സില്‍വര്‍ ലൈന്‍ പദ്ധതി; പാരിസ്ഥിതിക-സാമ്പത്തിക ആഘാതം പഠിക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് സര്‍വ്വേ

രാഷ്ട്രീയ വിഷയങ്ങള്‍ക്കപ്പുറം സില്‍വര്‍ ലൈന്‍ പദ്ധതിയെ ശാസ്ത്രീയമായി കാര്യ കാരണങ്ങള്‍ നിരത്തി വിശദീകരിക്കാനാണ് പരിഷത്ത് ശ്രമിക്കുന്നത്.

Dec 29, 2021 - 08:40
 0
സില്‍വര്‍ ലൈന്‍ പദ്ധതി; പാരിസ്ഥിതിക-സാമ്പത്തിക ആഘാതം പഠിക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് സര്‍വ്വേ

കെ റെയില്‍ എന്ന സര്‍ക്കാരിന്റെ അഭിമാന പദ്ധതിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ശാസ്ത്ര സാഹിത്യ പരിഷത്ത് ഉന്നയിച്ച പ്രശ്‌നങ്ങളാണ്. രാഷ്ട്രീയ വിഷയങ്ങള്‍ക്കപ്പുറം സില്‍വര്‍ ലൈന്‍ പദ്ധതിയെ ശാസ്ത്രീയമായി കാര്യ കാരണങ്ങള്‍ നിരത്തി വിശദീകരിക്കാനാണ് പരിഷത്ത് ശ്രമിക്കുന്നത്.

ഇടത് ആഭിമുഖ്യമുള്ള പരിഷത്തിന്റെ വിമര്‍ശനങ്ങളാണ് പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനും കരുത്ത് നല്‍കുന്നത്. അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതി കേരളത്തിന് ആവശ്യമാണെന്ന് തന്നെയാണ് പരിഷത്തിന്റെ നിലപാട്.എന്നാല്‍ മാ റിയ സാഹചര്യങ്ങളില്‍ കെ റെയിലിനല്ല മുന്‍ഗണന നല്‍കേണ്ടതെന്നും പരിഷത്ത് വാദിക്കുന്നു. പദ്ധതി സംബന്ധിച്ച് നിരവധി അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിഷത്ത് പ്രവര്‍ത്തകര്‍ സ്വന്തം നിലയില്‍ സര്‍വ്വേ ആരംഭിച്ചു.

കെ റെയില്‍ പദ്ധതിയെ കുറിച്ച് നിലനില്‍ക്കുന്നത് കടുത്ത അവ്യക്തതയാണ്. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം കെ റെയില്‍ മാനേജ്‌മെന്റ് നിഷേധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് സര്‍വ്വേ ആരംഭിച്ചത്.പദ്ധതി രേഖപ്രകാരം ഭൂമി ഏറ്റെടുക്കേണ്ടിവരുന്ന ഇടങ്ങളില്‍ പരിഷത്ത് പ്രവര്‍ത്തകതര്‍ നേരിട്ടെത്തി.'

15 ദിവസത്തിനുള്ളില്‍ സര്‍വ്വേ പൂര്‍ത്തിയാക്കും. സില്‍വര്‍ ലൈനിനായി പൊളിച്ചുകളയേണ്ട നിര്‍മ്മിതികള്‍ ഏതൊക്കെ, എത്രയെണ്ണം, നിലവിലെ പാരിസ്ഥിതിക സാഹചര്യം, കഴിഞ്ഞകാലങ്ങളില്‍ വെള്ളപൊക്കം മേഖലയില്‍ എങ്ങനെ ബാധിച്ചു എന്നതൊക്കെ സര്‍വ്വേയുടെ ഭാഗമാണ്. കെ റെയില്‍ പദ്ധതി ആരംഭിക്കും മുമ്പ് ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് ഈ ശ്രമമെന്ന് പരിഷത്ത് വ്യക്തമാക്കുന്നു. 15 ദിവസത്തിനുള്ളില്‍ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് പുറത്തുവിടാനാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രമിക്കുന്നത്.

അര്‍ദ്ധ അതിവേഗ പാത കേരളത്തില്‍ വേണമെന്നതില്‍ തര്‍ക്കമില്ല.പക്ഷേ മാറിയ സാഹചര്യങ്ങളില്‍ ഈ പദ്ധതി കേരളത്തിന്റെ മുന്‍ഗണന പട്ടികയില്‍ ഉള്‍പെടേണ്ട ആവശ്യമില്ലന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്.

2018 ലെ പ്രളയത്തിന്  മുമ്പുള്ള ആലോചനകള്‍ കേരലത്തില്‍ ഇനി അതേപടി നടപ്പിലാക്കാന്‍ കഴിയില്ല. നമ്മുടെ സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിക സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായി. ഇപ്പോഴത്തെ നിലയില്‍ നിലവിലുള്ള റെയില്‍വേയുടെ വികസനത്തിനാവണം കേരളം മുന്‍ഗണന നല്‍കേണ്ടത്. അര്‍ഹതപ്പെട്ടത് കേന്ദ്രത്തില്‍ നിന്ന് വാങ്ങി യെടുക്കാന്‍ കേരളത്തിന് കഴിയണം.

നിലയിലുള്ള റെയില്‍സംവിധാനത്തിനൊപ്പമാണ്  സില്‍വര്‍ ലൈന്‍ പദ്ധതി വിഭാവനം ചെയ്യേണ്ടത്. പൂര്‍ണ്ണമായി വേറിട്ട് നില്‍ക്കുന്ന പദ്ധതിയായി കെ റെയില്‍ മാറരുത്. ഗതാഗതത്തിനുള്ള സമഗ്ര നയം കേരളം തയ്യാറാകാകണം. അതിലൊന്ന് മാത്രമാവണം കെ റെയില്‍ പദ്ധതി. റെയില്‍വേവികസനം,ദേശീയ പാത വികസനം, ജില്ലാ റോഡുകളുടെ വികസനം ,ജലപാതകളുടെ വികസനം എന്നിവക്കൊപ്പം മാത്രമാണ് കെ റെയിലും ആലോചിക്കേണ്ടത്.ഇപ്പോള്‍ കെ റെയിലിന് മുന്‍ഗണന നല്‍കേണ്ട സാഹചര്യമില്ല.

കണക്കുകള്‍ സംശയാസ്പദം

കെ റെയിലിനായി സര്‍ക്കാരും റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷനും അവതരിപ്പിക്കുന്ന കണക്കുകളില്‍ സംശയാത്പദമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിര്‍വ്വാഹക സമിതിയംഗവും കെ റെയില്‍ പദ്ധതികുറിച്ച് പഠനവും നടത്തുന്ന  ബി രമേശ് പറഞ്ഞു.

'ഉദാഹരണമായി, ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ നല്‍കിയ ഭൂമി നിരക്കിന്റെ പകുതിമാത്രമാണ് കെ റെയിലിനായി കണക്കുകളില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. പദ്ധതി ചിലവ് കുറച്ചു കാണിക്കാനുള്ള ബോധപൂര്‍വ്വ നീക്കമാണിതെന്ന്  സംശയിക്കുന്നു. പദ്ധതി പൂര്‍ത്തിയായാല്‍ കൈകാര്യം ചെയ്യുമെന്ന് അവകാശപ്പെടുന്ന യാത്രക്കാരുടെ എണ്ണത്തിലും നിരവധി പൊരുത്തക്കേടുകളുണ്ട്. മുബൈ -അഹമ്മദാബാദ് അതിവേഗ പദ്ധതിയില്‍ 40000 യാത്രക്കാര്‍ ഉണ്ടാകുമെന്ന് കണക്കെടുത്തപ്പോള്‍, സമാനമായ രീതിയില്‍ കേരളം തയ്യാറാക്കുന്ന പദ്ധതിയില്‍ ഇതിലധികം യാത്രക്കാര്‍ എങ്ങനെ ഉണ്ടാകുമെന്നാണ് പരിഷത്ത് ചോദിക്കുന്നത്

കെ റെയിലും റിയല്‍ എസ്‌റ്റേറ്റും

ഓരോ കെ റെയില്‍ കേന്ദ്രങ്ങളും ചെറു നഗരകേന്ദ്രങ്ങളായി രൂപാന്തരപ്പെടുന്നു. ഇവിടങ്ങളില്‍ ഭൂമി വില ഉയരുമെന്നത് മുന്നില്‍ കണ്ട് സര്‍ക്കാര്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നു.പദ്ധതി ആരംഭിക്കുന്ന മുറക്ക് ഈ സ്ഥലം പാട്ടത്തിന് നല്‍കി പണം സമാഹരിക്കുന്നു.

കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ സര്‍ക്കാരിന്  റിയല്‍ എസ്റ്റേറ്റ് താല്‍പര്യമുണ്ടെന്നാണ് വിമര്‍ശനം. ശാസ്ത്ര സാഹിത്യ പരിഷത്തും ആരോപണങ്ങള്‍ ഒരു പരിധിവരെ ശരിവയ്ക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെയാണ് വ്യക്തത വരുത്തേണ്ടത്.ജപ്പാന്‍ അടക്കമുള്ള അതിവേഗ റെയില്‍ നടപ്പിലാക്കിയ രാജ്യങ്ങള്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഇനിയും പുറത്തുവരാത്ത  കെ റെയില്‍ ഡിപിആറില്‍ ഇതേകുറിച്ച് പരാമര്‍ശമുണ്ടെന്നാണ് സൂചന. ഫലത്തില്‍ ട്രെയിനോടിച്ച് മാത്രമല്ല പദ്ധതിലൂടെ പണം വരുന്നത്, ഭൂമി കൈമാറ്റവും പദ്ധതിയുടെ ലക്ഷ്യമാണെന്നാണ് ആരോപണം.

What's Your Reaction?

like

dislike

love

funny

angry

sad

wow