കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ്; എംഎൽഎ യുടെ നേതൃത്വത്തിൽ പ്രതിഷേധം ഡിവൈഎസ്പി ഓഫിസിനു മുന്നിൽ

അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ടയിൽ കോൺഗ്രസ്–സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പഞ്ചായത്ത് അംഗമുൾപ്പെടെ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരെ കുറിച്ച് അന്വേഷിക്കാനെത്തിയ എം.വിൻസെന്റ് എംഎൽഎ യോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന്

Jan 22, 2022 - 08:32
 0
കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ്; എംഎൽഎ യുടെ നേതൃത്വത്തിൽ പ്രതിഷേധം ഡിവൈഎസ്പി ഓഫിസിനു മുന്നിൽ

അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ടയിൽ കോൺഗ്രസ്–സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പഞ്ചായത്ത് അംഗമുൾപ്പെടെ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരെ കുറിച്ച് അന്വേഷിക്കാനെത്തിയ എം.വിൻസെന്റ് എംഎൽഎ യോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചും കോൺഗ്രസ് പ്രവർത്തകർ എംഎൽഎ യുടെ നേതൃത്വത്തിൽ കാട്ടാക്കട ഡിവൈഎസ്പി ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഉച്ചയ്ക്ക് ആരംഭിച്ച പ്രതിഷേധം വൈകിട്ടാണ് അവസാനിച്ചത്. ഡിസിസി പ്രസിഡന്റ് പാലോട് രവി, അടൂർ പ്രകാശ് എംപി എന്നിവർ സ്ഥലത്തെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം നാലു മണിയോടെ അറസ്റ്റിലായ പ്രവർത്തകരെ പൊലീസ് കാട്ടാക്കട കോടതിയിൽ ഹാജരാക്കി. കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു. വ്യാഴം രാത്രി ഒൻപതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബശ്രീ തിരഞ്ഞെടുപ്പിൽ കണ്ടംതിട്ട വാർഡിൽ കോൺഗ്രസ് വിജയിച്ചു.

രാത്രി എട്ടരയോടെ വാർഡ് അംഗം എ.ജയന്റെ വീടിനു മുന്നിൽ പ്രവർത്തകർ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. ഇത് അയൽവാസിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ മധു ചോദ്യം ചെയ്തു. ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായതായി പൊലീസ് പറഞ്ഞു. മധു മർദനമേറ്റ് വീണതോടെ സിപിഎം പ്രവർത്തകർ തടിച്ച് കൂടി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ ജയന്റെ വീട്ടിലേക്ക് കയറി. ജയന്റെ വീടിന്റെ ജനാല ചില്ല് ഒരു സംഘം എറിഞ്ഞ് തകർത്തു. ഇതിനു പിന്നിൽ സിപിഎം പ്രവർത്തകരെന്നു കോൺഗ്രസ് ആരോപിച്ചു.

പൊലീസെത്തി മധുവിനെ ആശുപത്രിയിലേക്ക് മാറ്റി. ജയനേയും വീട്ടിലുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ഇരുകൂട്ടരും പൊലീസിൽ പരാതി നൽകി. മധുവിന്റെ ഭാര്യ അനിത മധുവിനും മർദനമേറ്റതായി പരാതിയുണ്ട്. സംഘർഷ വിവരമറിഞ്ഞ് ഇന്നലെ ഉച്ചയോടെ എം.വിൻസെന്റ് എംഎൽഎ സ്ഥലം സന്ദർശിച്ചു. അറസ്റ്റിലായവർ എവിടെയെന്ന് അറിയില്ലെന്ന് ബന്ധുക്കൾ എംഎൽഎയോട് പരാതിപ്പെട്ടു.

തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി ഓഫിസിലെത്തിയ എംഎൽഎ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ വീട് ആക്രമിച്ച സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ കോൺഗ്രസ് പ്രവർത്തകരെ മാത്രം അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്തു. പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കള്ളക്കേസിൽ കുടുക്കുന്നുവെന്നു ആരോപിച്ച് ഡിവൈഎസ്പി യുമായി കൊമ്പ് കോർത്തതോടെ രംഗം വഷളായി. പിടിയിലായവരെ കാണണമെന്ന ആവശ്യം എംഎൽഎ ഉന്നയിച്ചു. ഇതിന് പൊലീസ് വഴങ്ങിയില്ല.

സ്ത്രീത്വത്തെ അപമാനിക്കൽ,പിടിച്ച്പറി തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തത് ചോദ്യം ചെയ്തു. എന്നാൽ ഇതിന് പൊലീസിനു മറുപടി ഉണ്ടായില്ല. തുടർന്ന് എം.വിൻസന്റ് എംഎൽഎയും അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വൽസല രാജ്,കെപിസിസി സെക്രട്ടറി ആർ.വൽസലൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫിസിനു മുന്നിൽ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വിവരമറിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ കോൺഗ്രസ് പ്രവർത്തകർ ഡിവൈഎസ്പി ഓഫിസ് അങ്കണത്തിൽ കുത്തിയിരുന്നു. മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജി.സുബോധൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യം, എം.ആർ.ബൈജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സത്യദാസ് പൊന്നെടുത്തകുഴി, എം.എം.അഗസ്റ്റ്യൻ, ലിജു സാമുവൽ,ആർ.വി.രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും ജനപ്രതിനിധികളും സമരത്തിൽ പങ്കെടുത്തു.

സംഭവം പന്തിയല്ലെന്ന് കണ്ട് അഡീഷനൽ എസ്.പി ഇ.എസ്.ബിജുമോൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുൾഫിക്കർ എന്നിവർ സ്ഥലത്തെത്തി. ഡിസിസി പ്രസിഡന്റ് പാലോട് രവി,അടൂർ പ്രകാശ് എംപി,എം.വിൻസെന്റ് എംഎൽഎ എന്നിവരുമായി നടത്തിയ ചർച്ചയിൽ പ്രതികൾക്കെതിരെ ചുമത്തിയ പിടിച്ചുപറി ഉൾപ്പെടെയുള്ള വകുപ്പുകൾ നീക്കാമെന്ന ഉറപ്പ് നൽകി.

ഇതിനു ശേഷം പിടിയിലായ പഞ്ചായത്ത് അംഗം കണ്ടംതിട്ട സ്വദേശി എ.ജയൻ(56)കോൺഗ്രസ് പ്രവർത്തകരായ അജി(32)ഷാജി(30) സനൽകുമാർ(35)ഷിബു(30)ഷൈജി(35) എന്നിവരെ പൊലീസ് കോടതിയിൽ ഹാജരാക്കി. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചതോടെ ഡിവൈഎസ്പി ഓഫിസിനു മുന്നിലെ പ്രതിഷേധം അവസാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow