ഇഡി ഡയറക്ടർ നിയമനത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി; കാലാവധി നീട്ടിയ നടപടി സുപ്രീംകോടതി റദ്ദാക്കി

Jul 12, 2023 - 07:50
 0
ഇഡി ഡയറക്ടർ നിയമനത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി; കാലാവധി നീട്ടിയ നടപടി സുപ്രീംകോടതി റദ്ദാക്കി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തി. സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് കാലാവധി മൂന്നാം തവണയും നീട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

സഞ്ജയ് കുമാര്‍ മിശ്രയെ 2018 നവംബറിലാണ് രണ്ടുവര്‍ഷത്തേക്ക് ഇഡി  ഡയറക്ടറായി കേന്ദ്രം നിയമിച്ചത്. 2020 മേയില്‍ അദ്ദേഹത്തിന് 60 വയസ്സായതിനെത്തുടര്‍ന്ന് വിരമിക്കല്‍ പ്രായമായെത്തിയിരുന്നു. എന്നാല്‍, മിശ്രയുടെ കാലാവധി രണ്ടില്‍നിന്ന് മൂന്നുവര്‍ഷമാക്കി രാഷ്ട്രപതി ദീര്‍ഘിപ്പിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ 2020 നവംബര്‍ 13-ന് ഓഫീസ് ഉത്തരവിറക്കി. ഇതിനെതിരേ സന്നദ്ധസംഘടനയായ കോമണ്‍ കോസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സമയം നല്‍കിയ നടപടി 2021 സെപ്റ്റംബറില്‍ സുപ്രീംകോടതി ശരിവെച്ചെങ്കിലും വീണ്ടും നീട്ടിനല്‍കരുതെന്ന് വ്യക്തമാക്കിയിരുന്നു.

കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിക്കൊണ്ട് ഇഡി ഡയറക്ടറുടെ കാലാവധി അഞ്ചുവര്‍ഷംവരെയാക്കി. അതിനെതിരായ ഹര്‍ജികളിലും കേന്ദ്രം നേരത്തേ മറുപടി നല്‍കിയിരുന്നു. ഇഡി പോലുള്ള ഏജന്‍സികള്‍ക്ക് പ്രത്യേക വൈദഗ്ധ്യം ആവശ്യമായ ജോലികളാണ് ചെയ്യേണ്ടത്. അതിനാല്‍ ഇഡിയെ നയിക്കുന്നവര്‍ക്ക് രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ കാലാവധി ആവശ്യമാണെന്ന് കേന്ദ്രം പറഞ്ഞു. തുടര്‍ന്നാണ് 2022 നവംബര്‍ 17-ന് മിശ്രയ്ക്ക് വീണ്ടും ഒരു വര്‍ഷംകൂടി കാലാവധി നീട്ടി നല്‍കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow