RIL AGM 2022 | ഗൂ​ഗിളുമായി സഹകരിച്ച് വില കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി റിലയൻസ്

ഗൂഗിളുമായി (Google) സഹകരിച്ച്, ഇന്ത്യയില്‍ വില കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണുകള്‍ (ultra-affordable 5G smartphones) നിര്‍മ്മിക്കുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി.

Aug 30, 2022 - 14:13
 0

ഗൂഗിളുമായി (Google) സഹകരിച്ച്, ഇന്ത്യയില്‍ വില കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണുകള്‍ (ultra-affordable 5G smartphones) നിര്‍മ്മിക്കുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി.   റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് (AGM) പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി നെറ്റ്‍വർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു

കഴിഞ്ഞ വര്‍ഷം ജിയോഫോണ്‍ നെക്സ്റ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ റിലയന്‍സ് ഗൂഗിളുമായി സഹകരിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രഗതി ഒഎസ് പതിപ്പാണ് സ്മാര്‍ട്‌ഫോണിന് കരുത്ത് പകരുന്നത്. ഇന്ത്യന്‍ വിപണിക്ക് വേണ്ടിയാണ് സ്മാര്‍ട്‌ഫോണ്‍ രൂപകല്‍പ്പന ചെയ്തിരുന്നത്.

2021 ജൂലൈയില്‍, ഗൂഗിളും ജിയോ പ്ലാറ്റ്ഫോമും സംയുക്തമായ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ വികസിപ്പിക്കുന്നതിനുള്ള വാണിജ്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ജിയോ പ്ലാറ്റ്ഫോമില്‍ 4.5 ബില്യണ്‍ ഡോളറാണ് ഗൂഗിള്‍ നിക്ഷേപം നടത്തിയത്. കമ്പനിയുടെ 7.73 ശതമാനം ഓഹരികളും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു.

'' ജിയോയുടെ 5ജി സൊല്യൂഷനുകള്‍ ആഭ്യന്ത, ആഗോള ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ ഗൂഗിള്‍ ക്ലൗഡിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തും, '' എജിഎമ്മില്‍ അംബാനി പറഞ്ഞു.

യുഎസ് ടെക് ഭീമന്റെ ക്ലൗഡ് വിഭാഗമായ ഗൂഗിള്‍ ക്ലൗഡ് 2021-ലാണ് ഇന്ത്യയിലെ എന്റര്‍പ്രൈസ്, കണ്‍സ്യൂമര്‍ വിഭാഗങ്ങളില്‍ 5ജി സാങ്കേതികവിദ്യ ശക്തിപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തില്‍ ഒപ്പുവെച്ചത്. ഗെയിമിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ 5ജി സേവനം കൊണ്ടുവരുമെന്ന് ആ സമയത്ത് രണ്ട് കമ്പനികളും പറഞ്ഞിരുന്നു.

ഇന്ത്യയില്‍ ക്ലൗഡ് അധിഷ്ടിത വാണിജ്യ സംവിധാനങ്ങളൊരുക്കുന്നതിനും ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനും കമ്പനി മൈക്രോസോഫ്റ്റുമായി സഹകരിക്കുമെന്നും അംബാനി പറഞ്ഞു. കൂടാതെ, ഇന്റലുമായി സഹകരിച്ച് ക്ലൗഡ്-സ്‌കേല്‍ ഡാറ്റ സെന്ററുകളും അത്യാധുനിക സംവിധാനങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2020 ഏപ്രിലില്‍ ജിയോ പ്ലാറ്റ്ഫോമുകളില്‍ 9.99 ശതമാനം ഓഹരികള്‍ക്കായി മെറ്റ 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. എറിക്‌സണ്‍, നോക്കിയ, സാംസങ്, സിസ്‌കോ തുടങ്ങിയ കമ്പനികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വ്യവസായങ്ങളിലും പരിഹാരങ്ങള്‍ കാണാനുള്ള കഴിവ് റിലയന്‍സിനുണ്ട്. ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തവും കരുത്തും ഈ അവസരം വിനിയോഗിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കും, '' ക്വാല്‍കോം സിഇഒ ക്രിസ്റ്റിയാനോ അമോന്‍ എജിഎമ്മില്‍ പറഞ്ഞു. ഇന്ത്യ 75-ാം സ്വാതന്ത്യം ആഘോഷിക്കുമ്പോള്‍, ജിയോയ്ക്കൊപ്പം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ എന്ന നേട്ടം കൈവരിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ''അമോന്‍ പറഞ്ഞു. ഇത് ഇന്ത്യയില്‍ നടപ്പിലാക്കി വിജയിച്ചു കഴിഞ്ഞാല്‍, അവ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വികസിപ്പിക്കാന്‍ കഴിയുമെന്ന് അംബാനി പറഞ്ഞു.

ജിയോ 5ജി സേവനം ദീപാവലി മുതല്‍ രാജ്യത്തെ നാല് നഗരങ്ങളില്‍ ലഭ്യമായി തുടങ്ങുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. മെട്രോ നഗരങ്ങളായ ന്യൂ ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണ് ജിയോ 5ജി സേവനം ആദ്യം ലഭ്യമായി തുടങ്ങുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow