വിനോദയാത്രയ്ക്കിടെ ദുരന്തം; മരിച്ചവരിൽ അഞ്ച് വിദ്യാർഥികളും അധ്യാപകനും; ബസ് അമിത വേഗതയിലായിരുന്നെന്ന് കുട്ടികൾ

മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്. മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് അപകടത്തിൽ മരിച്ചത്.

Oct 6, 2022 - 17:21
Oct 6, 2022 - 18:00
 0
വിനോദയാത്രയ്ക്കിടെ ദുരന്തം; മരിച്ചവരിൽ അഞ്ച് വിദ്യാർഥികളും അധ്യാപകനും; ബസ് അമിത വേഗതയിലായിരുന്നെന്ന് കുട്ടികൾ
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിദ്യാർഥികളുമായി ടൂർ പോയ ബസാണ് വടക്കഞ്ചേരിയിൽ കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. കളിച്ചും ചിരിച്ചും കൂട്ടുകാർക്കൊപ്പം യാത്ര പോകുന്നതിനിടെയുണ്ടായ അപ്രതീക്ഷിത ദുരന്തം ഒരു നാടിനെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുന്നത്. കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിച്ച ടൂറിസ്റ്റ് ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്. മൂന്ന് പെൺകുട്ടികൾക്കും രണ്ട് ആൺകുട്ടികൾക്കുമാണ് ജീവൻ നഷ്ടമായതെന്നാണ് പ്രാഥമിക വിവരം. വിഷ്ണു ആണ് മരിച്ച അധ്യാപകൻ. ദീപു, അനൂപ്, രോഹിത് എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ.
42 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം. രണ്ട് ബസ് ജീവനക്കാരും ഇവർക്കൊപ്പമുണ്ടായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. യാത്ര ആരംഭിച്ചപ്പോൾ മുതൽ ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിദ്യാര്‍‍ഥികള്‍ പറയുന്നത്. ചിലയാളുകൾ സിനിമ കാണുകയായിരുന്നു. മറ്റുള്ളവർ ഉറങ്ങുകയായിരുന്നെന്നും രക്ഷപ്പെട്ട വിദ്യാർഥി പറഞ്ഞു. വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ 38 ഓളം പേർ തൃശ്ശുർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല.
 പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണു സംഭവിച്ചതെന്നു മനസിലാക്കാന്‍ ഏറെ സമയമെടുത്തെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറയുന്നത്. ഏറെ പണിപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow