'പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അതിക്രമം, വിജയ് ബാബു സ്ത്രീകളെ മുഴുവൻ അപമാനിച്ചു'; ജെബി മേത്തർ

Apr 28, 2022 - 15:09
 0
'പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അതിക്രമം, വിജയ് ബാബു സ്ത്രീകളെ മുഴുവൻ അപമാനിച്ചു'; ജെബി മേത്തർ

ബലാത്സംഗ കേസിലെ (Rape Case) ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിന്റെ (Vijay Babu) നടപടി സമൂഹത്തിന് നേരെയുള്ള അതിക്രമമെന്ന് രാജ്യസഭാ എംപിയും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുമായ ജെബി മേത്തര്‍ (Jebi Mather). വിഷയത്തിൽ വാർത്താകുറിപ്പിലൂടെയായിരുന്നു ജെബി മേത്തർ തന്റെ പ്രതികരണം നടത്തിയത്. ഇരയുടെ പേര് ഫേസ്‌ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ നടന്‍ സ്ത്രീകളെ മുഴുവന്‍ പരസ്യമായി അപമാനിക്കുകയാണെന്നും ജെബി മേത്തർ ആരോപിച്ചു.

സിനിമ മേഖലയിലുള്ളവരും പൊതു സമൂഹവും ആവശ്യപ്പെട്ടിട്ടും ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടാത്തതും അതിന്മേൽ നടപടിയെടുക്കാത്തതും ദുരൂഹമാണ്. നായനാര്‍ പറഞ്ഞത് പോലെ നാട്ടില്‍ കാപ്പി കുടിക്കും പോലെ സ്ത്രീ പീഡനം നടക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ അനങ്ങാപ്പാറയായി ഇരിക്കുകയാണെന്നും ജെബി മേത്തർ പറഞ്ഞു.

പാര്‍ട്ടിയില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് സര്‍ക്കാര്‍ ഇത്തരം അതിക്രമങ്ങളെ എങ്ങനെ കാണുന്നുവെന്നതിന്റെ തെളിവാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ കുറിച്ച് സിപിഐഎം. സംസ്ഥാന കമ്മറ്റിയില്‍ പരാതി ഉയര്‍ന്നിട്ടും മുഖ്യമന്ത്രി അക്കാര്യത്തിൽ പ്രതികരിച്ചില്ലെന്നും ജെബി മേത്തര്‍ കുറ്റപ്പെടുത്തി.

അതേസമയം, വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി തന്നെയാണ് വീണ്ടും പരാതി നൽകിയത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസ് എടുത്തത്. കേസിലെ പരാതിക്കാരിയുടെ പേര് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് വിജയ് ബാബുവിനെതിരെ പുതിയ കേസ്. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു.

 

പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ തുറന്നടിച്ച വിജയ് ബാബു, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ഇതിനെതിരെ നിയമനടപടി ഉണ്ടായാല്‍ നേരിടാന്‍ തയാറാണെന്നും വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണെന്നുമായിരുന്നു ലൈവിലൂടെ വിജയ് ബാബു പറഞ്ഞത്.

വീഡിയോ വന്നതിന് പിന്നാലെ, വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. വിമൺ ഇൻ സിനിമ കളക്ടീവ് (WCC) അടക്കമുള്ളവര്‍ വിജയ് ബാബുവിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

 

സംഭവം വലിയ വിവാദമായതോടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുന്ന വിജയ് ബാബുവിന്റെ ഫേസ്‌ബുക്ക് പേജിൽ നിന്നും പിൻവലിച്ചിരുന്നു. താൻ നിരപരാധിയാണെന്ന് വാദിക്കാനായി വിജയ് ബാബു ഫേസ്‌ബുക്കിൽ പങ്കുവെച്ച ഈ വീഡിയോ പക്ഷെ താരത്തിന് തന്നെ തിരിച്ചടിയായി മാറുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം ലൈംഗികാതിക്രമം നേരിടുന്നവരുടെ പേര് വെളിപ്പെടുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്.

വിജയ് ബാബുവിനെതിരെ 22 നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി കേസെടുത്ത സാഹചര്യത്തിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറിയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow