ശിശുമരണങ്ങളിൽ സർക്കാരിനെതിരെ സച്ചിൽപൈലറ്റ്

Sachin Pilot, Ashok Gehlot, Newborn baby, Rajasthan

Jan 4, 2020 - 12:47
 0
ശിശുമരണങ്ങളിൽ സർക്കാരിനെതിരെ സച്ചിൽപൈലറ്റ്

തുടർച്ചയായ ശിശുമരണങ്ങളിൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. സംസ്ഥാന സർക്കാർ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും മുൻ സർക്കാരുകളെ പഴിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

2016 ൽ ബിജെപി അധികാരത്തിലിരുന്നപ്പോൾ 1,100 ലധികം പേർ മരിച്ചുവെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് വിമർശനവുമായി സച്ചിൻ രംഗത്തെത്തിയത്. ‘ഇതിനോടുള്ള പ്രതികരണം കൂടുതൽ അനുകമ്പയും സംവേദനക്ഷമതയും ഉള്ളതാകാമെന്ന് ഞാൻ കരുതുന്നു. 13 മാസം അധികാരത്തിലിരുന്ന ശേഷം മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറ്റപ്പെടുത്തുന്നതിൽ ഒരു ഫലവുമില്ലെന്ന് ഞാൻ കരുതുന്നു. ഉത്തരവാദിത്തം ഉറപ്പാക്കണം’– ജെകെ ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സച്ചിൻ. ജെകെ ലോൺ ആശുപത്രിയിൽ ഡിസംബർ 23നും 24നും ഇടയിൽ മാത്രം 10 കുട്ടികൾ മരിച്ചിരുന്നു. മാസത്തിലെ അവസാന രണ്ട് ദിവസങ്ങളിൽ ഒമ്പത് കുട്ടികൾ കൂടി മരിച്ചു. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച മൂന്നംഗ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കടുത്ത തണുപ്പും കുഞ്ഞുങ്ങളെ ബാധിക്കുന്നുണ്ടെന്നും സമിതി അവകാശപ്പെട്ടു. ഡിസംബർ അവസാന ആഴ്ച താപനില 3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു. വിഷയത്തിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവി മായാവതിയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിമർശനമുന്നയിച്ചിരുന്നു. കടുത്ത വിമർശനത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു. വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും ആശങ്ക പ്രകടിപ്പിച്ചു. ഇതിനെക്കുറിച്ച് വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി കോൺഗ്രസ് പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ആരോഗ്യ സൗകര്യങ്ങളുടെയും അഭാവം മൂലം ഭാവിയിൽ കുട്ടികളുടെ മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേശീയ മനുഷ്യാവകാശ സംഘടന സംസ്ഥാനത്തിന് നിർദേശം നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow