'എസ്എഫ്ഐ വിരുദ്ധ ക്യാംപയിൻ നടത്തിയാൽ മുമ്പും കേസെടുത്തിട്ടുണ്ട്, ഇനിയും എടുക്കും': എം.വി. ഗോവിന്ദൻ

Jun 11, 2023 - 21:45
 0
'എസ്എഫ്ഐ വിരുദ്ധ ക്യാംപയിൻ നടത്തിയാൽ മുമ്പും കേസെടുത്തിട്ടുണ്ട്, ഇനിയും എടുക്കും': എം.വി. ഗോവിന്ദൻ

മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നൽകിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ അടക്കം പ്രതിചേര്‍ത്ത് കേസെടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍ഷോയുമായി ബന്ധപ്പെട്ട ആരോപണത്തിലെ റിപ്പോര്‍ട്ടിങ്ങും ഗൂഢാലോചനയുടെ ഭാഗമായാണ് കാണേണ്ടതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വെറുതേയങ്ങ് റിപ്പോര്‍ട്ട് വരില്ല. ഗൂഢാലോചന നടത്തിയത് ആരൊക്കെയാണോ അവരെയൊക്കെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ആരൊക്കെ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ അവരെയെല്ലാം കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടണം. ഇന്നലെ മാധ്യമങ്ങള്‍ ഈ നിലപാടാണ് സ്വീകരിച്ചത്. ആ നിലപാട് സ്വീകരിച്ച സര്‍ക്കാരിന് പിന്തുണകൊടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. എസ്എഫ്ഐ വിരുദ്ധ ക്യാംപയിന്‍ നടത്താന്‍ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടന്നാല്‍ മുമ്പും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ? ഇനിയും ഉള്‍പ്പെടുന്ന നിലയാണ് ഉണ്ടാവുക, സംശയം വേണ്ട’, സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ മാധ്യമങ്ങള്‍ക്കെതിരേയുള്ള നടപടികളുമായി കേസിനെ താരതമ്യംചെയ്യേണ്ട. അതിന് ഇതുമായി യാതൊരു ബന്ധവുമില്ല. എഫ്ഐആറില്‍ പറയുന്ന കാര്യങ്ങളൊന്നും നോക്കണ്ട. അന്വേഷണത്തിന്റെ ഭാഗമായി എഫ്ഐആര്‍ മാത്രമല്ല ഉള്ളത്. കേസിന്റെ മെറിറ്റിലേക്ക് താന്‍ പോകുന്നേയില്ല. കേസ് എന്ത് എന്നുള്ളതല്ല, ഗൂഢാലോചനക്കാരെ ഫലപ്രദമായി കൈകാര്യംചെയ്യാന്‍, നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും എം വി ഗോവിനന്ദന്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow