ഒറ്റ ചാർജിൽ 550 കി.മീ റേഞ്ച്; എതിരാളികളെ ഞെട്ടിക്കാൻ മാരുതി സുസുകിയുടെ EVX ഇലക്ട്രിക് എസ്.യു.വി

Jan 13, 2023 - 15:43
 0
ഒറ്റ ചാർജിൽ 550 കി.മീ റേഞ്ച്; എതിരാളികളെ ഞെട്ടിക്കാൻ മാരുതി സുസുകിയുടെ EVX ഇലക്ട്രിക് എസ്.യു.വി

മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ചു. ഡൽഹിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിലാണ് ഇവിഎക്സ് ഇലക്ട്രിക് എസ്.യു.വി കൺസെപ്റ്റ് മാരുതി അവതരിപ്പിച്ചത്. ഇത് 2025 ൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി ഇവിഎക്‌സിന് 4,300 എംഎം നീളവും വീൽബേസ് 2,700 എംഎം ആയിരിക്കും. ഇതിന് 1,800 എംഎം വീതിയും 1,600 എംഎം ഉയരവും ഉണ്ടാകും.

സുസുക്കി മോട്ടോർ കോർപ്പറേഷൻ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത, കൺസെപ്റ്റ് എസ്.യു.വിയാണ് ഇവിഎക്‌സ്. ഇന്ത്യൻ റോഡുകളിൽ തരംഗം തീർക്കാൻ ഈ വാഹനത്തിന് കഴിയുമെന്നാണ് മാരുതി സുസുകിയുടെ അവകാശവാദം. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുകി ഇന്ത്യൻ വിപണിക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത നിരവധി EV-കളിൽ ആദ്യത്തേതാണ് EVX എന്നാണ് റിപ്പോർട്ട്. നേരായ പോസ്ചർ, തിരശ്ചീന ഹുഡ്, വലിയ ചക്രങ്ങൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സിഗ്നേച്ചർ എൽഇഡി ലൈറ്റ് എന്നിവയാണ് ഇവിഎക്സിന്‍റെ ബോഡി ഡിസൈനിലെ പ്രത്യേകത.

“ഇന്ന്, എനിക്ക് ആവേശകരമായ ഒരു ഒരു കാര്യം പ്രഖ്യാപിക്കാനുണ്ട്. ഞങ്ങളുടെ ആദ്യത്തെ ആഗോള സ്ട്രാറ്റജിക് EV, കൺസെപ്റ്റ് eVX അനാച്ഛാദനം ചെയ്യുന്നതിന്‍റെ സന്തോഷത്തിലാണ് ഞാൻ. 2025-ഓടെ ഇത് വിപണിയിലെത്തിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. സുസുക്കി ഗ്രൂപ്പിന്, ആഗോളതാപനത്തെ നേരിടുന്നതിന് പ്രഥമ പരിഗണനയാണുള്ളത്”- കൺസെപ്റ്റ് ഇലക്‌ട്രിക് എസ്‌യുവി ഇവിഎക്‌സിന്റെ ആഗോള പ്രീമിയർ പുറത്തിറക്കിക്കൊണ്ട്, സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പ്രതിനിധി ഡയറക്ടറും പ്രസിഡന്റുമായ മിസ്റ്റർ തോഷിഹിറോ സുസുക്കി പറഞ്ഞു.

60kWh ബാറ്ററിയുള്ള ഇവിഎഖ്സ് ഒറ്റ ചാർജിൽ ഏകദേശം 550 കിലോമീറ്റർ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം. അതേസമയം ചെറിയ ബാറ്ററിയുള്ള ബേസ് വേരിയന്റും ഉണ്ടാകുമെന്നാണ് വിവരം. മാരുതി സുസുക്കിക്ക് എൻട്രി ലെവൽ ഗ്രേഡുകൾ 48kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് സജ്ജീകരിക്കാൻ കഴിയും, ഇത് ഒറ്റ ചാർജിൽ 400 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്നാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow