IPL 2023| ചെന്നൈയെ വീണ്ടും തോൽപിച്ച് രാജസ്ഥാൻ റോയൽസ്

സീസണിൽ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ ധോണിയെയും സംഘത്തെയും അവരുടെ തട്ടകത്തില്‍ രാജസ്ഥാൻ മൂന്ന് റൺസിന് തോല്‍പ്പിച്ചിരുന്നു.വ്യാഴാഴ്ച സ്വന്തം കാണികള്‍ക്ക് മുന്നിൽ ​ചെന്നൈ​യെ വീണ്ടും തോൽപ്പിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരിക്കുകയാണ്

Apr 28, 2023 - 08:46
 0
IPL 2023| ചെന്നൈയെ വീണ്ടും തോൽപിച്ച് രാജസ്ഥാൻ റോയൽസ്

 ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാമത്തെ നേർക്കുനേര്‍ പോരാട്ടത്തിലും ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ചെന്നൈയുടെ ഇന്നിങ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 170ൽ അവസാനിച്ചു. 

32 റൺസ് വിജയത്തോടെ രാജസ്ഥാൻ വീണ്ടും പോയിന്റു പട്ടികയിലെ ഒന്നാം സ്ഥാനം തിരികെ പിടിച്ചു.33 പന്തിൽ 52 നേടിയ ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ

29 പന്തിൽ 47 റൺസെടുത്ത ഋതുരാജ് ഗെയ്ക്‌വാദ് ചെന്നെയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ ഡെവോൻ കോൺവേ (16 പന്തിൽ 8), അജങ്ക്യ രഹാനെ(13 പന്തിൽ 15), അമ്പാട്ടി റായിഡു (2 പന്തിൽ 0) എന്നിവർക്ക് തിളങ്ങാൻ കഴിയാതെ വന്നതോടെ ചെന്നൈയുടെ സ്കോറിങ്ങിന് വേഗത കുറഞ്ഞു

മൊയീൻ അലി (12പന്തിൽ 23), രവീന്ദ്ര ജഡേജ (15 പന്തിൽ 23 ) എന്നിവരുമായി ചേർന്ന് ശിവം ദുബെ അവസാനം വരെ പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. 

രാജസ്ഥാനു വേണ്ടി ആദം സാംപ 3 വിക്കറ്റു വീഴ്ത്തി. രവിചന്ദ്ര അശ്വിൻ 2 വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് യശ്വസി ജയ്‍സ്വാളിന്റെ ബാറ്റിങ്ങ് മികവിൽ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു

43 പന്തിൽ എട്ടു ഫോറുകളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെ 77 റൺസാണ് ജയ്‌സ്വാൾ അടിച്ചെടുത്തത്. ഓപ്പണർ യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത്.

സ്കോർ 86ൽ നിൽക്കെ ബട്‍ലർ (21 പന്തിൽ 27) പുറത്തായി. പിന്നാലെ എത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (17 പന്തിൽ 17) കാര്യമായ സംഭാവനകളൊന്നും നൽകാതെ പുറത്തായി. 

പതിമൂന്നാം ഓവറിന്റെ അവസാന പന്തിൽ സ്കോർ 132 ൽ നിൽക്കെ തിഷാർ ദേശ്പാണ്ഡെയുടെ പന്തിൽ അജങ്ക്യ രഹാനെ ക്യാച്ചെടുത്ത് ജയ്‍സ്വാളും ക്രീസ് വിട്ടു. ഇതോടെ രാജസ്ഥാന്റെ സ്കോറിങ്ങും ഇഴയാൻ തുടങ്ങി.

ഹെറ്റ്മെയർ (10 പന്തിൽ 8) പുറത്തായതോടെ അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ദേവ്‌ദത്ത് പടിക്കലും (12 പന്തിൽ 24*) ധ്രുവ് ജുറലും (15 പന്തിൽ 34) ആണ് രാജസ്ഥാന്റെ സ്കോർ 200 കടത്തിയത്. ചെന്നൈയ്ക്കായി തുഷാർ ദേശ്പാണ്ഡെ രണ്ടു വിക്കറ്റും രവീന്ദ്ര ജഡേജ മഹീഷ് തീക്ഷണ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി

പരിക്ക് കാരണം വിശ്രമത്തിലുള്ള ട്രെന്റ് ബോൾട്ടിന്റെ അഭാവത്തിലും മികച്ച പ്രകടനമാണ് രാജസ്ഥാൻ ബൗളർമാർ കാഴ്ചവെച്ചത്.

സീസണിൽ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ ധോണിയെയും സംഘത്തെയും അവരുടെ തട്ടകത്തില്‍ രാജസ്ഥാൻ മൂന്ന് റൺസിന് തോല്‍പ്പിച്ചിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow