ലോകത്തിലെ ഏറ്റവും വേഗതയേറിയ ആംബുലന്‍സുമായി ദുബായ്; വില 26 കോടി രൂപയോളം

ദുബായ് കോര്‍പ്പറേഷന്‍ ഓഫ് ആംബുലന്‍സ് സര്‍വീസസ് അടുത്തിടെ ദുബായ് എക്‌സ്‌പോയില്‍ (dubai expo) ലോകത്തിലെ ഏറ്റവും വേഗതയേറിയതും ചെലവേറിയതുമായ ആംബുലന്‍സ് (fastest ambulance) പ്രദര്‍ശിപ്പിച്ചിരുന്നു.

Mar 7, 2022 - 23:32
 0
ലോകത്തിലെ ഏറ്റവും വേഗതയേറിയ ആംബുലന്‍സുമായി ദുബായ്; വില 26 കോടി രൂപയോളം

ദുബായ് കോര്‍പ്പറേഷന്‍ ഓഫ് ആംബുലന്‍സ് സര്‍വീസസ് അടുത്തിടെ ദുബായ് എക്‌സ്‌പോയില്‍ (dubai expo) ലോകത്തിലെ ഏറ്റവും വേഗതയേറിയതും ചെലവേറിയതുമായ ആംബുലന്‍സ് (fastest ambulance) പ്രദര്‍ശിപ്പിച്ചിരുന്നു. 'ഹൈപ്പര്‍സ്‌പോര്‍ട്ട് റെസ്‌പോണ്ടര്‍' (hypersport responder) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.


ദുബായിലെ ഡബ്ല്യു മോട്ടോഴ്‌സാണ് (w motors) കാര്‍ എക്സ്പോയിൽ എത്തിച്ചത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലൂടെ പ്രശസ്തമായ ഹൈപ്പര്‍ കാറാണ് ലൈക്കന്‍ ഹൈപ്പര്‍സ്‌പോര്‍ട്ട് (lyken hypersport). ആഗോളതലത്തില്‍ ആകെ ഏഴ് ലൈക്കന്‍ ഹൈപ്പര്‍സ്‌പോര്‍ട്ട് കാറുകൾ മാത്രമാണുള്ളത്. 26 കോടി രൂപയാണ് ആംബുലന്‍സിന്റെ വില. കേവലം 2.8 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയും. കൂടാതെ മണിക്കൂറില്‍ പരമാവധി 400 കിലോമീറ്റര്‍ വരെ വേഗതയിൽ ഓടിക്കാനും സാധിക്കും.

ആംബുലൻസിന്റെ മുന്‍വശത്തെ എല്‍ഇഡി ലൈറ്റുകളില്‍ 440 വജ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സ്വര്‍ണം പൂശിയ ഇന്റീരിയറിലെ റൂഫാണ് മറ്റൊരു പ്രത്യേകത. ചലനങ്ങള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ലോകത്തിലെ ആദ്യത്തെ 3ഡി ഹോളോഗ്രാം ഹോളോഗ്രാഫിക് മിഡ്-എയര്‍ ഡിസ്‌പ്ലേ, ഇന്ററാക്ടീവ് മോഷന്‍ കണ്‍ട്രോള്‍, സാറ്റലൈറ്റ് നാവിഗേഷന്‍, ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന സംവിധാനം എന്നിവയുള്‍പ്പെടെ നിരവധി ഫ്യൂച്ചറിസ്റ്റിക് ഫീച്ചറുകള്‍ ആംബുലൻസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഭാരം കുറയ്ക്കുന്നതിനായി, പൂര്‍ണമായും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

എമിറേറ്റിന്റെ അതുല്യമായ പ്രവര്‍ത്തനങ്ങൾ ഉയര്‍ത്തിക്കാട്ടുന്നതിനായി ദുബായ് മീഡിയ കൗണ്‍സില്‍ അടുത്തിടെ ആരംഭിച്ച സംരംഭമായ 'ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരം ദുബായ്' എന്ന മുദ്രാവാക്യവും 'ദുബായ് ഡെസ്റ്റിനേഷന്‍സ്' എന്ന ലോഗോയുമാണ് സൂപ്പര്‍കാറിന്റെ പുറംഭാഗത്ത് ഉള്ളത്.

എക്സ്പോ 2020 ദുബായ് വേദി സന്ദര്‍ശിച്ചവരുടെ എണ്ണം 15 മില്ല്യണിലേക്ക് അടുക്കുന്നു. എക്സ്പോ വേദി സന്ദര്‍ശിച്ചവരുടെ എണ്ണം ഈ ആഴ്ച്ച 15 മില്ല്യണ്‍ കടക്കും. ഫെബ്രുവരി 21 ലെ കണക്കനുസരിച്ച് 14,719,277 പേരാണ് എക്സ്പോ വേദി സന്ദര്‍ശിച്ചത്. വെര്‍ച്വല്‍ സംവിധാനങ്ങളിലൂടെ എക്സ്പോ 2020 ദുബായ് സന്ദര്‍ശിച്ചവരുടെ എണ്ണം 145 ദശലക്ഷം കടന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന ലോക മേള 190ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2021 ഒക്ടോബർ ഒന്നിന് ആരംഭിച്ച എക്സപോ 2022 മാര്‍ച്ച് 31ന് അവസാനിക്കും.

190 ലധികം രാജ്യങ്ങളുടെ ചാതുര്യം പ്രദർശിപ്പിക്കുന്ന പവലിയനുകളിൽ വാസ്തുവിദ്യാ വിസ്മയങ്ങളും സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ നീണ്ടനിര തന്നെ പ്രദർശനത്തിനെത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും എക്സ്പോ സന്ദർശിക്കണമെങ്കിൽ മാസ്ക് നിർബന്ധമാണ്. 18 വയസിനുമുകളിലുള്ള സന്ദർശകർ വാക്സിൻ പൂർത്തിയാക്കിയിരിക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow