ആടുജീവിതം നിര്‍ത്തി, പൃഥ്വിരാജും ബ്ലെസിയും ജോര്‍ദ്ദനില്‍ കുടുങ്ങി, മടങ്ങിയെത്താന്‍ സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത്

കര്‍ഫ്യൂ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് അനുമതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ബ്ലെസിയും ഉള്‍പ്പെടെ 58 അംഗ സംഘം ഇവിടെ കുടുങ്ങി.

Apr 1, 2020 - 08:56
 0
ആടുജീവിതം നിര്‍ത്തി, പൃഥ്വിരാജും ബ്ലെസിയും ജോര്‍ദ്ദനില്‍ കുടുങ്ങി, മടങ്ങിയെത്താന്‍ സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത്

ജോര്‍ദ്ദനില്‍ വാദി റം മരുഭൂയില്‍ ചിത്രീകരണം തുടരുന്ന ആടുജീവിതം സിനിമ കൊവിഡ് 19 കര്‍ഫ്യൂവിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. കര്‍ഫ്യൂ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് അനുമതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ബ്ലെസിയും ഉള്‍പ്പെടെ 58 അംഗ സംഘം ഇവിടെ കുടുങ്ങി. ഇക്കാര്യം അറിയിച്ച് സംവിധായകന്‍ ബ്ലെസി ഫിലിം ചേംബറിന് കത്തയച്ചു. പൃഥ്വിരാജിനെയും ബ്ലെസിയെയും സംഘത്തെയും നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേംബര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി വി മുരളീധരനും കത്തയച്ചു.

ഫിലിം ചേംബറിന് ബ്ലെസി ജോര്‍ദ്ദനിലെ സാഹചര്യം അറിയിച്ച് കത്തയച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെയും കേന്ദ്രമന്ത്രി വി മുരളീധരനെ ബന്ധപ്പെട്ടതായി ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് ദ ക്യുവിനോട് പ്രതികരിച്ചു.

ആടുജീവിതം ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തങ്ങേണ്ടി വന്ന നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും കോവിഡ് 19 ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ സംഭവത്തില്‍ നേരത്തെ കേന്ദ്രവിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടിരുന്നു. ജോര്‍ദ്ദനില്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായി.

സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെടെ 58 അംഗസംഘമാണ് ജോര്‍ദ്ദനിലെ വാദിറം മരുഭൂമിയല്‍ ചിത്രീകരണത്തിനായി തങ്ങിയിരുന്നത്. കോവിഡ് ബാധയ്ക്ക് പിന്നാലെ ജോര്‍ദ്ദനില്‍ കര്‍ഫ്യൂ നിലവില്‍ വന്നതോടെ പ്രതിസന്ധിയായ മലയാളി സിനിമാ സംഘത്തിനായി വിദേശ കാര്യമന്ത്രാലയം ഇടപെട്ട് ചിത്രീകരണം തുടരുകയായിരുന്നു. ഏപ്രില്‍ 10 വരെയായിരുന്നു ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കര്‍ക്കശമാക്കിയതിന് പിന്നാലെ അനുമതി റദ്ദാക്കി. നേരത്തെ വാദിറം മരുഭൂമിയിലെ അല്‍സുല്‍ത്താന്‍ ക്യാമ്പില്‍ ഏതാനും ദിവസത്തെ ഭക്ഷണവും അവശ്യസാധനങ്ങളുമായി കുടുങ്ങിയ സിനിമാ സംഘത്തിനായി ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചിരുന്നു. ജോര്‍ദ്ദനില്‍ നിന്നുള്ള ഡോക്ടര്‍മാരും ക്യാമ്പിലെത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow