റോഡ് ഉന്നത നിലവാരത്തിൽ; കുഴിയിലകപ്പെട്ട് വീടുകൾ

Jan 25, 2022 - 12:45
 0
റോഡ്  ഉന്നത നിലവാരത്തിൽ;  കുഴിയിലകപ്പെട്ട് വീടുകൾ
റോ‍ഡ് ഉയർത്താനായി സംരക്ഷണഭിത്തി കെട്ടിയപ്പോൾ കുഴിയിലായ വീടുകൾ.

നിർമാണം പുരോഗമിക്കുന്ന ആനയടി-കൂടൽ റോഡിന്റെ കുരമ്പാല തെക്ക് ഭാഗത്ത് വീണ്ടും പരാതിയുമായി നാട്ടുകാർ. ഇവിടെ റോഡ് ഉയർത്തി നിർമിക്കുന്നതിലാണ് പരാതി. റോഡ് ഉയർത്തുന്നതിനു മുന്നോടിയായി കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തി കെട്ടിയതോടെ പല വീടുകളും കുഴിയിൽ അകപ്പെട്ടതുപോലെയായി എന്നാണ് ആക്ഷേപം.ചില വീടുകളിലേക്ക് ഓട്ടോറിക്ഷ, കാർ എന്നിവ കയറാനാകാത്ത വിധം ഉയരത്തിലാണ് ഭിത്തി നിർമിച്ചത്. വശങ്ങളിൽ പാടമുള്ള ഭാഗത്ത് വെള്ളം കയറുന്നത് ഒഴിവാക്കാൻ റോഡ് ഉയർത്താറുണ്ട്.

എന്നാൽ, താരതമ്യേന ഉയർച്ചയുള്ള ഈ ഭാഗത്ത് റോഡ് വീണ്ടും ഉയർത്തുന്നതെന്തിനാണെന്നു നാട്ടുകാർ ചോദിക്കുന്നു. വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഇവർ പരാതിയും നൽകിയിരുന്നു. എന്നാൽ, ഇത് പരിശോധിക്കാതെ ഉയരത്തിൽ റോഡ് നിർമിക്കാനായി ഭിത്തി നിർമിച്ചെന്നാണ് പരാതി.109.13 കോടി രൂപ ചെലവഴിച്ചാണ് നയടി-പഴകുളം-കുരമ്പാല-കീരുകുഴി-ചന്ദനപ്പള്ളി വഴി കൂടലിലെത്തുന്ന റോഡിന്റെ പുനർനിർമാണം. 2016-17 കാലയളവിൽ തയാറാക്കിയ പദ്ധതിയിൽ വൈകിയാണ് നിർമാണം തുടങ്ങിയത്. നിർമാണജോലികൾ ഇടയ്ക്ക് വേഗത്തിലായെങ്കിലും ഇപ്പോൾ മന്ദഗതിയിലാണെന്ന വിമർശനവുമുണ്ട്.

പോസ്റ്റ് ഓഫിസ് ജംക്‌ഷൻ വരെയാണ് ടാറിങ് പൂർത്തിയായത്. ഇവിടെ മുതൽ കുരമ്പാല തോട്ടുകര വരെയുള്ള ഭാഗത്ത് ജോലികൾ നടക്കുന്നതേയുള്ളൂ. ഒന്നര മാസമായി ഈ സ്ഥിതി തുടരുകയാണ്. സംരക്ഷണ ഭിത്തി, ഓട, കലുങ്ക് എന്നിവയുടെ നിർമാണജോലികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതുമൂലം പൊടിശല്യം രൂക്ഷമായെന്നും ഇതൊഴിവാക്കാൻ കൃത്യമായി വെള്ളം തളിക്കുന്നില്ലെന്നും പരാതിയുണ്ട്.

റോഡ് പുനർനിർമാണത്തിന്റെ ജോലികൾ നടക്കുന്നത് കാരണം ഇതുവഴിയുള്ള കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ നിർത്തി. കുരമ്പാല-പഴകുളം റൂട്ടിൽ രൂക്ഷമായ യാത്രാക്ലേശമാണ്. ജോലി ചെയ്യുന്നവരും വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്. റോഡിലെ തടസ്സങ്ങൾ കാരണം ഓട്ടോറിക്ഷകളും ഓടാൻ മടിക്കുന്നെന്നു നാട്ടുകാർ പറയുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow