പ്രളയ ദുരിതത്തെ അതിജീവിക്കാന്‍ മലപ്പുറം ജില്ലയില്‍ പ്രത്യേക കര്‍മ്മപദ്ധതി

ജില്ലയില്‍ മഴക്ക് ശമനമായതോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി. ഇന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നടന്ന

Aug 13, 2019 - 09:28
 0
പ്രളയ ദുരിതത്തെ അതിജീവിക്കാന്‍ മലപ്പുറം  ജില്ലയില്‍ പ്രത്യേക കര്‍മ്മപദ്ധതി

മലപ്പുറം ജില്ലയില്‍ മഴക്ക് ശമനമായതോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നടന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ ദുരിതബാധിതര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാണ്, ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനസാമഗ്രികള്‍ ലഭിച്ചുവരുന്നുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു. ബയോടോയ്‌ലറ്റുകളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ധാരണയായിട്ടുണ്ട്.

ക്യാമ്പുകളില്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ പുറമെ നിന്ന് പാകം ചെയ്ത് എത്തിക്കുന്ന ഭക്ഷണങ്ങള്‍ സ്വീകരിക്കരുതെന്ന് ക്യാമ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതിയും നിര്‍ബന്ധമാക്കി. ക്യാമ്പുകളില്‍ മരുന്നുകള്‍ വിതരണം ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലോ കലക്ഷന്‍ സെന്ററുകളിലോ നല്‍കാം. ഇവിടെ നിന്നും മരുന്നുകളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തിയാകും ആവശ്യാനുസരണം ക്യാമ്പുകളിലേക്ക് നല്കുക. സന്നദ്ധ സംഘങ്ങള്‍ പ്രത്യേകം പാര്‍ട്ടി ചിഹ്നങ്ങളോ പേരോ ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

വസ്ത്രമുള്‍പ്പടെയുള്ളവ ക്യാമ്പുകളിലേക്ക് നല്‍കാനുദ്ദേശിക്കുന്നവര്‍ കലക്ഷന്‍ സെന്ററുകളില്‍ നല്‍കാം, ക്യാമ്പുകളില്‍ നേരിട്ടെത്തിക്കുന്നവര്‍ അതാത് ക്യാമ്പ് ഓഫീസര്‍ മുമ്പാകെ സാക്ഷ്യപ്പെടുത്തി ഏല്‍പ്പിക്കണം

എല്ലാ ക്യാമ്പുകളുകളുടെയും ചുമതല റവന്യു വകുപ്പിന് കീഴിലാകും. ക്യാമ്പിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ മുഴുവന്‍ സമയവും ക്യാമ്പിലുണ്ടായിരിക്കും. ക്യാമ്പിന്റെ സുരക്ഷക്കായി സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. എന്‍.സി.സി, സ്റ്റുഡന്റ്‌സ് പോലീസ് തുടങ്ങിയവരുടെ സേവനം ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ആരോഗ്യവകുപ്പ് ജീവനക്കാര്‍ ദിവസവും രണ്ട് നേരം ക്യാമ്പ് സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ വൈദ്യസഹായം ഉണ്ടാകും. ക്യാമ്പിന്റെ പേര്, ക്യാമ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന് മറ്റ് വിശദാംശങ്ങള്‍ എന്നിവ ബോര്‍ഡിലെഴുതി പ്രദര്‍ശിപ്പിക്കുന്നതാണ്. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്കും വെള്ളം കയറിയ സ്ഥാപനങ്ങളുടെയും ശുചീകരണ മേല്‍നോട്ടം തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വിനിയോഗിക്കാം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആളുകളെ എല്ലാ മേഖലയില്‍ നിന്നും സ്വീകരിക്കും. വീടുകളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി, സുരക്ഷ ഉറപ്പാക്കുന്നതിനായി ലൈസന്‍സ് കരസ്ഥമാക്കിയ ഇലക്ട്രീഷന്‍മാര്‍ ഉറപ്പ് വരുത്തിയതിന് ശേഷമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങളില്‍ പുനഃപ്രവേശിക്കുന്നതിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ എഞ്ചീനിയര്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.

വിവിധ ക്യാമ്പുകളില്‍ ദുരിതം നേരിട്ടവര്‍ക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് ഉറപ്പാക്കും. ഇതിനായി സ്‌കൂള്‍ കൗണ്‍സിലര്‍മാരെയും നിയോഗിക്കും. മരണ രജിസ്‌ട്രേഷനും രേഖകള്‍ വീണ്ടെടുക്കുന്നതിനുമായി പോത്തുകല്‍ പഞ്ചായത്തില്‍ സര്‍ട്ടിഫിക്കറ്റ് അദാലത്ത് നടത്തും. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്ക് ഭക്ഷണവും മരുന്നും ഉറപ്പാക്കും. ക്ഷീരസംഘങ്ങളില്‍ നിന്ന് കാലീത്തീറ്റ ലഭ്യമാക്കും. പക്ഷിമൃഗാദികളുടെ മൃതദേഹം ശാസ്ത്രീയമായി സംസ്‌കരിക്കും. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പേ കിണറുകളും ടാങ്കുകളും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും

What's Your Reaction?

like

dislike

love

funny

angry

sad

wow