IPL 2023| പൊരുതി തോറ്റ് കൊൽക്കത്ത; സൺറൈസേഴ്‌സിന് 23 റൺസിന്റെ വിജയം

ഈ സീസണിലെ ആദ്യ സെഞ്ചുറിയാണ് ഹാരി ബ്രൂക്കിന്റേത്. 55 പന്തിൽ 100 റൺസെടുത്ത് പുറത്താകാതെ നിന്ന ബ്രൂക്ക് 12 ഫോറുകളും 3 സിക്സറുകളുമാണ് പറത്തിയത്

Apr 15, 2023 - 09:01
 0
IPL 2023| പൊരുതി തോറ്റ് കൊൽക്കത്ത; സൺറൈസേഴ്‌സിന് 23 റൺസിന്റെ വിജയം

ഐപിഎല്ലിൽ കൂറ്റൻ സ്കോർ പിറന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വിജയം. സീസണിലെ ഹൈദരാബാദിന്റെ രണ്ടാം വിജയമാണിത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 23 റണ്‍സിനാണ് സൺ റൈസേഴ്സ് തകര്‍ത്തത്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.  സെഞ്ചുറി നേടിയ ഹാരി ബ്രൂക്കിന്റെ മികവിലാണ് സണ്‍റൈസേഴ്‌സ് മികച്ച സ്കോർ സ്വന്തമാക്കിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി നായകന്‍ നിതീഷ് റാണയും റിങ്കു സിങ്ങും പരമാവധി പൊരുതിയെങ്കിലും കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനായില്ല. 

229 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കം അത്ര മെച്ചമായിരുന്നില്ല. 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ആതിഥേയര്‍ പരുങ്ങലിലായി

റഹ്‌മാനുള്ള ഗര്‍ബാസ് (0), വെങ്കടേഷ് അയ്യര്‍ (10), സുനില്‍ നരെയ്ന്‍ (0) എന്നിവരാണ് അതിവേഗം മടങ്ങിയത്. പിന്നീട് ക്രീസിലൊന്നിച്ച നാരായണ്‍ ജഗദീശനും നായകന്‍ നിതീഷ് റാണയും ചേര്‍ന്ന് ടീമിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു

ഉമ്രാന്‍ മാലിക്ക് എറിഞ്ഞ ആറാം ഓവറില്‍ 28 റണ്‍സടിച്ച് റാണ കൊടുങ്കാറ്റായി. നാല് ഫോറും രണ്ട് സിക്‌സും ഈ ഓവറില്‍ പിറന്നു.നാലാം വിക്കറ്റില്‍ ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

എന്നാല്‍ മികച്ച രീതിയില്‍ ബാറ്റുവീശിയ ജഗദീശനെ മടക്കി മായങ്ക് മാര്‍ക്കണ്ഡെ കൊല്‍ക്കത്തയ്ക്ക് വീണ്ടും തിരിച്ചടി നല്‍കി. 21 പന്തില്‍ 36 റണ്‍സുമായി താരം ക്രീസ് വിട്ടു. പിന്നാലെ വന്ന ആന്ദ്രെ റസ്സലിനെയും (3) മടക്കി മാര്‍ക്കണ്ഡെ കൊല്‍ക്കത്തയെ വിറപ്പിച്ചു

ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് നിതീഷ് റാണ തകര്‍ത്തടിച്ചു. വൈകാതെ താരം അര്‍ധസെഞ്ചുറി നേടി. റസ്സലിന് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ റിങ്കു സിങ് വന്നതോടെ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ കൈവന്നു.

16 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 159 ല്‍ എത്തിച്ചു. ഇതോടെ അവസാന നാലോവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 70 റണ്‍സായി ചുരുങ്ങി. 

നടരാജന്‍ എറിഞ്ഞ 17ാം ഓവറിലെ മൂന്നാം പന്തില്‍ റാണ പുറത്തായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി. 41 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 75 റണ്‍സെടുത്ത റാണയെ വാഷിങ്ടണ്‍ സുന്ദര്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ കൊല്‍ക്കത്ത വീണ്ടും പ്രതിരോധത്തിലായി. ആ ഓവറില്‍ 12 റണ്‍സാണ് പിറന്നത്.

റാണയ്ക്ക് പകരം ശാര്‍ദൂല്‍ ഠാക്കൂറാണ് ക്രീസിലെത്തിയത്. അവസാന മൂന്നോവറില്‍ കൊല്‍ക്കത്തയ്ക്ക് വിജയിക്കാന്‍ 58 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഭുവനേശ്വര്‍ ചെയ്ത 18-ാം ഓവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രമാണ് പിറന്നത്. ഇതോടെ സണ്‍റൈസേഴ്‌സിന് മേല്‍ക്കൈ വന്നു. 

19-ാം ഓവറില്‍ 16 റണ്‍സ് വന്നു. ഇതോടെ അവസാന ഓവറില്‍ 32 റണ്‍സായി കൊല്‍ക്കത്തയുടെ വിജയലക്ഷ്യം. ഇതിനിടെ റിങ്കു സിങ് വെറും 27 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി നേടി.അവസാന ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. ഇതോടെ സണ്‍റൈസേഴ്‌സ് വിജയം സ്വന്തമാക്കി. റിങ്കു സിങ് 31 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്തും ഉമേഷ് യാദവ് ഒരു റണ്ണെടുത്തും പുറത്താവാതെ നിന്നു.

സണ്‍റൈസേഴ്‌സിനായി മായങ്ക് മാര്‍ക്കണ്ഡെയും മാര്‍ക്കോ യാന്‍സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കാണ് സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ ബ്രൂക്ക് അവസാന പന്തുവരെ ക്രീസില്‍ നിന്ന് പൊരുതി. 55 പന്തുകളില്‍ നിന്ന് 12 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 100 റണ്‍സാണ് താരം നേടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow