കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി; പ്രസിഡന്‍റ് സ്ഥാനം യുഡിഎഫ് നേടി

Jul 26, 2023 - 18:48
 0
കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി; പ്രസിഡന്‍റ് സ്ഥാനം യുഡിഎഫ് നേടി

ഉമ്മന്നൂർ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിലെ ഷീബ ചെല്ലപ്പൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് പ്രസിഡന്‍റ് സ്ഥാനം പിടിച്ചതെന്ന് എൽഡിഎഫ് ആരോപിക്കുന്നു.

നിലവിൽ എൽഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്തായിരുന്നു ഉമ്മന്നൂർ. മുന്നണിയിലെ ധാരണപ്രകാരം രണ്ടരവർഷം പൂർത്തിയാക്കിയ സിപിഐയിലെ അമ്പിളി ശിവൻ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

ആകെ 20 അംഗങ്ങളുള്ള പഞ്ചായത്തിൽ നിലവിൽ എൽഡിഎഫിന് ഒമ്പതും യുഡിഎഫിനും എട്ടും ബിജെപിക്ക് മൂന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ധാരണപ്രകാരം അടുത്ത രണ്ടരവർഷം സിപിഎമ്മിനാണ് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം. ഇതനുസരിച്ച് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം കൊട്ടാരക്കര ഏരിയാ കമ്മിറ്റി അംഗം ബിന്ദു പ്രകാശാണ് മത്സരിച്ചത്.

എന്നാൽ സിപിഐ അംഗത്തിന്‍റെ വോട്ട് അസാധുവായതോടെ എൽഡിഎഫിനും യുഡിഎഫിനും എട്ട് വീതം അംഗങ്ങളായി. ഇതോടെ, വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരുന്നു. ഇതിൽ ബിജെപി യുഡിഎഫിനെ പിന്തുണച്ചതോടെ ഷീബ ചെല്ലപ്പൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഏറെക്കാലത്തെ ഗൂഢാലോചനയുടെ ഫലമായി അരങ്ങേറിയ പൊറാട്ട് നാടകമാണ് ഉമ്മന്നൂർ പഞ്ചായത്തിൽ അരങ്ങേറിയതെന്ന് സിപിഎം ഏരിയാ സെക്രട്ടറി പി കെ ജോൺസൻ പറഞ്ഞു. കഴിഞ്ഞ ഒന്നരമാസക്കാലമായി ബിജെപിയും കോൺഗ്രസും ചേർന്ന് എൽഡിഎഫ് ഭരണം അട്ടിമറിക്കാനുള്ള ബോധപൂർവമായ പരിശ്രമമാണ് നടത്തിയതെന്നും പി കെ ജോൺസൻ ആരോപിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തിയശേഷമാണ് ബിജെപി, യുഡിഎഫ് പാളയത്തിലേക്ക് പോയതെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം ആദ്യം വോട്ടെടുപ്പ് നടന്നപ്പോൾ എൽഡിഎഫിലെ ഒരു വോട്ട് അസാധുവായത് സിപിഎം സ്ഥാനാർഥിയെ തോൽപ്പിക്കാൻ മനപൂർവം സംഭവിച്ചതാണെന്ന് കോൺഗ്രസ് നേതാവും വാർഡ് അംഗവുമായ സുജാതൻ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ആരുടെ വോട്ട് ലഭിച്ചാലും അത് സ്വീകരിക്കാനാണ് തീരുമാനിച്ചത്. എന്നാൽ ബിജെപിയുമായോ, എൽഡിഎഫുമായോ ധാരണയുണ്ടാക്കാനോ ഭരണം പങ്കിടാനോ ഒരുക്കമല്ല. ബിജെപി വോട്ട് ലഭിച്ചതിന്‍റെ പേരിൽ ഉടൻ രാജിവെക്കില്ലെന്നും, നേതൃത്വവുമായി ആലോചിച്ച് മാത്രമെ ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്നും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് സുജാതൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow