ആർമി പരീക്ഷയിൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടി; 28 ഉദ്യോഗാർത്ഥികൾ പിടിയിൽ

ചെന്നൈയിൽ നടന്ന ആർമി റിക്രൂട്ട്മെൻ്റ് പരീക്ഷയിലാണ് യുവാക്കൾ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് പുറത്തുള്ളവരുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചത്.

Oct 12, 2022 - 02:45
 0
ആർമി പരീക്ഷയിൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടി; 28 ഉദ്യോഗാർത്ഥികൾ പിടിയിൽ

ഇന്ത്യൻ ആർമിയിലേക്ക് നടന്ന പരീക്ഷയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച 28 പേരെ പിടികൂടി. ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിച്ചവരെയാണ് പിടികൂടിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിൽ നടന്ന ആർമി പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. ചെന്നൈയിലെ നന്ദമ്പാക്കം പ്രദേശത്തു വെച്ച് നടന്ന ആർമി റിക്രൂട്ട്മെൻ്റ് പരീക്ഷയിലാണ് യുവാക്കൾ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് പുറത്തുള്ളവരുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചത്. ആർമിയിലെ ഗ്രൂപ്പ് സി വിഭാഗത്തിലേക്കുള്ള പരീക്ഷയ്ക്കിടെയാണ് സംഭവം.

നന്ദമ്പാക്കത്തെ ഒരു സ്കൂളിൽ വെച്ചായിരുന്നു പരീക്ഷ നടന്നത്. ഏതാണ്ട് ആയിരത്തോളം പേർ പരീക്ഷ എഴുതാനായി എത്തിയിരുന്നുതായാണ് വിവരം. പരീക്ഷ എഴുതുന്നതിനിടെ ചിലരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സൂപ്പർവൈസർമാർ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു എന്ന കാര്യം മനസ്സിലായത്.

തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി ഇവരെ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് ഇവർക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു. ഇവർക്കെതിരായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പിടിക്കപ്പെട്ട യുവാക്കളെ ആർമി ഇനി ഡീബാർ ചെയ്യുമെന്നാണ് വിവരം. ഇവർക്ക് ഇനി ഇന്ത്യൻ ആർമിയിലേക്കുള്ള പരീക്ഷകൾക്ക് അപേക്ഷിക്കാൻ കഴിയില്ല. പോലീസ് ഇവരെ കുറിച്ചുള്ള കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ആർമിയിലേക്കുള്ള റിക്രൂട്ട്മെൻ്റ് പരീക്ഷകളിൽ തട്ടിപ്പ് നടത്താൻ ഉദ്യോഗാർത്ഥികൾ ശ്രമിക്കുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ മാസം, പ്രശസ്തമായ എൻഡിഎ പരീക്ഷയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച ഒരു ഉദ്യോഗാർത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 2022-ലെ എൻഡിഎ 2 പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഉദ്യോഗാർത്ഥിയുടെ വീഡിയോയാണ് പ്രചരിപ്പിക്കപ്പെട്ടത്. എൻഡിഎ ജിഎടി പേപ്പർ പരീക്ഷ നടക്കുന്നതിനിടെയായിരുന്നു സംഭവം.

ഈ സംഭവം പുറത്തു വന്നതിനെ തുടർന്ന് ഉദ്യോഗാർത്ഥിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പരീക്ഷയെഴുതിയ മറ്റുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ആർമ്മിയിലെ ഓഫീസർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മാനദണ്ഡമാണ് എൻഡിഎ പരീക്ഷ. വർഷത്തിൽ രണ്ടു തവണയാണ് യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ഈ പരീക്ഷ നടത്തുന്നത്.

മറ്റു മത്സര പരീക്ഷകളിലും ആൾമാറാട്ടവും തട്ടിപ്പും നടത്തുന്ന സംഭവങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരത്തിൽ ഏറെ വിവാദം ഉയർത്തിയ സംഭവമായിരുന്നു അസമിലെ ജെഇഇ പരീക്ഷ ആൾമാറാട്ട കേസ്. സംസ്ഥാനത്തെ ജെഇഇ പരീക്ഷയിൽ ടോപ്പറായ നീൽ നക്ഷത്ര ദാസ് എന്ന വിദ്യാർത്ഥിക്ക് പകരം മറ്റൊരാളാണ് പരീക്ഷ എഴുതിയത് എന്ന കാര്യം രാജ്യത്ത് ചർച്ചയായിരുന്നു.

തനിക്ക് പകരം മറ്റൊരാളാണ് പരീക്ഷ എഴുതിയതെന്ന് ഈ വിദ്യാർത്ഥി സുഹൃത്തിനോട് പറയുന്ന സംഭാഷണം പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ പോലീസിൽ പരാതി എത്തുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കേസിൽ പ്രതികളായ നീൽ നക്ഷത്ര ദാസ്, പിതാവ് ജ്യോതിർമയി ദാസ്, മുഖ്യ പ്രതിയും കോച്ചിംഗ് സെൻ്റർ ഉടമയുമായ ഭാർഗവ് ദേക, കോച്ചിംഗ് സെൻ്ററിലെ ഒരു വനിതാ ജീവനക്കാരി, പകരം പരീക്ഷ എഴുതിയ പ്രദീപ് കുമാർ എന്നിങ്ങനെ എട്ടു പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow