കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു; പി. സന്തോഷ് കുമാർ മലയാളത്തിൽ

കേരളത്തില്‍ നിന്ന് സി പി എം പ്രതിനിധി എ എ റഹിം, സിപിഐ അംഗം പി. സന്തോഷ് കുമാര്‍, കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

Apr 4, 2022 - 20:01
 0
കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു; പി. സന്തോഷ് കുമാർ മലയാളത്തിൽ

 പുതിയതായി തെരഞ്ഞെടുത്ത രാജ്യസഭ അംഗങ്ങള്‍ (Rajya Sabha) സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്ന് സി പി എം പ്രതിനിധി എ എ റഹിം, സിപിഐ അംഗം പി. സന്തോഷ് കുമാര്‍, കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. പി. സന്തോഷ് കുമാര്‍ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പത്ത് പ്രതിനിധികളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബില്‍ അധികാരത്തിലെത്തിയ എഎപിയുടെ രാജ്യസഭ അംഗങ്ങളായി അഞ്ചുപേര്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞക്ക് പിന്നാലെ, രാജ്യസഭയില്‍ പ്രതിപക്ഷം ഇന്ധന വിലവര്‍ധനവിന് എതിരെ പ്രതിഷേധം നടത്തി. തുടര്‍ന്ന് രാജ്യസഭ 12 മണിവരെ നിര്‍ത്തിവച്ചു.

രാജ്യസഭയിലും ദുര്‍ബലരായി കോണ്‍ഗ്രസ്; 17 സംസ്ഥാനങ്ങളിലെ‍ പ്രതിനിധികളില്ല

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ദേശീല തലത്തിലെ സ്ഥിതി പരുങ്ങലിലായ നിലയിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തുന്ന പ്രതിരോധവും നേതൃത്വത്തിന് തലവേദനയാകുന്നതിന് പിന്നാലെ രാജ്യസഭയിലും കോണ്‍ഗ്രസ് അപ്രസക്തരാവുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടക്കം 17 മേഖലകളില്‍ നിന്ന് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രതിനിധികളില്ലാത്ത സ്ഥിതിയാണ് ഉള്ളത്. അംഗബലം കുറയുന്നതിനൊപ്പം പ്രാദേശിക തലങ്ങളില്‍ സ്വാധീനം നഷ്ടപ്പെട്ട് തീര്‍ത്തും ദുര്‍ബലരാകുന്ന സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിക്കഴിഞ്ഞു.

നാല് പ്രതിനിധികളാണ് രാജ്യസഭയില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ചത്. ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒരാളെ മാത്രമാണ് കോണ്‍ഗ്രസിന് ഉപരിസഭയില്‍ എത്തിക്കാനായത്. നിലവില്‍ 30 പേരാണ് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം. വരുന്ന ജൂണ്‍ ജൂലായ് മാസങ്ങളില്‍ 9 പേര്‍കൂടി വിരമിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി വീണ്ടും ചുരുങ്ങുന്ന നിലയുണ്ടാവും.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഇത്രയും മോശം അവസ്ഥ നേരിടുന്നത്. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഢീഷ, ഡല്‍ഹി, ഗോവ സംസ്ഥാനങ്ങളിലുമാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യം ഇല്ലാതാവുക.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് പ്രതിനിധികളില്ലാത്ത സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായി ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നു എന്നിടത്ത് നിന്നാണ് ഈ തിരിച്ചടി. വരുന്ന രണ്ട് വര്‍ഷത്തിനിടെ രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് 5 പേര്‍ വീതവും ഛത്തീസ്ഗഡില്‍ നിന്ന് 4 പേരും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 3 പേരെയും പശ്ചിമ ബംഗാള്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേരെ വീതവുമാണ് കോണ്‍ഗ്രസിന് പരമാവധി രാജ്യസഭയില്‍ എത്തിക്കാന്‍ കഴിയുക.

കേരളം, ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് ഒരോ പ്രതിനിധികളെ കൂടി സംഭാവന ചെയ്യാന്‍ കഴിഞ്ഞേക്കും. തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറ് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ഡിഎംകെ കോണ്‍ഗ്രസിന് നല്‍കുമെന്നതാണ് പാര്‍ട്ടിക്ക് മുന്നിലുള്ള മറ്റൊരു പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow