വിംബിൾഡൺ കിരീടവുമായി കാർലോസ് അൽകരാസ്

Jul 17, 2023 - 12:53
 0
വിംബിൾഡൺ കിരീടവുമായി കാർലോസ് അൽകരാസ്

ഇരുപത്തിനാലാം ഗ്ലാൻഡ്സ്ലാം കിരീടവും എട്ടാം വിംബിൾഡൺ കിരീടവും ലക്ഷ്യമിട്ടായിരുന്നു നൊവാക് ജോക്കോവിച്ച് ഇന്നലെ റാക്കറ്റുമായി ഇറങ്ങിയത്. തുടർച്ചയായി നാല് തവണ വിംബിൾഡൺ നേടിയതിന്റെ ആത്മവിശ്വാസവും അനുഭവപരിചയവുമെല്ലാം ടെന്നീസ് കോർട്ടിലെ രാജാവിനുണ്ടായിരുന്നു. എന്നാൽ, മറുവശത്ത് ജോക്കോവിച്ചിനെ നേരിടാനായി റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരൻ കാർലോസ് അൽകരാസ് എന്ന ഇരുപതുകാരൻ പൂർണ സജ്ജനായിരുന്നു.

അടിതെറ്റലുകളും അട്ടിമറികളും സ്ഥിരം കാഴ്ച്ചയായ ടെന്നീസിൽ കഴിഞ്ഞ ദിവസവും അതു തന്നെ സംഭവിച്ചു. കരിയറിലെ ആദ്യ വിംബിൾഡൺ കിരീടവുമായി സ്പെയിനിൽ നിന്നുമെത്തിയ കാർലോസ് അൽകരാസ് നിറഞ്ഞ ചിരിയുമായി നിന്നപ്പോൾ പുരുഷ ടെന്നീസിലെ അടുത്ത രാജാവ് എന്ന് ടെന്നീസ് ആരാധകർക്കും തോന്നിയിരിക്കാം.

1-6, 7-6, 6-1, 3-6, 6-4 എന്ന നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് കാർലോസിനു മുന്നിൽ തോൽവി സമ്മതിച്ചത്. 6-1 ന് ജോക്കോവിച്ച് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയപ്പോൾ ഏഴ് തവണ വിംബിൾഡൺ നേടിയ അനുഭവ കരുത്തിനു മുന്നിൽ കാർലോസ് ഒന്നുമല്ലാതെ മടങ്ങേണ്ടി വരുമെന്ന് തോന്നി.

എന്നാൽ, രണ്ടാം സെറ്റിൽ തിരിച്ചടി തുടങ്ങിയ കാർലോസ്, ജോക്കോവിച്ചിനേയും ഒപ്പം കണ്ടിരുന്ന കാണികളേയും അമ്പരപ്പിച്ചു കൊണ്ടിരുന്നു. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് 8-6 നാണ് കാർലോസ് പിടിച്ചെടുത്തത്. ഇതോടെ, കളിമുറുകി, കാണികളിൽ സമ്പൂർണ നിശബ്ദത, എന്തും സംഭവിക്കാം എന്ന് മനസ്സിലാക്കി ശ്വാസമടക്കിപ്പിടിച്ച് ഇരുപതുകാരന്റെ കളി കണ്ടു തുടങ്ങി.

രണ്ടാം സെറ്റിൽ ഞെട്ടിയ ജോക്കോവിച്ചിൽ നിന്ന് മൂന്നാം സെറ്റ് 6-1 ന് അനായാസം നേടി കാർലോസ് താൻ അങ്ങനെ വെറുതേ വന്നതല്ലെന്ന് വീണ്ടും തെളിയിച്ചു. ബ്രേക്കിനു ശേഷം വീണ്ടും കളി തുടങ്ങിയപ്പോൾ, കന്നി കിരീട നേട്ടം ലക്ഷ്യമിട്ടു വന്ന കാർലോസിന് അത് അത്ര എളുപ്പത്തിൽ കിട്ടില്ലെന്ന് ജോക്കോവിച്ചും വ്യക്തമാക്കി. നീണ്ട കാലത്തെ അനുഭവ സമ്പത്തിനു മുന്നിൽ പലപ്പോഴും കാർലോസിന് അടിപതറി. നാലാം സെറ്റ് 6-3 ന് സ്വന്തമാക്കി ജോക്കോവിച്ച് മത്സരത്തിന്റെ സൗന്ദര്യവും പിരിമുറുക്കവും കാണികൾക്കും എതിരാളിക്കും നൽകി.

നിർണായകമായ അഞ്ചാം സെറ്റിൽ, പ്രായവും ചടുലതയും കാർലോസിന് അനുകൂലമായി. തുടക്കത്തിൽ ജോക്കോവിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത കാർലോസ് 6-4 ന് സെറ്റും കപ്പും തന്റെ പേരിലാക്കി വിംബിൾഡണിൽ പുതിയ ചരിത്രമെഴുതി.

What's Your Reaction?

like

dislike

love

funny

angry

sad

wow