വിസ്മയിക്കുന്ന ഫീച്ചറുമായി വണ്‍പ്ലസിന്റെ കണ്‍സെപ്റ്റ് വണ്‍ ഫോണ്‍

ഇന്നത്തെ കാലത്ത് മുന്‍നിര കമ്പനികളുടെ ഫോണുകള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. അതിനാല്‍ പുതിയ മാറ്റങ്ങള്‍ എങ്ങനെ കൊണ്ടുവരാമെന്ന് തലപുകയ്ക്കുകയാണ്

Jan 4, 2020 - 12:55
 0
വിസ്മയിക്കുന്ന ഫീച്ചറുമായി വണ്‍പ്ലസിന്റെ കണ്‍സെപ്റ്റ് വണ്‍ ഫോണ്‍

ഇന്നത്തെ കാലത്ത് മുന്‍നിര കമ്പനികളുടെ ഫോണുകള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. അതിനാല്‍ പുതിയ മാറ്റങ്ങള്‍ എങ്ങനെ കൊണ്ടുവരാമെന്ന് തലപുകയ്ക്കുകയാണ് ഫോൺ നിര്‍മാതാക്കള്‍. പ്രീമിയം ഫോണുകളുടെ ഫീച്ചറുകള്‍ അവയേക്കാള്‍ വിലകുറച്ചു നിര്‍മിച്ചു വില്‍ക്കുന്നുവെന്നതിൽ പേരുകേട്ട ചൈനീസ് കമ്പനിയാണ് വണ്‍പ്ലസ്. ഇന്ത്യന്‍ പ്രീമിയം ഫോണ്‍ വിപണിയില്‍ ഏറ്റവും പ്രിയം വണ്‍പ്ലസിനാണു താനും.

വണ്‍പ്ലസിന്റെ പുതിയ ശ്രേണിയായിരിക്കാം കണ്‍സെപ്റ്റ് വണ്‍. ഇതൊരു സങ്കല്‍പ്പം മാത്രമാണ്. ഇത്തരം ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി ഉറപ്പിച്ചു പറയുന്നില്ല. എന്നാലും, ഈ ഫോണില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഫീച്ചറുകളുടെ കൂട്ടത്തില്‍ അദൃശ്യമാക്കാവുന്ന പിന്‍ക്യാമറാ സിസ്റ്റവും ഉണ്ടായിരിക്കുമെന്നാണ് പറയുന്നത്.

ഫോണിനെക്കുറിച്ചുള്ള വവിരങ്ങള്‍, ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് എക്‌സിബിഷനായ സിഇഎസ് 2020യില്‍ പുറത്തുവിടുമെന്നും വണ്‍പ്ലസ് അറിയിച്ചു. എന്നാല്‍ സിഇഎസ് വരെകാത്തിരക്കേണ്ട അതിന്റെ ചില കാര്യങ്ങള്‍ അറിയാനെന്നു പറഞ്ഞാണ് അവര്‍ ചെറിയ വിഡിയോ ഉള്‍പ്പെടുത്തി ട്വീറ്റ് നടത്തിയത്. മറ്റാരും നല്‍കാത്ത അദൃശ്യ ക്യാമറ, കളര്‍ ഷിഫ്റ്റിങ് ഗ്ലാസ് ടെക്‌നോളജിയുെട മായാജാലമാണ്. എന്നാല്‍, കണ്‍സെപ്റ്റ് വണ്ണില്‍ പിടിപ്പിക്കുന്ന ക്യാമറകള്‍ വണ്‍പ്ലസ് 7ടി പ്രോയില്‍ കണ്ട ട്രിപ്പിള്‍ ക്യാമറാ സിസ്റ്റത്തിലേതു തന്നെയായിരിക്കുമെന്നാണ് അഭ്യൂഹം. 48എംപി പ്രധാന ക്യാമറ, 8എംപി ടെലി, 16എംപി വൈഡ് എന്നിങ്ങനെയാണത്. ഡിസൈനിന്റെ കാര്യത്തില്‍ വണ്‍പ്ലസിന്റെ നീക്കം ഉത്സാഹം പകരുന്നതാണെന്ന് അവലോകകര്‍ പറയുന്നു. ഭാവിയുടെ ഡിസൈന്‍ പേറുന്ന ഫോണുകളിലൊന്ന് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതുവരെയുള്ള ഒരു വണ്‍പ്ലസ് ഫോണിനെയും അനുസ്മരിപ്പിക്കപ്പടാത്ത തരം ഡിസൈനായിരിക്കും ഇതിന്. ഈ ഫോണ്‍ വണ്‍പ്ലസിന്റെ ഫോള്‍ഡബിൾ ഫോണ്‍ ആയിരിക്കാമെന്ന റിപ്പോർട്ട് പരന്നിരുന്നു. എന്നാല്‍, പുതിയ ട്വീറ്റോടെ അത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ബ്രിട്ടനില്‍ നിന്നുളള കാര്‍ നിര്‍മാതാവ് മക്‌ലാറനുമായി ചേര്‍ന്നാണ് പുതിയ മാറ്റം കൊണ്ടുവരാന്‍ കമ്പനി ഒരുങ്ങുന്നത്. വിമാനങ്ങളിലും മക്‌ലാറന്റെ മുന്തിയ കാറുകളിലും സൂര്യ പ്രകാശം പ്രവേശിക്കാതിരിക്കാനായി ഉപയോഗിക്കുന്ന ഗ്ലാസുകളായിരിക്കും കണ്‍സെപ്റ്റ് വണ്ണിന്റെ പിന്‍പ്രതലത്തിലും ഉപയോഗിക്കുക. ഈ സവിശേഷ ഗ്ലാസിനു പിന്നിലായിരിക്കും കണ്‍സെപ്റ്റ് വണ്ണിലെ ക്യാമറകള്‍ നിലകൊള്ളുക. വൈദ്യുതി കടന്നുവരുമ്പോള്‍ ഗ്ലാസിന്റെ നിറം മാറും. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ ആപ് തുറക്കുമ്പോള്‍ ക്യാമറ തെളിഞ്ഞു വരും.

അല്ലാത്തപ്പോള്‍ ഫോണിനു പിന്നില്‍ ക്യാമറ ഉള്ളതായി തോന്നുകയേ ഇല്ല. ക്യാമറാ ആപ് ഉപയോഗിക്കാത്ത എല്ലാ സമയത്തും ക്യാമറ അദൃശ്യമായിരിക്കും. അതുകൂടാതെ ക്യാമറ തെളിഞ്ഞു വരുന്ന സമയത്തു പോലും ഇന്നു വരെ കണ്ടിരിക്കുന്ന രീതിയിലായിരിക്കില്ല അത് ദൃശ്യമാകുക. ക്യാമറയുണ്ടെന്ന സൂചന മാത്രമായിരിക്കും ഉളളത്. ഇരുട്ടില്‍ നേരിയ പ്രകാശം പോലെ സൂക്ഷിച്ചു പരതിയാല്‍ മാത്രമേ ക്യാമറ കാണാനാകൂ. ധീരമായ പരീക്ഷണമാണ് നടത്തുന്നതെന്ന് വണ്‍പ്ലസിന്റെ സഹ സ്ഥാപകനായി പീറ്റര്‍ ലാവു പറഞ്ഞു. വന്‍ എൻജീനീയറിങ് വെല്ലുവിളികളെ മറികടക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം കുറച്ച് ഉപകരണങ്ങള്‍ ആദ്യം പുറത്തിറക്കി ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷം വാണിജ്യാടിസ്ഥാനത്തില്‍ ഇതു പുറത്തിറക്കണമോ എന്നു തീരുമാനിക്കാനാണ് വണ്‍പ്ലസ് ശ്രമിക്കുന്നത്. ഇതില്‍ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ സാങ്കേതികവിദ്യയെ വിളിക്കുന്നത് ഇലക്ട്രോക്രോമിക് ഗ്ലാസ് എന്നാണ്. മക്‌ലാറന്‍ 720എസ് സൂപ്പര്‍കാറില്‍, വേണ്ടവര്‍ക്ക് ഈ ഗ്ലാസിട്ട വിന്‍ഡോ പിടിപ്പിച്ചു നല്‍കും. 9.100 ഡോളര്‍ അധികം നല്‍കിയാല്‍ മതിയാകും. ഇത്തരം ഗ്ലാസ് തന്റെ കമ്പനിയുടെ ഫോണുകളില്‍ ഉപയോഗിക്കാന്‍ സഹായിക്കാമോ എന്ന് പീറ്റര്‍ ചോദിച്ചപ്പോള്‍ മക്‌ലാറന്‍ കുറച്ച് എൻജീനീയര്‍മാരെ വിട്ടുകൊടുക്കുകയായിരുന്നു.

ഈ ക്യാമറ നേരിട്ടു കണ്ടാല്‍ 'ഇതാണോ ഇത്രവലിയ കാര്യമെന്ന് ചോദിച്ചു പോകുമെന്നും പറയുന്നു. ക്യാമറ ഒട്ടും ഫോണിന്റെ പിന്നില്‍ നിന്നു തള്ളിയിരിക്കുന്നില്ല, മൊത്തം കവചിതമാണ് എന്നത് ഒരു മേന്മായി കാണാമെന്നും വാദമുണ്ട്. കണ്‍സെപ്റ്റ്വണ്‍ ഫോണിന്റെ മറ്റൊരു മേന്മയായി പറയുന്നത് അതിനൊരു റെയ്‌സ് കാറിന്റെ കെട്ടുംമട്ടും കാണുമെന്നതാണ്. പുതിയ ഫോണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ലാസ് വെഗാസില്‍ ജനുവരി 7ന് തുടങ്ങാനിരിക്കുന്ന സിഇഎസ് വരെ കാത്തിരിക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow