ISRO പരസ്യത്തില്‍ ചൈനീസ് പതാക: ഡിഎംകെയ്ക്ക് പ്രധാനമന്ത്രിയുടെ ശാസന; 'ചെറിയ പിഴവ്' പറ്റിയെന്ന് തമിഴ്‌നാട് മന്ത്രി

Mar 2, 2024 - 12:41
 0
ISRO പരസ്യത്തില്‍ ചൈനീസ് പതാക: ഡിഎംകെയ്ക്ക് പ്രധാനമന്ത്രിയുടെ ശാസന; 'ചെറിയ പിഴവ്' പറ്റിയെന്ന് തമിഴ്‌നാട് മന്ത്രി

ഐഎസ്ആര്‍ഒയുടെ പരസ്യത്തില്‍ ചൈനീസ് പതാക വന്ന സംഭവത്തില്‍ തെറ്റ് പറ്റിയതായി തമിഴ്‌നാട് സര്‍ക്കാര്‍. ഐഎസ്ആര്‍ഒയുടെ പുതിയ സംരംഭം ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ചുള്ള പരസ്യമാണ് വിവാദമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും ചിത്രങ്ങളടങ്ങുന്ന പരസ്യത്തിലാണ് ചൈനീസ് പതാക പതിപ്പിച്ച റോക്കറ്റിന്റെ ചിത്രം കൂടി ഉൾപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് സർക്കാരിനെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ ‘ചെറിയ പിശക്’ പറ്റിയതായി തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണന്‍ സമ്മതിച്ചു.

“കുലശേഖരപട്ടത്ത് സ്ഥാപിക്കാന്‍ പോകുന്ന ഐഎസ്ആര്‍ഒയുടെ ലോഞ്ചിങ് പാഡുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ നില്‍കിയ പരസ്യത്തില്‍ ‘ചെറിയ പിശക്’ സംഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പരസ്യത്തില്‍ ചൈനീസ് പതാകയുടെ ചിത്രം വന്നത് പരസ്യം ഡിസൈന്‍ ചെയ്തവരുടെ ഭാഗത്തു നിന്നുണ്ടായ അബദ്ധമാണ്. അക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പെടാതെ പോയി,” എന്ന് മന്ത്രി പറഞ്ഞു.

ബുധനാഴ്ച ലോഞ്ചിങ് പാഡിന്റെ ഉദ്ഘാടനത്തിനിടെയാണ് ഈ അബദ്ധം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാത്ത പാര്‍ട്ടിയാണ് ഡിഎംകെയെന്നും എന്നാല്‍ ചെയ്യാത്ത പ്രവര്‍ത്തികളുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരാണ് അവരെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇവര്‍ ഞങ്ങളുടെ പദ്ധതികളില്‍ അവരുടെ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് പതിവാണ്. ഇപ്പോള്‍ അവര്‍ എല്ലാ പരിധികകളും ലംഘിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ ഐഎസ്ആര്‍ഒ ലോഞ്ചിങ് പാഡിന്റെ ക്രെഡിറ്റ് ചൈനയ്ക്ക് നൽകിയിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. ഈ പരസ്യത്തിലൂടെ ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും ബഹിരാകാശ മേഖലയെയും എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവഹേളിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘‘ബഹിരാകാശ മേഖലയിലുള്ള ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. നിങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തിനാണ് അവര്‍ പരസ്യങ്ങള്‍ നല്‍കുന്നത്. അതില്‍ ഇന്ത്യയുടെ ബഹിരാകാശനേട്ടത്തിന്റെ ഒരു ചിത്രം പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ബഹിരാകാശരംഗത്തുള്ള ഇന്ത്യയുടെ വിജയം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ ശാസ്ത്രജ്ഞരെയും നമ്മുടെ ബഹിരാകാശ മേഖലയെയും നിങ്ങളുടെ നികുതിപ്പണത്തെയും അവര്‍ അപമാനിച്ചു. ഡിഎംകെയുടെ ചെയ്തികള്‍ക്ക് ശിക്ഷിക്കപ്പെടേണ്ട സമയമാണിതെന്നും,’’ പ്രധാനമന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow