'ഗവർണറെ കേരളത്തിലെ ക്യാംപസുകളിൽ കാലുകുത്തിക്കില്ല; പ്രതിഷേധം ശക്തമായി തുടരും': SFI സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ

Dec 12, 2023 - 07:25
 0
'ഗവർണറെ കേരളത്തിലെ ക്യാംപസുകളിൽ കാലുകുത്തിക്കില്ല; പ്രതിഷേധം ശക്തമായി തുടരും': SFI സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ ക്യാംപസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. തിരുവനന്തപുരത്ത് കരിങ്കൊടി കാട്ടിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഔദ്യോഗിക വാഹനത്തില്‍നിന്നും പുറത്തിറങ്ങി ഗവര്‍ണര്‍ രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെയാണ് ആര്‍ഷോയുടെ പ്രതികരണം. ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ തികച്ചും നാടകീയ സംഭവങ്ങളാണ് തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് അരങ്ങേറിയത്. തന്റെ കാര്‍ തടഞ്ഞുനിര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതോടെ കാറില്‍നിന്നും പുറത്തിറങ്ങിയ ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നു വിളിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്നും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിച്ചു.

യൂണിവേഴ്സിറ്റി കോളേജിനടുത്തുവെച്ചും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുവെച്ചും രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. രണ്ടുസ്ഥലങ്ങള്‍ക്കും ഇടയില്‍ വൈകിട്ടോടെ വീണ്ടും പ്രതിഷേധം ഉണ്ടായതോടെയാണ് ഗവര്‍ണര്‍ റോഡിലേക്കിറങ്ങിയത്. വാഹനത്തില്‍നിന്നും ഇറങ്ങിയ ഗവര്‍ണര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ചെന്നതോടെ പൊലീസും കുഴങ്ങി. ഏറെപാടുപെട്ടാണ് പ്രവര്‍ത്തകരെ പൊലീസ് ജീപ്പില്‍ കയറ്റി ഇവിടെനിന്നും മാറ്റിയത്. തനിയ്ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെന്നാരോപിച്ച് പൊലീസുകാരേയും ഗവർണര്‍ രൂക്ഷഭാഷയില്‍ വിമർശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow