Saji Cheriyan Case: ഭരണഘടനാ വിരുദ്ധ പ്രസം​ഗം; സജി ചെറിയാനെതിരെ കേസെടുത്തു, മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയെന്ന വകുപ്പാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നത്.

Jul 7, 2022 - 19:48
 0
Saji Cheriyan Case: ഭരണഘടനാ വിരുദ്ധ പ്രസം​ഗം; സജി ചെറിയാനെതിരെ കേസെടുത്തു, മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. പത്തനംതിട്ട കീഴ്വായൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കോടതി നിർദേശപ്രകാരമാണ് മുൻ മന്ത്രിയും എംഎൽഎയുമായ സജി ചെറിയാനെതിരെ പോലീസ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയെന്ന വകുപ്പാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നത്.

ഭരണഘടനയെ ആക്ഷേപിച്ച് സംസാരിക്കുമ്പോൾ വേദിയിൽ ഉണ്ടായിരുന്ന മാത്യു ടി തോമസ്, പ്രമോദ് നാരായണൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ച സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ അഭിഭാഷകൻ ഇന്നലെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം  സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ച് പ്രസം​ഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്.

തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് വലിയ നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കമുള്ള നേതാക്കൾ പങ്കെടുത്ത വേദിയിലാണ് സജി ചെറിയാന്റെ വിവാദ പ്രസംഗം.

വിവാദമായ ഭരണഘടന വിരുദ്ധ പരാമർശത്തെ തുടർന്ന് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. വാർത്തസമ്മേളനത്തിലൂടെയാണ് സജി ചെറിയാൻ രാജി അറിയിച്ചത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ ആറിന് സിപിഎം അവെയിലബിൾ സെക്രട്ടറിയേറ്റ് യോഗം ചേർന്നെങ്കിലും മന്ത്രിക്ക് പിന്തുണ നൽകുന്ന നിലപാട് തന്നെയായിരുന്നു. എന്നാൽ സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപ്പെട്ട് മന്ത്രിയോട് രാജിവക്കാൻ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം രാജി സ്വതന്ത്ര തീരുമാനമാണെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് നിലപാട് വ്യക്തമാക്കിയെന്നും സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. താൻ ഒരിക്കലും ഭരണഘടനയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും മാധ്യമങ്ങൾ സംപ്രേഷണം ചെയ്യണമെന്നും സജി ചെറിയാൻ വ്യക്തമാക്കി. നാവ് പിഴയെന്നും ഭാഷശൈലിയുടെ പ്രശ്നമെന്നും തുടങ്ങി സംസ്ഥാന നേതൃത്വം മന്ത്രിയെ പിന്തുണച്ചെങ്കിലു കേന്ദ്ര നേതൃത്വം എതിർക്കുകയായിരുന്നു. രാജി വൈകുന്നതിൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow