വന്ദേ മെട്രോ ട്രെയിനുകൾ ഈ വർഷം ഡിസംബറോടെ ഓടിത്തുടങ്ങും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

100 കിലോമീറ്ററിൽ താഴെ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന നഗരങ്ങളെ ഈ മെട്രോ റെയിൽ ശൃംഖല വഴി ബന്ധിപ്പിക്കാൻ ആലോചിക്കുന്നതായും മന്ത്രി

Apr 15, 2023 - 08:56
 0
വന്ദേ മെട്രോ ട്രെയിനുകൾ ഈ വർഷം ഡിസംബറോടെ ഓടിത്തുടങ്ങും: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

വന്ദേ മെട്രോ ട്രെയിനുകൾ (Vande Metro Train) ഈ വർഷം ഡിസംബറോടെ ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 100 കിലോമീറ്ററിൽ താഴെ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന നഗരങ്ങളെ ഈ മെട്രോ റെയിൽ ശൃംഖല വഴി ബന്ധിപ്പിക്കാൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകൾ ഇതിനകം സർവീസ് ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വന്ദേ മെട്രോ നെറ്റ്‍വർക്ക് പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത്. നഗരങ്ങളിലെ ഗതാഗതസൗകര്യങ്ങൾ വ‍ർധിപ്പിക്കാനായി പുതിയമെട്രോ ട്രെയിനുകൾ ട്രാക്കിലെത്തിക്കാനാണ് സ‍ർക്കാരിൻ്റെ പദ്ധതി

“100 കിലോമീറ്ററിൽ താഴെ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ ട്രെയിനുകൾ ദിവസേന നാലോ അഞ്ചോ തവണ സർവീസ് നടത്തും. ഇതിലെ യാത്ര വളരെ സുഖകരവും ചെലവ് താങ്ങാനാവുന്നതുമാണ്. ഈ വർഷം ഡിസംബറോടെ ഇത്തരം മെട്രോ ട്രെയിനുകൾ പൂർണമായും സജ്ജമാകും”, അശ്വിനി വൈഷ്ണവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

പുതിയ മെട്രോ നെറ്റ്‌വർക്ക് വരുന്നതോടെ ലോക്കൽ ട്രെയിനുകളിലെ തിരക്ക് കുറയുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും ഇതൊരു അനു​​ഗ്രഹം ആകുമെന്നും യാത്രാസമയം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേ ഭാരത് ട്രെയിനുകൾക്ക് മികച്ച പ്രതികരണം ലഭിച്ചതിനെത്തുടർന്നാണ് കേന്ദ്രം വന്ദേ മെട്രോ പദ്ധതി ആരംഭിച്ചത്. യൂറോപ്പിലെ റീജിയണൽ ട്രെയിനുകൾക്ക് സമാനമാണ് ഈ പദ്ധതി. സഞ്ചാരികൾക്ക് ലോകോത്തര യാത്രാനുനുഭവം നൽകുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

വന്ദേ മെട്രോ ട്രെയിനുകളിൽ എട്ട് കോച്ചുകൾ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 23 കിലോ മീറ്റർ ആയിരിക്കും മെയിൻ ലൈനിന്റെ നീളം. രാജസ്ഥാനിലെ ജോധ്പൂർ ഡിവിഷനിലുള്ള ഗുധ, തതന മിത്രി എന്നീ സ്ഥലങ്ങൾക്കിടയിൽ വന്ദേ മെട്രോ ട്രെയിനുകൾക്കായി ഒരു ടെസ്റ്റ് ട്രാക്ക് വികസിപ്പിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. സ്റ്റെബിലിറ്റ് പരിശോധന, കർവ് പരിശോധന, ആക്സിലറേറ്റഡ് പരിശോധന എന്നിവയെല്ലാം ഈ ട്രാക്കിൽ വെച്ച് നടത്തും.

“ടെസ്റ്റ് ട്രാക്കിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഇത് നമുക്ക് വളരെയധികം പ്രയോജനം ചെയ്യും”, അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യ ഉടൻ തന്നെ വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow