വിദ്വേഷ പ്രസംഗക്കേസ് ; പിസി ജോര്‍ജിന്‍റെ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മത വിദ്വേഷപ്രസംഗ കേസിൽ തിരുവനന്തപുരം ജില്ലാ ജയിലിൽ കഴിയുന്ന പി സി ജോർജ് (PC George) നൽകിയ ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക.

May 27, 2022 - 16:06
 0

മത വിദ്വേഷപ്രസംഗ കേസിൽ തിരുവനന്തപുരം ജില്ലാ ജയിലിൽ കഴിയുന്ന പി സി ജോർജ് (PC George) നൽകിയ ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്‍റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻകൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും. തനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കി.

തിരുവനന്തപുരം വിദ്വേഷ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂർ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല എന്നുമാണ് പി സി യുടെ വാദം. ഈ സാഹചര്യത്തിൽ വഞ്ചിയൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നു ജോർജ് ഹർജിയിൽ പറയുന്നു. അതേസമയം കസ്റ്റഡ‍ിയിൽ വേണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ മുന്നോട്ട് വയ്ക്കുന്നത്. കേസിൽ വീഡിയോ അടക്കം കൈയ്യിൽ ഉള്ളപ്പോൾ എന്തിനാണ് പ്രതിയെ കസ്റ്റഡിയിൽ വെക്കുന്നതെന്ന ഹൈകോടതിയുടെ ചോദ്യത്തിലെ സർക്കാർ മറുപടിയും ഇതിൽ നിർണായകമാകും.

തീവ്രവാദിയോടെന്ന പോലെ പൊലീസ് പെരുമാറിയെന്നും ജാമ്യം നിഷേധിച്ചത് നിയമപരമല്ല എന്നും പിസിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.അതേസമയം, ജില്ലാ ജയിലിൽ കഴിയുന്ന പിസി ജോർജ് ഇന്നലെ കഴിച്ചത് ജയിൽ ഭക്ഷണം. ജയിൽ മെനുവിൽ ഉൾപ്പെട്ട ഭക്ഷണമാണ് ജോർജ് കഴിച്ചത്. ചോറ്, സമ്പാർ, അവിയൽ, തൈര് എന്നിവയായിരുന്നു ഭക്ഷണം.

മതവിദ്വേഷ പ്രസംഗ കേസിൽ പതിനാല് ദിവസത്തേക്കാണ് ജോർജിനെ കോടതി റിമാൻഡ് ചെയ്തത്. ഇന്നലെ രാവിലെ എ.ആര്‍ ക്യാംപില്‍ നിന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പിസി ജോര്‍ജിനെ മജിസ്ട്രേറ്റിന്‍റെ ചേംബറില്‍ എത്തിച്ചത്. റിമാന്‍ഡ് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു എന്നതടക്കം അദ്ദേഹം മുന്നോട്ട് വച്ച വാദങ്ങളൊന്നും കോടതി പരിഗണിച്ചില്ല

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയതിൽ നടപടി ആവശ്യപ്പെട്ട് യുവജന സംഘടനകളാണ് പൊലീസിന് പരാതി നൽകിയത്. തുടർന്ന്, പി സി ജോർജിനെ ഈരാറ്റുപേട്ടയിലെ വസതിയിൽനിന്ന് നന്ദാവനം എആർ ക്യാംപിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.

എന്നാൽ, എറണാകുളം വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു. തുടര്‍ന്ന് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം റദ്ദാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow