ബിജെപിയിൽ നിന്ന് രാജിവെച്ച് യുഡിഎഫ് ആയി ഉപതെരഞ്ഞെടുപ്പിൽ ജയിച്ച പഞ്ചായത്ത് അംഗത്തിന് മർദനം

വർഷങ്ങളായി ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്ന ബൈജു അടുത്തിടെ നേതൃത്വവുമായുള്ള അഭിപ്രായവ്യാത്യാസങ്ങൾ കാരണം ബിജെപിയിൽ നിന്ന് രാജി വെച്ചിരുന്നു

Nov 11, 2022 - 18:32
 0
ബിജെപിയിൽ നിന്ന് രാജിവെച്ച് യുഡിഎഫ് ആയി ഉപതെരഞ്ഞെടുപ്പിൽ ജയിച്ച പഞ്ചായത്ത് അംഗത്തിന് മർദനം

ബിജെപിയിൽ നിന്ന് രാജിവെച്ച് യുഡിഎഫ് സ്വതന്ത്ര അംഗമായി ഉപതെരഞ്ഞെടുപ്പിൽ ജയിച്ച പഞ്ചായത്ത് അംഗത്തെ ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ മുതുകുളത്താണ് വാർഡ് അംഗത്തിന് മർദ്ദനമേറ്റത്. ടി. എസ് ബൈജുവിനെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചത്. ബിജെപി അംഗമായിരുന്ന ബൈജു പാർട്ടിയിൽ നിന്ന് രാജിവച്ച ശേഷം യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിക്കുകയായിരുന്നു. മർദനത്തിൽ ബൈജുവിന്‍റെ കാലൊടിഞ്ഞു. ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തിൽ ബൈജുവിൻ്റെ കൈക്കും കാലിനും ഗുരുതര പരിക്കേറ്റു.

ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ മുതുകുളം പഞ്ചായത്തിലെ നാലാം വാർഡിൽ നിന്ന് മത്സരിച്ച ബൈജു 103 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. വ്യാഴാഴ്ച വോട്ടെണ്ണലിന് പിന്നാലെ വൈകിട്ട് നടന്ന ആഹ്ലാദപ്രകടത്തിനിടെയാണ് ബൈജുവിന് മർദ്ദനമേറ്റത്.

ശരീരമാസകലം മർദ്ദനമേറ്റ ബൈജുവിനെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈജുവിന്‍റെ ഒരു കാലിന് ഒടിവ് സംഭവിച്ചതായി എക്സ്റേ പരിശോധനയിൽ വൈക്തമായി. കൂടാതെ കൈക്കും പരുക്കുകളുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow