ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പ്രധാന സവിശേഷതകൾ

ഗൂഗിൾ ആൻഡ‍്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ആൻഡ്രോയ്ഡ് 10 എത്തി. പുതിയ ഒഎസിന് മിഠായിപ്പേരു നൽകില്ലെന്ന് കഴിഞ്ഞയാഴ്ച ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.

Sep 9, 2019 - 06:58
 0
ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പ്രധാന സവിശേഷതകൾ

ഗൂഗിൾ ആൻഡ‍്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ആൻഡ്രോയ്ഡ് 10 എത്തി. പുതിയ ഒഎസിന് മിഠായിപ്പേരു നൽകില്ലെന്ന് കഴിഞ്ഞയാഴ്ച ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യതയിലും സുരക്ഷയിലും അൻപതിലേറെ പുതിയ മാറ്റങ്ങളോടെയാണ് ആൻഡ്രോയ്ഡ് 10ന്റെ വരവ്. പുതിയ ആൻഡ്രോയ്ഡ് പതിപ്പിലെ പ്രധാന സവിശേഷതകൾ ഇവയാണ്.

1. സ്മാർട് റിപ്ലൈ - നോട്ടിഫിക്കേഷൻ ടാബിൽ നിന്നു തന്നെ റിപ്ലൈ നൽകാൻ വഴിയൊരുക്കിയിരുന്ന സ്മാർട് റിപ്ലൈ സംവിധാനം ഇനി മുതൽ വിവിധ ആക്ഷനുകളും പിന്തുണയ്ക്കും. വിഡിയോ ലിങ്ക് നേരിട്ടു യു ട്യൂബിൽ തുറക്കാനും ലൊക്കേഷൻ ലിങ്കിൽ നിന്നു നേരേ മാപ്പിലേക്കു പോകുന്നതുമുൾപ്പെടെ ജോലികൾ എളുപ്പമാക്കാൻ ഇതു സഹായിക്കും.

2. ഡാർക്ക് മോഡ് - കണ്ണുകൾക്ക് ആയാസവും ഫോണിലെ ബാറ്ററി ഉപയോഗവും കുറയ്ക്കുന്ന ഡാർക് മോഡ് ഏറെ നാളായി ഗൂഗിൾ വിവിധ ആപ്പുകളിൽ പരീക്ഷിച്ചുവരികയാണ്. ആൻഡ്രോയ്ഡ് 10ൽ ഒഎസ് പൂർണമായും ഡാർക് മോഡിലേക്കു മാറ്റാൻ കഴിയും. തിരഞ്ഞെടുത്ത ആപ്പുകൾക്കു മാത്രമായി ഡാർക് മോഡ് എനേബിൾ ചെയ്യുകയുമാവാം.

3. ജെസ്ചർ നാവിഗേഷൻ - ‍ആൻഡ്രോയ്ഡ് ഹോം സ്ക്രീനിലെ അവിഭാജ്യ ഘടകമായ മൂന്നു ബട്ടണുകൾ (ഹോം, ബായ്ക്ക്, റീസന്റ് ആക്ഷൻസ്) ഡിസേബിൾ ചെയ്ത് ജെസ്ചർ നാവിഗേഷനിലേക്കു മാറാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സ്ക്രീൻ ടാപുകളും ജെസ്ചറുകളും വഴി വിവിധ ആക്ഷനുകൾ ചെയ്യാം. ഫോണിന്റെ ഉപയോഗവേഗം വർധിപ്പിക്കാൻ ഇതു സഹായിക്കും.

4. ലൈവ് ക്യാപ്ഷൻ - ശബ്ദം കുറച്ചു വച്ചു വിഡിയോ കാണുന്നവർക്ക് തൽസമയ സബ്ടൈറ്റിൽ. വിഡിയോകൾക്കു മാത്രമല്ല, ശബ്ദസന്ദേശങ്ങൾക്കും പോഡ്കാസ്റ്റുകൾക്കുമെല്ലാം ബാധകമായ സബ്ടൈറ്റ്‍ലിങ് സംവിധാനമാണ് ലൈവ് ക്യാപ്ഷൻ. ഫോണിൽ നാം റെക്കോർഡ് ചെയ്യുന്ന വിഡിയോകളിലും ഓഡിയോകളിലും ഇതു സാധിക്കും.

5. ലൊക്കേഷൻ ഡേറ്റ മാത്രം ഷെയർ ചെയ്തുകൊണ്ട് ആപ്പുകൾ ഉപയോഗിക്കാം. ആവശ്യമുള്ളപ്പോൾ മറ്റു പെർമിഷനുകൾ നൽകിയാൽ മതി. ലൊക്കേഷൻ മാത്രം ഷെയർ ചെയ്യുമ്പോൾ ആപ് പൂർണതോതിലല്ല ഉപയോഗിക്കുന്നതെന്ന നോട്ടിഫിക്കേഷനും ലഭിക്കും.

6. പുതിയ പ്രൈവസി സെക്ഷനിൽ കൂടുതൽ നിയന്ത്രണം. വെബ് ആക്ടിവിറ്റി, ആപ് ആക്ടിവിറ്റി എന്നിവ ഉപയോഗിച്ച് ഗൂഗിൾ എന്തൊക്കെ വിവരങ്ങൾ ശേഖരിക്കുന്നു എന്നതു നിയന്ത്രിക്കാം. ആഡ് സെറ്റിങ്സ് ഉപയോഗിച്ച് പരസ്യങ്ങളും നിയന്ത്രിക്കാം.

7. ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റ്സ് - പ്രധാന സുരക്ഷാ അപ്ഡേറ്റുകൾ ഇനി മുതൽ നേരിട്ട് ഗൂഗിളിൽ നിന്നു ഫോണിലേക്കു ലഭിക്കും. ഇതുവരെ ഗൂഗിളിൽ‍ നിന്നുള്ള അപ്ഡേറ്റ് ഫോൺ നിർമിച്ച കമ്പനിയാണ് ഒഎസ് അപ്ഡേറ്റ് വഴി നൽകിയിരുന്നത്. ഇതു വലിയ കാലതാമസം ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഒഎസ് അപ്ഡേറ്റ് ഇല്ലാതെ തന്നെ ഗൂഗിൾ പ്ലേ വഴി അപ്ഡേറ്റുകൾ നേരിട്ടു നൽകുന്നത്.

8. നോട്ടിഫിക്കേഷൻ കൺട്രോൾ - നോട്ടിഫിക്കേഷനുകൾക്കു മാത്രമായി കൂടുതൽ നിയന്ത്രണം. നോട്ടിഫിക്കേഷനുകൾ മാത്രം സയലന്റ് ആക്കി വയ്ക്കുന്നതു വഴി നോട്ടിഫിക്കേഷൻ ലോക്ക്സ്ക്രീനിൽ വരുന്നതു തടയാം. ആവശ്യമുള്ളപ്പോൾ പുനഃസ്ഥാപിക്കുകയും ചെയ്യാം.

9. കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഗൂഗിൾ കഴിഞ്ഞ വർഷം അവതരിപ്പിച്ച ഫാമിലി ലിങ്ക് ആപ് സിസ്റ്റം ആപ്പുകളോടൊപ്പം ലഭിക്കും. ഫോൺ ഉപയോഗം നിയന്ത്രിക്കാൻ വഴിയൊരുക്കുന്ന ഡിജിറ്റൽ വെൽബീയിങ് വിഭാഗത്തിൽ നിന്ന് കുട്ടികളുടെ അക്കൗണ്ട് ചേർത്ത് ഉപയോഗത്തിനും ആപ്പുകൾക്കും എല്ലാം നിയന്ത്രണം ഏർപ്പെടുത്താം.

10. ഫോക്കസ് മോഡ് - ആപ്പുകളുടെ വലയത്തിൽ നിന്നു രക്ഷനേടാൻ ആഗ്രഹിക്കുന്നവർക്ക് ഏകാഗ്രത കൈവരിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഫോക്കസ് മോഡ്. ഡിജിറ്റൽ വെൽബീയിങ്ങിന്റെ ഭാഗമാണിതും. ശല്യപ്പെടുത്തുന്ന ആപ്പുകൾ മാത്രം തിരഞ്ഞെടുത്ത് സയലന്റ് ആക്കി വയ്ക്കാം. ഫോക്കസ് മോഡിൽ നിന്നു പുറത്തു കടന്നാൽ നിയന്ത്രണം നീങ്ങുകയും ചെയ്യും. ആൻഡ്രോയ്ഡ് 10നെപ്പറ്റി കൂടുതലറിയാൻ: https://www.android.com/android-10/

ആൻഡ്രോയ്ഡ് ക്യു എന്ന പേരിലിറങ്ങിയ ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനു ഗൂഗിളിന്റെ പഴയ ശൈലി അനുസരിച്ചാണെങ്കിൽ ക്യു എന്ന ഇംഗ്ലിഷ് അക്ഷരത്തിലുള്ള ഒരു പേരായിരുന്നു ലഭിക്കേണ്ടത്. പേരു പ്രഖ്യാപിക്കും മുൻപു തന്നെ ക്യു വേണ്ട വേർഷൻ നമ്പർ മതി എന്നു തീരുമാനിച്ച ഗൂഗിൾ ആൻഡ്രോയ്ഡ് 10 എന്ന പേരിൽ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ, ക്യു പേരായിരുന്നെങ്കിൽ ആൻഡ്രോയ്ഡ്10 ക്യൂൻകേക്ക് എന്ന പേരിലിറങ്ങിയേനെ എന്നാണ് ആൻഡ്രോയ്ഡ് വൈസ് പ്രസിഡന്റ് ഡേവ് ബർക് വെളിപ്പെടുത്തിയിരിക്കുന്നത്. കമ്പനിക്കുള്ളിൽ ക്വിൻസി ടാർട്ട് എന്ന കോഡ് നാമത്തിലാണ് ഒഎസ് അറിയപ്പെട്ടിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow