എടിഎം കവർച്ചയിലൂടെ 30 ലക്ഷം തട്ടി; ആഷിഫ് ലക്ഷ്യമിട്ടത് ഐഎസിലേക്ക് റിക്രൂട്ട്മെന്‍റും ഫണ്ട് ശേഖരണവും

Jul 21, 2023 - 09:38
 0
എടിഎം കവർച്ചയിലൂടെ 30 ലക്ഷം തട്ടി; ആഷിഫ് ലക്ഷ്യമിട്ടത് ഐഎസിലേക്ക് റിക്രൂട്ട്മെന്‍റും ഫണ്ട് ശേഖരണവും

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ ആഷിഫ് ഉൾപ്പെട്ട സംഘം എടിഎം കവർച്ച നടത്തി 30 ലക്ഷം രൂപ തട്ടിയതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി. ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഫണ്ട് സമാഹരിക്കാനായാണ് എടിഎമ്മുകളിൽ സംഘം കവർച്ച നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ കരാഞ്ചിറയിലെ ഇയാളുടെ വീട്ടിലെത്തിയ കൊച്ചിയിലെ എന്‍ഐഎ സംഘം രണ്ടുമണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിന് ശേഷമാണ് ആഷിഫിനെ അറസ്റ്റ് ചെയ്തത്. ഇയാളെ തമിഴ്നാട്ടിലെ സത്യമംഗലം വനമേഖലയായ ഈറോഡ് ഭവാനിസാഗറിന് സമീപം ദൊഡ്ഡംപാളയത്തുനിന്നാണ് പിടികൂടിയത്.

പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിച്ചുതാമസിച്ചുവന്നത്. ടെലഗ്രാമിൽ പെറ്റ് ലവേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയാണ് ആഷിഫും സംഘവും എടിഎം കവർച്ചയും ഓൺലൈൻ ബാങ്കിങ്ങും തട്ടിപ്പുമൊക്കെ ആസൂത്രണം ചെയ്തിരുന്നതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കിലും സഹകരണ സംഘത്തിലും ജ്വല്ലറിയിലും കവർച്ച നടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നതായും എൻഐഎ പറയുന്നു.

കേരളത്തിലെ ISIS ഭീകരാക്രമണ പദ്ധതി തകർത്തെന്ന് NIA; തൃശൂർ സ്വദേശി അറസ്റ്റിൽ

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളെ ചേർക്കലും സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്തലുമായിരുന്നു ആഷിഫ് എടിഎം കവർച്ചയിലൂടെ ലക്ഷ്യമിട്ടത്. കഴിഞ്ഞ ദിവസം ആഷിഫ് ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കാട്ടൂര്‍ പൊലീസിനെ അറിയിക്കാതെ കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ പൊലീസിന്റെ സഹായമാണ് എന്‍ഐഎ ആഷിഫിന്റെ അറസ്റ്റിനായി തേടിയത്.

കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന എടിഎം കവർച്ചയെ തുടർന്നാണ് ആഷിഫ് ഉൾപ്പെട്ട സംഘത്തെക്കുറിച്ച് എൻഐഎ നിരീക്ഷണം നടത്തിവന്നത്. ആഷിഫും സംഘവും ചേർന്ന് എടിഎം കവര്‍ച്ച, ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് ഉൾപ്പടെ വന്‍കിട മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായി എൻഐഎ പറയുന്നു. പാടൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ആഷിഫ് പ്രതിയാണ്.

എറണാകുളത്തെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഭീകര സംഘടനയായ ഐഎസിന് വേണ്ടി ധനസമാഹരണം നടത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ‌യുള്ളതെന്നാണ് സൂചന. കോളിളക്കം സൃഷ്ടിച്ച തമിഴ്നാട് ഈറോഡ് എടിഎം കവര്‍ച്ചാ കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും എൻഐഎ സംശയിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow