അവിശ്വാസ പ്രമേയം; ലീഗ് സ്വതന്ത്ര അംഗം എൽഡിഎഫിന് ഒപ്പം നിന്നു; ചുങ്കത്തറയിൽ യുഡിഎഫിന് ഭരണം നഷ്ടമായി

മുസ്ലിം ലീഗ് സ്വതന്ത്ര അംഗം കാലുമാറിയതിനെ തുടര്‍ന്ന് മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി.

Apr 5, 2022 - 15:07
 0

മുസ്ലിം ലീഗ് സ്വതന്ത്ര അംഗം കാലുമാറിയതിനെ തുടര്‍ന്ന് മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ഇതോടെ ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 20 ല്‍ 9 നെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.

പതിനാലാം വാർഡ് കളകുന്നിൽ നിന്നും മുസ്ലിംലീഗ് സ്വതന്ത്രയായി വിജയിച്ച മധുരക്കറിയൻ നജ്മുന്നീസ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. 20 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 10 വീതം സീറ്റുകളാണ് ഉള്ളത്, ഇതിൽ ലീഗ് സ്വതന്ത്ര മറുപക്ഷത്തേക്ക് നീങ്ങിയതാണ്, യു.ഡി.എഫിന് തിരിച്ചടിയായത്. നേരത്തെ നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസിലെ വത്സമ്മ സെബാസ്റ്റ്യൻ പ്രസിഡൻ്റായത്. അവിശ്വാസ പ്രമേയം പാസായതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി. വൈസ് പ്രസിഡൻറ് സൈനബ മാമ്പള്ളിക്ക് താൽകാലികമായി പ്രസിഡന്റിന്റെ ചുമതല നൽകി.

വരണാധികാരായ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ, എ.ജെ. സന്തോഷിൻ്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. യു.ഡി.എഫ് സ്വതന്ത്ര അംഗത്തെ ഭീഷണിപ്പെടുത്തിയും ഒളിവിൽ പാർപ്പിച്ചുമാണ് ജനവിധി അട്ടിമറിച്ച് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം പാസാക്കിയതെന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ പറഞ്ഞു. പിവി അൻവർ എംഎൽഎ ആണ് ഇതിനു പിന്നിൽ എന്നും യുഡിഎഫ് ആരോപിച്ചു. 15 ദിവസത്തോളം ലീഗ് മെമ്പർ എവിടെയോ ആയിരുന്നു. ഇത്  ഗൂഢാലോചന ആയിരുന്നു എന്നും അവർ ആക്ഷേപിച്ചു.

"അവിശ്വാസ നോട്ടീസ് കൊടുത്ത അന്ന് മുതൽ 15 ദിവസം പിവി അൻവറിൻ്റെ കസ്റ്റഡിയിൽ ആയിരുന്നു അവർ. ഇന്ന് ഒരു സുപ്രഭാതത്തിൽ കൊണ്ട് വരുക ആയിരുന്നു. എൽഡിഎഫ് അംഗങ്ങളെ ഭയന്ന് വോട്ട് ചെയ്യുക ആയിരുന്നു എന്ന് ആണ് എനിക്ക് മനസ്സിലാകുന്നത്. 14 മാസമായി എല്ലാം ഒറ്റക്കെട്ട് ആയാണ് ചെയ്തിട്ടുള്ളത്. എൽഡിഎഫ് ഒരുപാട് കു പ്രചരണങ്ങൾ ആണ് നടത്തിയുള്ളത്."വത്സമ്മ സെബാസ്റ്റ്യൻ ആക്ഷേപിച്ചു.

താൻ പണവും അധികാരവും കണ്ട് കാലുമാറിയതല്ല എന്ന് ലീഗ് സ്വതന്ത്ര അംഗം നജ്മുന്നീസ പറഞ്ഞു. യുഡിഎഫ് ഭരണ സമിതി വികസന വിരുദ്ധ നിലപാട് ആണ് സ്വീകരിച്ചിരുന്നത് എന്നും ഇതിനോട് ആണ് തനിക്ക് പ്രതിഷേധം എന്നും അവർ പറഞ്ഞു." പണത്തിനും അധികാരത്തിനും വേണ്ടിയാണ് കൂറ് മാറിയത് എന്നത് പച്ചക്കള്ളം ആണ്. ജനങ്ങൾക്ക് വേണ്ടി സേവനം നടത്താൻ ആണ് താൻ ശ്രമിക്കുന്നത്. എന്നാല് യുഡിഎഫും പ്രസിഡൻ്റും അങ്ങനെ അല്ല. ഇനി എന്ത് വേണം എന്ന് എൽഡിഎഫ് നേതൃത്വം തീരുമാനിക്കും " അവർ പറഞ്ഞു.

പ്രസിഡൻ്റിൻ്റെ ഭരണത്തിൽ യു.ഡി.എഫിനുളളിൽ തന്നെയുള്ള അമർഷമാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്ന് സി.പി.എം അംഗം എം.ആർ.ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. ചുങ്കത്തറയിലെ ഭരണം നഷ്ടമായത് യുഡിഎഫിനും കോൺഗ്രസിനും കനത്ത തിരിച്ചടിയാണ്. പി.വി.അൻവർ എംഎൽഎ നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ ആണ് ചുങ്കത്തറയിൽ വിജയം കണ്ടത്. ഇത് മേഖലയിൽ എൽഡിഎഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow