തോറ്റ് തൊപ്പിയിട്ടിട്ടും പന്ത് പിന്നെയും ബിസിസിഐയുടെ ലോകകപ്പ് ടീമില്‍, അപമാനിക്കപ്പെട്ട് സഞ്ജു

അവഗണന മലയാളി താരം സഞ്ജു സാംസണിനെ കുറിച്ച് പറയുമ്പോള്‍ ഈ വാക്കുകള്‍ ചേര്‍ത്ത് എപ്പോഴും എഴുതാനാണ് കളിപ്രേമികള്‍ക്ക് വിധി.

Sep 13, 2022 - 17:21
Sep 13, 2022 - 19:16
 0
തോറ്റ് തൊപ്പിയിട്ടിട്ടും പന്ത് പിന്നെയും ബിസിസിഐയുടെ ലോകകപ്പ് ടീമില്‍, അപമാനിക്കപ്പെട്ട് സഞ്ജു

അവഗണന. മലയാളി താരം സഞ്ജു സാംസണിനെ കുറിച്ച് പറയുമ്പോള്‍ ഈ വാക്കുകള്‍ ചേര്‍ത്ത് എപ്പോഴും എഴുതാനാണ് കളിപ്രേമികള്‍ക്ക് വിധി. മൂന്ന് മത്സരം തികച്ച് അയാളൊരു പരമ്പര കളിക്കുന്നത് കാത്തിരുന്നിട്ടുണ്ട് ക്രിക്കറ്റ് പ്രേമികള്‍. ആരുമില്ലാത്ത ടീമിലും അവസരത്തിനായി അയാള്‍ കാത്തിരുന്നിട്ടുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോഴും ഈ വാക്ക് ചേര്‍ത്ത് കൊണ്ട് തന്നെ എഴുതേണ്ടി വരുന്നത് എന്തൊരു ഗതികേടാണ്.

എന്നാല്‍ മറുവശത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ടി20യില്‍ ഒരു പരാജയമാണെന്ന് ഇനി ആരും പറയാത്തതായില്ല. ഏഷ്യകപ്പിലും പരാജയത്തിന്റെ കഥ ആവര്‍ത്തിക്കുകയാണ് പന്ത് ചെയ്തത്. എന്നാല്‍ പന്തിനെ ഒഴിവാക്കാനോ മാറ്റിനിര്‍ത്താനോ ബിസിസിഐയ്ക്ക് താല്‍പര്യമോ ആഗ്രമോ ഇല്ല. ടീമിലെ സ്ഥാനം അവകാശം പോലെ അയാള്‍ക്ക് പതിച്ച് കൊടുക്കപ്പെട്ടുകഴിഞ്ഞു,

ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തുറന്ന് സമീപിക്കാന്‍ ഒരാള്‍ക്കും കഴിയുന്നില്ല എന്നതാണ് സത്യം. ഏഷ്യകപ്പില്‍ സാക്ഷാല്‍ മുഹമ്മദ് ഷമി വരെ ഈ അവഗണനയുടെ കൈപ്പറിഞ്ഞു. ഫലമോ ദുര്‍ബലരായ എതിരാളികള്‍ ആയിട്ട് പോലും ഏഷ്യ കപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി.

ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോഴും ഷമിയെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. പകരം സ്റ്റാന്‍ഡ് ബൈ ആയിട്ടാണ് ഷമി ടീമിലുളളത്. ഒരു സീനിയര്‍ താരത്തിന്റെ ഗതി ഇതാണെങ്കില്‍ സഞ്ജുവിന്റെ കാര്യം പിന്നെ എന്ത് പറയാനാണ്.

ഇന്ത്യന്‍ ക്രിക്കറ്റിലെ മേലാളന്മാരുടെ ഗുഡ് ബുക്കില്‍ സഞ്ജുവിന് സ്ഥാനമില്ല. സഞ്ജുവിനെ വിശ്വസിക്കാനോ പ്രതിഭയെ ആദരിക്കാനോ ആരും തയ്യാറല്ല. പ്രായം 27 കഴിയുമ്പോഴും ടീം ഇന്ത്യയില്‍ നിഴല്‍മാത്രമായി തുടരാനാണ് സഞ്ജുവിന് വിധി. അവസരം കൊടുത്താല്‍ പലരുടേയും സ്ഥാനം ഈ മലയാളിപ്പയ്യന്‍ ഇല്ലാതാക്കുമെന്ന് ഉറപ്പുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ പ്രതിഭ ക്രിക്കറ്റ് ലോകം കണ്ടതാണ്. നായകനാകാന്‍ വരെ കെല്‍പ്പുളള താരമാണ് സഞ്ജുവെന്ന് ഐപിഎല്ലിലൂടെ സഞ്ജു തെളിയിച്ചതാണ്.

ഐപിഎല്ലില്‍ തിളങ്ങിയ മറ്റെല്ലാവരേയും ടീം ഇന്ത്യ രാജകീയമായി തന്നെ പരിഗണിച്ചപ്പോള്‍ രാജസ്ഥാനെ ഫൈനലിലേക്ക് നടത്തിച്ച സഞ്ജുവിനെ മാത്രം ആരും കണ്ടില്ല. അയാളെ ഈ ടീം അര്‍ഹിക്കുന്നില്ല എന്നതാണ് സത്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow