന് സുധാകരന്‍ പറഞ്ഞു. പരസ്യ പ്രതികരണം നടത്തി തെരുവിലിറങ്ങിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രശ്ന പരിഹാരത്തിനായി പ്രതിപക്ഷ നേതാവുമായും ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനുമായും ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമാണ് ഐഎന്‍ടിയുസി. തെറ്റിദ്ധാരണയില്‍ നിന്നാണ് പ്രകടനമുണ്ടായത്. പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും. നാട്ടകം സുരേഷിനോട് വിശദീകരണം ചോദിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്നും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനമാത്രമാണെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയായിരുന്നു പ്രകോപനത്തിന് കാരണമായത്. വി.ഡി സതീശനെതിരേ പലയിടങ്ങളിലും പരസ്യ പ്രകടനം വരെയുണ്ടായിരുന്നു. ഇത് അതിര് കടക്കുന്നുവെന്ന് കണ്ടതോടെയാണ് വി.ഡി സതീശനുമായും ആര്‍.ചന്ദ്രശേഖരനുമായും കെ സുധാകരന്‍ ചര്‍ച്ച നടത്തിയത്.


ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും സതീശനെതിരെ നടന്ന പ്രകടനങ്ങളെ സ്വാഭാവികമായ പ്രതികരണം എന്ന നിലക്ക് ചന്ദ്രശേഖരന്‍ ന്യായീകരിക്കുകയും ചെയ്തിരുന്നു. പണിമുടക്കിനെക്കുറിച്ച് മൂന്ന് മാസം മുമ്പുതന്നെ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്തിനാണ് പണിമുടക്ക് എന്ന കാര്യം പ്രതിപക്ഷ നേതാവ് അന്വേഷിച്ചിരുന്നില്ല.


വി.ഡി സതീശന്റെ പ്രസ്താവന അണികളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഐ.എന്‍.ടി.യു.സിയെ പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരാക്കിയെന്ന് ആര്‍ ചന്ദ്ര ശേഖരന്‍ ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ കെ സുധാകരനോട് പറഞ്ഞിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow