ഓണക്കാലത്ത് കർശന വാഹനപരിശോധന ഇല്ല

Sep 9, 2019 - 06:32
 0
ഓണക്കാലത്ത് കർശന വാഹനപരിശോധന ഇല്ല

നിയമലംഘനങ്ങൾക്ക് അഞ്ചിരട്ടി വരെ പിഴ ഈടാക്കുന്ന മോട്ടർ വാഹന നിയമഭേദഗതി സംസ്ഥാനത്തു തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ഓണക്കാലം കഴിയും വരെ കർശന വാഹന പരിശോധന വേണ്ടെന്നാണു തീരുമാനം. ഓണത്തിനു ശേഷം സ്ഥിതി വീണ്ടും വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കും. പിഴയിലെ വൻ വർധന പ്രാബല്യത്തിലായതോടെ പലയിടത്തും ക്രമസമാധാന പ്രശ്നങ്ങൾ ഉയർന്നിരുന്നു.

ഭേദഗതി നടപ്പാക്കുന്നതു പുനഃപരിശോധിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഉയർന്ന പിഴ ഈടാക്കുന്നതു വിപരീത ഫലം സൃഷ്ടിക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഭേദഗതി ചെയ്ത നിയമം ചില സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടില്ലെന്നതും ചൂണ്ടിക്കാട്ടി.

റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനക്ഷമത വിലയിരുത്താനാണു പ്രധാനമായും യോഗം ചേർന്നത്. സമീപകാലത്തുണ്ടായ പല പ്രധാന വാഹനാപകടങ്ങളിലും തെളിവു കണ്ടെത്താൻ ക്യാമറകൾ സഹായകമായിരുന്നില്ല. ഈ സാഹചര്യത്തിൽ ക്യാമറകൾ മുഴുവൻ പ്രവർത്തനക്ഷമമാക്കാൻ തീരുമാനമായി. പുതിയ മോട്ടർവാഹന നിയമം ജനങ്ങൾക്ക് അധിക ബാധ്യതയുണ്ടാക്കുന്നതിനാൽ നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് ബംഗാളാണ്. പിന്നാലെ മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളും നിയമം തൽക്കാലത്തേക്ക് നടപ്പാക്കുന്നില്ലെന്നു പ്രഖ്യാപിച്ചു. ബോധവൽക്കരണത്തിനു ശേഷമേ നടപ്പാക്കാനാവൂ എന്നാണ് നിലപാട്.

What's Your Reaction?

like

dislike

love

funny

angry

sad

wow