കോൺഗ്രസിന് കശ്മീരിൽ വൻ തിരിച്ചടി; 51 നേതാക്കൾ ഗുലാം നബി ആസാദിന് പിന്നാലെ രാജിയ്ക്ക്

ഗുലാം നബി ആസാദിന്റെ (Ghulam Nabi Azad) രാജി കശ്മീരിൽ കോൺഗ്രസിന് (Congress) വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇതിനെ തുടർന്ന് കശ്മീരിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. ആസാദിനെ പിന്തുണച്ചുകൊണ്ട് ജമ്മു കാശ്മീർ (Jammu and Kashmir) യൂണിറ്റിലെ 51 നേതാക്കൾ രാജിവയ്ക്കാൻ ഒരുങ്ങുന്നതായാണ് വിവരം.

Aug 31, 2022 - 22:30
 0

ഗുലാം നബി ആസാദിന്റെ (Ghulam Nabi Azad) രാജി കശ്മീരിൽ കോൺഗ്രസിന് (Congress) വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇതിനെ തുടർന്ന് കശ്മീരിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. ആസാദിനെ പിന്തുണച്ചുകൊണ്ട് ജമ്മു കാശ്മീർ (Jammu and Kashmir) യൂണിറ്റിലെ 51 നേതാക്കൾ രാജിവയ്ക്കാൻ ഒരുങ്ങുന്നതായാണ് വിവരം. ആസാദ് നയിക്കുന്ന പുതിയ പാർട്ടിയിൽ ചേരാനാണ് രാജിവച്ചവരുടെ തീരുമാനം. കൂടാതെ ആസാദ് രാജിവച്ചതിന് ശേഷം 64 നേതാക്കളാണ് കോൺഗ്രസ് പാർട്ടി വിട്ടത് (Resigned). ഗുലാം നബി ആസാദിനെ പിന്തുണച്ച് പാർട്ടിയിൽ നിന്ന് രാജിവച്ച ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദും നേതാക്കളിൽ ഉൾപ്പെടുന്നുണ്ട്.

ഇവർ സംയുക്തമായി രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിച്ചതായാണ് വിവരം. ഗുലാം നബി ആസാദ്, താര ചന്ദ് മുൻ മന്ത്രിമാരായ അബ്ദുൾ മജിദ് വാനി, മനോഹർ ലാൽ ശർമ്മ, ഘരു റാം, മുൻ എംഎൽഎ ബൽവാൻ സിംഗ് എന്നിവരുൾപ്പെടെ നിരവധി പേർ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുന്നതായി വാർത്താസമ്മേളനത്തിലൂടെ ആണ് അറിയിച്ചത്.

ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദ് കോൺഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധമാണ് വെള്ളിയാഴ്ച അവസാനിപ്പിച്ചത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. രാഹുൽ ഗാന്ധി പാര്‍ട്ടിയെ പൂര്‍ണമായും നശിപ്പിച്ചുവെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന പാര്‍ട്ടി സംവിധാനത്തെ തകര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ നെഹ്രുവിലും ഗാന്ധിയിലും ആകൃഷ്ടനായാണ് കോൺഗ്രസിൽ ചേർന്നത് . എന്നാൽ നിലവിൽ കോൺഗ്രസിൽ തൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആസാദ് ഉടൻ തന്നെ ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കും എന്നും അറിയിച്ചിരുന്നു. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി രൂപീകരിക്കുക.


​'ഗുലാം നബി ആസാദിനെ പിന്തുണച്ച്‌ ഞങ്ങള്‍ കൂട്ട രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്'- എന്ന് ബല്‍വാന്‍ സിങ് പറഞ്ഞു. മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖ കോൺഗ്രസ് നേതാക്കളും നൂറുകണക്കിന് പഞ്ചായത്തീരാജ് സ്ഥാപന (പിആർഐ) അംഗങ്ങളും മുനിസിപ്പൽ കോർപ്പറേറ്റർമാരും ജില്ലാ-ബ്ലോക്ക് തല നേതാക്കളും ആസാദിനൊപ്പം ചേരാൻ ഇതിനകം കോൺഗ്രസ് വിട്ടിട്ടുണ്ട്.

ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കൾക്കൊപ്പം ​ പ്രവർത്തിച്ചിട്ടുള്ള ആളാണ് ഗുലാം നബി ആസാദ്. അദ്ദേഹത്തിന്റെ രാജിയും അതിനെ തുടർന്നുള്ള കൂട്ടരാജികളും കോൺഗ്രസിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, തലമുറകൾ തമ്മിലുള്ള അന്തരമാണ് രാഹുലിനോടും ടീമിനോടുമുള്ള എതിർപ്പിനു കാരണമെന്ന വാർത്തകളെ അദ്ദേഹം നിഷേധിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow