Aamir Khan | കോൾ സെന്റർ ജീവനക്കാരനിൽ നിന്ന് കോടീശ്വരൻ; വ്യവസായി ആമിർഖാന്റെ വീട്ടിൽ നിന്ന് 18 കോടി കണ്ടെത്തി

കോൾ സെന്റർ പ്രവർത്തിപ്പിക്കുന്നതിനിടയിലാണ് ആമിർ ആപ്പുകൾ വികസിപ്പിച്ചതെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.

Sep 13, 2022 - 19:54
Sep 13, 2022 - 20:33
 0
Aamir Khan | കോൾ സെന്റർ ജീവനക്കാരനിൽ നിന്ന് കോടീശ്വരൻ; വ്യവസായി ആമിർഖാന്റെ വീട്ടിൽ നിന്ന് 18 കോടി കണ്ടെത്തി

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയായ ആമിർ ഖാൻ (Aamir Khan) എന്നയാളുടെ വസതിയിൽ നിന്ന് 18 കോടിയോളം രൂപ കണ്ടെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directoriate (ED)). ഇയാളുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ് ഭീമമായ തുക കണ്ടെത്തിയത്. മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് റെയ്ഡ് നടന്നത്. ഇത്രയധികം പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി സംശയിക്കുന്ന വ്യവസായികള്‍ക്കെതിരെയുള്ള ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

ആമിർ ഖാൻ ഒളിവിലാണെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഇയാളുടെ മൂന്ന് ഫോൺ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.

കോൾ സെന്റർ പ്രവർത്തിപ്പിക്കുന്നതിനിടയിലാണ് ആമിർ ആപ്പുകൾ വികസിപ്പിച്ചതെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. ഗെയിമിംഗ് ആപ്പുകളിൽ വഴിയുള്ള പണമിടപാടുകൾക്കായി 197 അക്കൗണ്ടുകൾ ഉപയോഗിച്ചു. പണം നൽകി നിരവധി വിദേശികളുടെ അക്കൗണ്ടുകൾ ഇയാൾ വാടകക്കെടുത്തിട്ടുമുണ്ട്. ഈ അക്കൗണ്ടുകൾ ആരുടെ പേരിലാണ് വാടകയ്‌ക്കെടുത്തതെന്നും ഇഡി കണ്ടെത്തുന്നുണ്ട്.

ആമിർ ഖാൻ മുൻപ് ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് ആപ്പുകൾ ഡെവലപ്പ് ചെയ്യുന്ന ജോലിയിലേക്ക് തിരിഞ്ഞത്. വർഷങ്ങളോളം കോൾ സെന്ററിൽ ജോലി ചെയ്ത ശേഷം ആമിർ സ്വന്തമായി ഒരു കോൾ സെന്ററും തുറന്നു. കോൾ സെന്ററിന്റെ പ്രവർത്തനത്തിനൊപ്പം 2019-ൽ നിരവധി ഗെയിമിംഗ് ആപ്പുകളും ഇയാൾ പുറത്തിറക്കി.

ആമിറിന്റെ രാജർഹട്ട് ബ്രാഞ്ചിലെ ഫെഡറൽ ബാങ്ക് അക്കൗണ്ടും ഇഡി പരിശോധിക്കും. ഈ അക്കൗണ്ടിന് പുറമെ, ആപ്പിൽ നിന്ന് ലഭിക്കുന്ന മറ്റ് പണം എവിടെയാണ് നിക്ഷേപിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇ‍ൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുകയാണ്. ആപ്പുകളിൽ നിന്ന് ലഭിക്കുന്ന പണം രാജർഹട്ട് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്.

ആമിറിന്റെ വിദേശയാത്രയെക്കുറിച്ചുള്ള വിവരങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്. നിരവധി തവണ ഇയാൾ വിദേശ യാത്ര നടത്തിയതായി ഇഡി വൃത്തങ്ങൾ അറിയിച്ചു. ഇമിഗ്രേഷൻ വകുപ്പിൽ നിന്ന് ഇഡി ഉദ്യോ​ഗസ്ഥർ ഇതു സംബന്ധിച്ച വിവരങ്ങൾ തേടും. എന്തുകൊണ്ടാണ് ആമിർ വീണ്ടും വീണ്ടും വിദേശത്തേക്ക് പോയതെന്നും ഇഡി അന്വേഷിക്കുന്നുണ്ട്.

വഞ്ചന, ഗൂഢാലോചന തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് ആമിർ ഖാനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 420, 406, 409, 468., 469, 471,34 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ആമിർ ഖാൻ ഉൾപ്പെടെയുള്ളവർക്കെതിരെ പാർക്ക് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow