India Cricket| പാകിസ്ഥാനെ മറികടന്ന് ഏകദിന റാങ്കിങ്ങിലും ഒന്നാം റാങ്ക്; മൂന്ന് ഫോർമാറ്റിലും ഒന്നാമത്

Sep 23, 2023 - 14:01
 0
India Cricket| പാകിസ്ഥാനെ മറികടന്ന് ഏകദിന റാങ്കിങ്ങിലും ഒന്നാം റാങ്ക്; മൂന്ന് ഫോർമാറ്റിലും ഒന്നാമത്

കെ എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം രേഖപ്പെടുത്തിയപ്പോൾ, ഐസിസിയുടെ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തി മെൻ ഇൻ ബ്ലൂ മികച്ച തിരിച്ചുവരവ് നടത്തി. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഒരേ സമയം എല്ലാ ഫോർമാറ്റുകളിലും ഒന്നാം റാങ്ക് നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറി. അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ടീം കൂടിയാണ്. 

മൊഹാലിയിലെ വിജയത്തോടെ 116 പോയിന്റുമായാണ് ഇന്ത്യ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. 115 പോയിന്റുള്ള പാകിസ്ഥാനെ മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്. മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയാണ്. എന്നാൽ മൊഹാലിയിലെ തോൽവിയോടെ അവരുടെ പോയിന്റ് 11 ആയി കുറഞ്ഞു.

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിന് മുൻപായി ഏഷ്യാ കപ്പിലെ വിജയവും മൂന്ന് ഫോർമോറ്റുകളിലെ ഒന്നാം സ്ഥാനവും സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്

ഐസിസി ക്രിക്കറ്റ് ടീമുകളിൽ മൂന്ന് ഫോർമാറ്റുകളിലും ഒരേസമയം ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ടീം ദക്ഷിണാഫ്രിക്കയായിരുന്നു. 2012ലായിരുന്നു ഈ നേട്ടം. ഇപ്പോൾ റെക്കോഡ‍് ബുക്കിൽ സ്വന്തം പേര് കൂടി എഴുതിച്ചേർത്തിരിക്കുകയാണ് ടീം ഇന്ത്യയും.

ടെസ്‌റ്റ്, ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും ഏകദിനത്തിലെ ഒന്നാം സ്ഥാനത്തിനായി ഇന്ത്യ പാക്കിസ്ഥാനും ഓസ്‌ട്രേലിയയുമായി പോരാട്ടത്തിലായിരുന്നു.

ആദ്യ ഏകദിനം വിജയിച്ചതോടെ, സെപ്തംബർ 24 ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ഇന്ത്യക്ക് പരമ്പര നേടാനുള്ള അവസരമാണ് തുറന്നിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഒന്നാം റാങ്കോടെ തന്നെ ആതിഥേയരായ ഇന്ത്യക്ക് ലോകകപ്പ് മത്സരങ്ങൾക്ക് ഇറങ്ങാനാകും.

ഇന്ത്യൻ ടീം എല്ലാ ഫോർമാറ്റുകളിലും ഐസിസി റാങ്കിങ്ങിൽ മികച്ചുനിൽക്കുന്നു എന്ന് മാത്രമല്ല, ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനം നേടുകയും ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ശുഭ്മാൻ ഗിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം സൂര്യകുമാർ യാദവ് ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ടി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് രണ്ടാം റാങ്കിൽ.

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടറുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന രവീന്ദ്ര ജഡേജ, ടെസ്റ്റ് ഫോർമാറ്റിൽ ബൗളർമാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ്. രവിചന്ദ്രൻ അശ്വിനാണ് ബൗളിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഒരു വിക്കറ്റ് വീഴ്ത്തി ഏകദിന ക്രിക്കറ്റിലും നീണ്ട ഇടവേളയ്ക്ക് ശേഷം അശ്വിൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow