സില്‍വര്‍ലൈന്‍: 140 കിലോമീറ്റര്‍ കല്ലിടല്‍ പൂര്‍ത്തിയായി

കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (Kerala Rail Development Corporation) നടപ്പാക്കുന്ന അർദ്ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ (SilverLine project) പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Mar 7, 2022 - 23:58
 0
സില്‍വര്‍ലൈന്‍: 140 കിലോമീറ്റര്‍ കല്ലിടല്‍ പൂര്‍ത്തിയായി

കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (Kerala Rail Development Corporation) നടപ്പാക്കുന്ന അർദ്ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ (SilverLine project) പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിർദ്ദിഷ്‌ട പാതയുടെ 140 കിലോമീറ്ററോളം ദൂരത്തില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിച്ചു. സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായായാണ് അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്നത്.


2013ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനഃരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം 4(1) വകുപ്പ് അനുസരിച്ച് ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. 1961ലെ കേരള സര്‍വ്വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

പാത കടന്നുപോകുന്ന തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ് ഇത്രയും ദൂരം കല്ലിട്ടത്. പത്തനംതിട്ട ജില്ലയിലും വൈകാതെ തുടങ്ങും.

കാസര്‍ഗോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കല്ലിട്ടത്. 14 വില്ലേജുകളിലായി 38 കിലോമീറ്റര്‍ ദൂരം 1439 കല്ലുകളിട്ടു. സൗത്ത് തൃക്കരിപ്പൂര്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍, ഉദിനൂര്‍, മണിയാട്ട്, പീലിക്കോട്, ചെറുവത്തൂര്‍, നീലേശ്വരം, പേരോള്‍, കാഞ്ഞങ്ങാട്, ഹോസ്ദൂര്‍ഗ്, ബല്ല, അജാനൂര്‍, ചിത്താരി, കീക്കന്‍, പള്ളിക്കര, കോട്ടിക്കുളം, ഉദുമ, കളനാട് എന്നീ വില്ലേജുകളിലായാണ് ഇത്രയും കല്ലിട്ടത്.

കണ്ണൂര്‍ ജില്ലയില്‍ 12 വില്ലേജുകളിലായി 37 കിലോമീറ്റര്‍ നീളത്തില്‍ 1130 കല്ലുകള്‍  സ്ഥാപിച്ചു. ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, ചെറുതാഴം, മാടായി, കുഞ്ഞിമംഗലം, പള്ളിക്കുന്നു, പയ്യന്നൂര്‍, കണ്ണൂര്‍-1 തുടങ്ങിയ വില്ലേജുകളിലാണ് ഇത്രയും കല്ലിട്ടത്.

എറണാകുളം ജില്ലയില്‍ പതിനാറ് കിലോമീറ്റര്‍ ദീരം കല്ലിടല്‍ പൂര്‍ത്തിയായി. അങ്കമാലി, പാറക്കടവ്, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൊവ്വര, കീഴ്മാട് വില്ലേജുകളിലായി 493 കല്ലുകളിട്ടു.

കോഴിക്കോട് ജില്ലയില്‍ കരുവന്‍തിരുത്തി, ചെറുവണ്ണൂര്‍ വില്ലേജുകളിലായി നാലര കിലോമീറ്ററോളം ദൂരം 134 കല്ലുകളിട്ടു.

കോട്ടയം ജില്ലയില്‍ മുളക്കുളം, കടുത്തുരുത്തി, നീഴൂര്‍ വില്ലേജുകളിലാണ് കല്ലിടല്‍ പുരോഗമിക്കുന്നത്. എട്ട് കിലോമീറ്റര്‍ ദൂരം 385 കല്ലുകള്‍ സ്ഥാപിച്ചു.
ആലപ്പുഴയില്‍ മുളക്കുഴ വില്ലേജില്‍ 1.6 കിലോമീറ്റര്‍ ദൂരം 15 കല്ലുകളിട്ടു.

തിരുവനന്തപുരം ജില്ലയില്‍ ആറ്റിപ്ര, പളളിയ്ക്കല്‍, നാവായിക്കുളം, കുടവൂര്‍,  കീഴാറ്റിങ്ങല്‍ ആറ്റിങ്ങല്‍, കുന്തല്ലൂര്‍, ആഴൂര്‍ വില്ലേജുകളിലായി 12 കിലോമീറ്ററോളം ദൂരത്തില്‍ 623 കല്ലുകള്‍ സ്ഥാപിച്ചു.

കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കല്‍. അദിച്ചനല്ലൂര്‍, ചിറക്കര,  മീനാട്, തഴുത്തല എന്നീ വില്ലേജുകളിലായി പതിനാല് കിലോമീറ്റര്‍ ദൂരത്തില്‍ 721 കല്ലുകളാണ് സ്ഥാപിച്ചത്.

എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ്, തിരുവാങ്കുളം, തിരുവാണിയൂര്‍, അങ്കമാലി, പാറക്കടവ്, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൊവ്വര വില്ലേജുകളിലായി 17 കിലോമീറ്ററോളം ദൂരത്തില്‍ 540 കല്ലുകള്‍ സ്ഥാപിച്ചു.

തൃശൂര്‍ ജില്ലയിലെ, തൃശൂര്‍, പൂങ്കുന്നം, കൂര്‍ക്കഞ്ചേരി, പഴഞ്ഞി വില്ലേജുകളില്‍ രണ്ടര കിലോമീറ്റര്‍ ദൂരം 68 കല്ലുകള്‍ സ്ഥാപിച്ചു. മലപ്പുറം ജില്ലയില്‍ അരിയല്ലൂര്‍ വില്ലേജില്‍ നാല് കിലോമീറ്ററോളം ദൂരത്തില്‍ 57 കല്ലുകള്‍ സ്ഥാപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow