Bharat Jodo Yatra | ഭാരത് ജോ‍‍ഡോ യാത്ര: രാഹുലിൻ്റെ കണ്ടെയ്നറിൽ എസിയും ഫ്രിഡ്ജും; മറ്റു പ്രത്യേകതകളറിയാം

മുതിർന്ന കോൺഗ്രസ് നേതാക്കന്മാർക്കായി രണ്ട് കിടക്കകളുള്ള കണ്ടെയ്നറുകളും മറ്റുള്ളവർക്കായി ആറ് അല്ലെങ്കിൽ 12 കിടക്കകളുള്ള കണ്ടെയ്നറുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്

Sep 13, 2022 - 19:54
Sep 13, 2022 - 20:40
 0
Bharat Jodo Yatra | ഭാരത് ജോ‍‍ഡോ യാത്ര: രാഹുലിൻ്റെ കണ്ടെയ്നറിൽ എസിയും ഫ്രിഡ്ജും; മറ്റു പ്രത്യേകതകളറിയാം

കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്ര തുടങ്ങിയിട്ട് 5 ദിവസം പിന്നിട്ടിരിക്കുകയാണ്. മുൻ കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ ഗാന്ധിയും യാത്രയുടെ ഭാഗമായ ഏകദേശം 230 പേരും നിലവിൽ കേരളത്തിൽ പര്യടനം നടത്തുകയാണ്. ഞായറാഴ്ച തുടങ്ങിയ പര്യടനം 19 ദിവസം സംസ്ഥാനത്തുണ്ടാകും. തമിഴ്നാട്ടിൽ നിന്ന് തുടങ്ങിയ യാത്ര അവിടെ ഏതാനും ദിവസത്തെ പര്യടനത്തിനു ശേഷമാണ് കേരളത്തിലേക്ക് കടന്നത്.

സംഘത്തിലെ 119 ഭാരത് യാത്രികർ, യാത്രയുടെ ഭാഗമായി കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള 3570 കിലോമീറ്റർ ദൂരം പൂർണ്ണമായും നടക്കും. എന്നാൽ ഇവരോടൊപ്പം ചേരുന്ന അതിഥി യാത്രികർ അൽപ ദൂരം മാത്രമേ യാത്രയുടെ കൂടെയുണ്ടാകൂ.
എല്ലാ ദിവസവും ഓരോ ക്യാമ്പ് സൈറ്റിൽ യാത്ര അവസാനിക്കും. നിരവധി പ്രത്യേകതകളാണ് ഈ യാത്രയ്ക്കുള്ളത്. അംഗങ്ങളായ എല്ലാവരും, ട്രക്കുകളിൽ ഘടിപ്പിച്ച ഏകദേശം 60 കണ്ടെയ്നറുകളിലാണ് രാത്രിയിൽ ഉറങ്ങുന്നത് എന്നതാണ് ഒരു പ്രത്യേകത. ഈ ട്രക്കുകളും സംഘത്തെ അനുഗമിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കന്മാർക്കായി രണ്ട് കിടക്കകളുള്ള കണ്ടെയ്നറുകളും മറ്റുള്ളവർക്കായി ആറ് അല്ലെങ്കിൽ 12 കിടക്കകളുള്ള കണ്ടെയ്നറുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. മിക്ക കണ്ടെയ്നറുകളിലും അറ്റാച്ച്ഡ് ശുചിമുറിയുമുണ്ട്. രാഹുൽ ഗാന്ധിക്കാകട്ടെ പ്രത്യേകമായി ഒരു കണ്ടെയ്നറാണുള്ളത്. ഇതിലായിരിക്കും അദ്ദേഹം യാത്രയിലായിരിക്കുന്ന 150 ദിവസത്തോളം ചെലവഴിക്കുന്നത്.
രാഹുലിൻ്റെ കണ്ടെയ്നറിൽ എസിയും ഫ്രിഡ്ജും
കളർ കോഡുകളിലായി തിരിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് കണ്ടെയ്നറുകൾ പാർക്ക് ചെയ്യുന്നത്. കിടക്കകളുടെ എണ്ണത്തെ ആശ്രയിച്ചാണ് ഇത്തരത്തിൽ കളർ കോഡുകൾ നൽകുന്നത്. ഒറ്റ കിടക്ക മാത്രമുള്ളത് മഞ്ഞ സോണിലാണ്. ഇത്തരമൊരു കണ്ടെയ്നറിലാണ് രാഹുൽ ഗാന്ധിയുടെ താമസം. ഇതിന് 1-ാം നമ്പർ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മഹാത്മാ ഗാന്ധിയുടെ പദയാത്രയുടെ ഒരു ചിത്രം ഈ കണ്ടെയ്നറിൽ പതിപ്പിച്ചിട്ടുണ്ട്. “ലോകത്ത് നമ്മൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം സ്വയം ആയിത്തീരുക” എന്ന വാക്യവും കണ്ടെയ്നറിൽ രേഖപ്പെടുത്തിയിരിക്കുന്നു.

മറ്റുള്ള മിക്ക കണ്ടെയ്നറുകളിൽ നിന്നും വ്യത്യസ്തമായി, ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധി ഉപയോഗിക്കുന്ന കണ്ടെയ്നറിൽ ഇരട്ട കിടക്ക, ചെറിയ സോഫ, എയർ കണ്ടീഷനർ, ചെറിയ ഫ്രിഡ്ജ്, അറ്റാച്ച്ഡ് ബാത്ത്റൂം എന്നിവയുണ്ട്. രണ്ടാം നമ്പർ കണ്ടെയ്നറിലാണ് രാഹുലിൻ്റെ സുരക്ഷാ ജീവനക്കാർ വിശ്രമിക്കുന്നത്.

മുതിർന്ന നേതാക്കന്മാർക്ക് 2 കിടക്കകളുള്ള കണ്ടെയ്നർ
നീല സോണിലുള്ള കണ്ടെയ്നറുകളിൽ രണ്ട് കിടക്കകളും ഒരു ബാത്ത്റൂമും ആണുള്ളത്. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ജയറാം രമേശ്, ദിഗ്‌വിജയ സിംഗ് എന്നിവരെ പോലുള്ള മുതിർന്ന നേതാക്കന്മാർ ഇത്തരം കണ്ടെയ്നറുകളിലാണ് താമസം.

“ഞങ്ങൾക്ക് 60 കണ്ടെയ്നറുകളുണ്ട്. ഈ കണ്ടെയ്നറുകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നു. ഒരു കിടക്കയുള്ള കണ്ടെയ്നറാണ് രാഹുൽ ഗാന്ധി ഉപയോഗിക്കുന്നത്,” ജയറാം രമേശ് പറഞ്ഞു.

“കെ.സി വേണുഗോപാലും, ദിഗ്‌വിജയ സിംഗും ഞാനും ഉപയോഗിക്കുന്നത് രണ്ട് കിടക്കകളുള്ള കണ്ടെയ്നറുകളാണ്. നാല്, ആറ്, എട്ട്, 12 എന്നിങ്ങനെ കിടക്കകളുള്ള കണ്ടെയ്നറുകളും ഉണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. തീവണ്ടിയിലെ സെക്കൻഡ് എസി കമ്പാർട്ട്മെൻ്റ് പോലെ മുകളിലും താഴെയുമായി രണ്ട് കിടക്കയാണ് തൻ്റെ കണ്ടെയ്നറിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെയ്നറുകളിൽ ഭക്ഷണം കഴിക്കാനുള്ള ഇടമില്ല. അകത്ത് ടിവി ഇല്ലെങ്കിലും ഫാൻ ഉണ്ട്.

സ്ത്രീകൾക്ക് പ്രത്യേക കണ്ടെയ്നറുകൾ
ക്യാമ്പ് സൈറ്റിലെ പിങ്ക് സോണിൽ പാർക്ക് ചെയ്തിരിക്കുന്ന കണ്ടെയ്നറുകൾ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. ഇവയിൽ മുകളിലെയും താഴത്തേയും ഡെക്കുകളിലായി നാല് കിടക്കകളും അറ്റാച്ച്ഡ് ബാത്ത്റൂമുമുണ്ട്. സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടം ഉള്ളവയാണ് ഈ കിടക്കകൾ.

ചുവപ്പ്, ഓറഞ്ച് സോണുകളിലുള്ള കണ്ടെയ്നറുകളിൽ ബങ്ക് കിടക്കകളാണ് ഉള്ളത്. ഇവയ്ക്ക് നാല് ആളുകളെ ഉൾക്കൊള്ളാനാകും. എന്നാൽ ഇവയിൽ ബാത്ത്റൂം ഇല്ല.

മദ്യം, പുകവലി എന്നിവ അനുവദനീയമല്ല
കണ്ടെയ്നർ മുറികൾ വൃത്തിയാക്കാനും മറ്റുമായി ശുചീകരണ ജീവനക്കാരും സംഘത്തോടൊപ്പമുണ്ട്. കിടക്കവിരിയും മറ്റും ദിവസേന മാറ്റുന്നുണ്ട്. യാത്രികർ തങ്ങളുടെ വസ്ത്രങ്ങൾ ക്യാമ്പ് സൈറ്റിലെ നിർദ്ദിഷ്ട സ്ഥലത്ത് വെക്കണം. ഇത് ഏതാനും ദിവസം കൂടുമ്പോൾ അലക്കി തേച്ചു നൽകും.
ചില കണ്ടെയ്നറുകളെ ശുചിമുറികളാക്കി മാറ്റിയിട്ടുണ്ട്. ഇവയിൽ ടി (T) എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഏഴ് ശുചിമുറികളുണ്ട്. അഞ്ചെണ്ണം പുരുഷന്മാർക്കും രണ്ടെണ്ണം സ്ത്രീകൾക്കും.

എല്ലാ ക്യാമ്പ് സൈറ്റിലും ഭക്ഷണം കഴിക്കാൻ പ്രത്യേക ഇടം തയ്യാറാക്കിയിട്ടുണ്ടാകും. വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് നൽകുന്നത്. ബാഹ്യ ഏജൻസി പ്രാദേശികമായി തയ്യാറാക്കുന്നതാണ് ഭക്ഷണം. കണ്ടെയ്നറുകൾക്ക് ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.

വിവിധ കണ്ടെയ്നറുകളിൽ പതിച്ചിരിക്കുന്ന ക്യാമ്പ് നിർദ്ദേശങ്ങൾ അനുസരിച്ച് മദ്യപാനം, പുകവലി, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ അനുവദനീയമല്ല.

‘കണ്ടെയ്നറുകൾ ചൈനയിൽ നിർമ്മിച്ചവയല്ല’
കണ്ടെയ്നറുകൾ ചൈനയിൽ നിർമ്മിച്ചവയാണ് എന്ന ആരോപണം ജയറാം രമേശ് തള്ളിക്കളഞ്ഞു. “വളരെ അടിസ്ഥാനപരമായ സൗകര്യങ്ങളാണ് അവയിലുള്ളത്. സെക്കൻഡ് എസി റെയിൽ കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യുമ്പോൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ളവയാണിത്, ” അദ്ദേഹം പറഞ്ഞു.

രാജ്യം ഭരിക്കുന്ന പാർട്ടി ദുഷ്പ്രചാരണം മാത്രമാണ് നടത്തുന്നതെന്ന്, ബിജെപിയെ കടന്നാക്രമിച്ചുകൊണ്ട് രമേശ് പറഞ്ഞു. “ഭാരത് ജോഡോ യാത്രയെ അപമാനിക്കാനായി പ്രധാന മന്ത്രിയുടെ ആശീർവാദത്തോടെ ബിജെപി ഐടി സെൽ നടത്തിയ ആരോപണങ്ങൾ ബിജെപിയുടെ ഭയമാണ് കാണിക്കുന്നത്,” രമേശ് പറഞ്ഞു. തങ്ങൾക്ക് ഒന്നും മറയ്ക്കാനില്ലെന്നും ബിജെപിക്കാർ തങ്ങളുടെ ക്രമീകരണങ്ങൾ വന്ന് കണ്ടാൽ അവർക്കിത് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3570 കിലോമീറ്റർ ദൂരം താണ്ടുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധിയും സംഘവും തുടക്കം കുറിച്ചത്. സംഘം ഏകദേശം 5 മാസമെടുത്ത് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകും. രാവിലെ 7 മണി മുതൽ 10.30 വരെയും ഉച്ച തിരിഞ്ഞ് 3.30 മുതൽ 6.30 വരെയും രണ്ട് ബാച്ച് ആയാണ് യാത്ര മുന്നോട്ട് നീങ്ങുന്നത്.

രാവിലെ ആളുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിൽ വൈകുന്നേരങ്ങളിൽ നിരവധി പേർ യാത്രയുടെ ഭാഗമാകാനെത്തുന്നുണ്ട്. ഓരോ ദിവസവും 22-23 കിലോമീറ്റർ നടക്കാനാണ് യാത്രയിലെ അംഗങ്ങൾ ലക്ഷ്യമിടുന്നത്.

ഭാരത് യാത്രികരുടെ ശരാശരി പ്രായം 38 വയസ്സാണ്. ഇവരിൽ 30 ശതമാനം പേരും സ്ത്രീകളാണ്. മാർച്ചിൽ പങ്കെടുക്കാനായി അമ്പതിനായിരത്തോളം ആളുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow