തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഇതുവരെ പിടികൂടിയത് 4650 കോടി, 'ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക'; കേരളത്തിൽ നിന്ന് 53 കോടി

Apr 17, 2024 - 08:38
 0
തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഇതുവരെ പിടികൂടിയത് 4650 കോടി, 'ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക'; കേരളത്തിൽ നിന്ന് 53 കോടി

ലോക്സഭ തിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. പതിമൂന്ന് ദിവസത്തിന് ഉള്ളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കിലാണ് ഞെട്ടിക്കുന്ന കണക്ക് വിവരങ്ങൾ. ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് നടക്കുന്നുവെന്നതിന് തെളിവാണിത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെ 3475 കോടിയാണ് പിടിച്ചെടുത്തത്. എന്നാൽ ഇത്തവണ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4600 കോടി കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പണമായി മാത്രം പിടിച്ചെടുത്തത് 395.39 കോടിയാണ്. 489 കോടി മൂല്യമുള്ള മൂന്ന് കോടി അൻപത്തിയെട്ട് ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. രണ്ടായിരം കോടിയുടെ മയക്കുമരുന്നും അധികൃതർ പിടികൂടിയിട്ടുണ്ട്. സ്വർണം പോലുള്ള 562 കോടിയുടെ ലോഹങ്ങളും മറ്റ് സൗജന്യങ്ങളായുള്ള 1142 കോടിയുടെ സാധനങ്ങളുടെ പിടിച്ചെടുത്തുവെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു

778 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്ത രാജസ്ഥാനാണ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍. ഗുജറാത്തില്‍ നിന്ന് 605 കോടിയുടെ സാധനങ്ങളും തമിഴിനാട്ടില്‍ നിന്ന് 460 ഉം മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ നിന്ന് പണമായി പത്ത് കോടിയാണ് കമ്മീഷൻ പിടിച്ചെടുത്തത്. രണ്ട് കോടിയുടെ മദ്യവും 14 കോടിയുടെ മയക്ക് മരുന്നും പിടിച്ചെടുത്തു. ഏപ്രില്‍ 19നാണ് ലോക്സഭ തെര‍ഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നടക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ് അവസാനിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow