വീടുകളിൽ ആയിരം ലിറ്റര്‍ വെള്ളത്തിന് 10 രൂപ കൂടും; വാട്ടര്‍ ചാര്‍ജ് വര്‍ധനവ് ഏപ്രില്‍ മുതല്‍

മാസം 5000 മുതല്‍ 20,000 ലീറ്റർ വെള്ളം ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കാണ് ചാര്‍ജ് വര്‍ധനവ് മൂലം കൂടുതൽ ചെലവേറുന്നത്

Jan 14, 2023 - 16:59
 0
വീടുകളിൽ ആയിരം ലിറ്റര്‍ വെള്ളത്തിന് 10 രൂപ കൂടും; വാട്ടര്‍ ചാര്‍ജ് വര്‍ധനവ് ഏപ്രില്‍ മുതല്‍

സംസ്ഥാനത്തെ വാട്ടര്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടത് മുന്നണി യോഗം ഇന്നലെ അനുമതി നല്‍കിയിരുന്നു. ലിറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനാണ് വെള്ളിയാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്.  ഏപ്രില്‍ മുതല്‍ പുതിയ നിരക്കിലാകും വാട്ടര്‍ ചാര്‍ജ് ഈടാക്കുക. ഇതുപ്രകാരം 1000 ലിറ്റര്‍ വെള്ളത്ത 10 രൂപ കൂടും. ഗാർഹിക ഉപയോക്താക്കൾ നിലവിൽ 1000 ലീറ്ററിന് 4.41 രൂപയാണ് നൽകുന്നതെങ്കിൽ ഇനി 14.41 രൂപയായി ഉയരും. സ്ലാബ് അനുസരിച്ചാകും നിരക്കിലെ വർധന.

ഒരു മാസം 5000 ലിറ്റർ വെള്ളം ഉപയോഗിക്കുന്ന കുടുംബത്തിന് 50 രൂപയും 20,000 ലീറ്റർ ഉപയോഗിക്കുന്നവർക്ക് 200 രൂപയുമാകും വര്‍ധിക്കുക. നാല് പേരടങ്ങുന്ന ഒരു കുടുംബം മാസം ശരാശരി 15,000–20,000 ലിറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. ഗാർഹിക–ഗാർഹി‍കേതര– വ്യവസായ ഉപയോക്താക്കൾ ഉൾ‍പ്പെടെ എല്ലാ വി‍ഭാ‍ഗത്തി‍ന‍ും വാട്ടര്‍ ചാര്‍ജ് വർധനയുണ്ടാകും. മന്ത്രിസഭായോഗമാണ് വർധനയിൽ അന്തിമ തീരുമാനമെടുക്കുന്നത്. ഉത്തരവിറങ്ങുമ്പോഴാണ് വർധനയെക്കുറിച്ച് വ്യക്തത വരൂ.

 

മാസം 5000 മുതല്‍ 20,000 ലീറ്റർ വെള്ളം ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കാണ് ചാര്‍ജ് വര്‍ധനവ് മൂലം കൂടുതൽ ചെലവേറുന്നത്. കേരളത്തിൽ 35.95 ലക്ഷം ഗാർഹിക ഉപയോക്താക്കളാണുള്ളത്. ബിപിഎൽ കുടുംബങ്ങളെ വർധനയിൽനിന്ന് ഒഴിവാക്കിയതായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജലഅതോറിറ്റിയുടെ ബാധ്യത മറികടക്കാൻ വെള്ളക്കരം വർധനയ്ക്ക് അനുവാദം നൽകണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

2391.89 കോടി രൂപയുടെ കുടിശ്ശികയാണ് ജല അതോറിറ്റിക്ക് ഉള്ളത്.  ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ജല അതോററ്റിയില്‍ ഉള്ളത്. പിരിഞ്ഞുപോയവരുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നും സറണ്ടര്‍ ലീവ് ഉള്‍പ്പെടെ അനുവദിക്കാന്‍ സാധിക്കുന്നില്ലെന്നും മുന്നണി തീരുമാനം അറിയിച്ചുകൊണ്ട് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow